കോവിഡ് കാലത്തെ പൊള്ളുന്ന അനുഭവങ്ങൾ പങ്കുവെക്കുന്ന 'മഹാമാരിയുടെ മാരക ദിനങ്ങൾ ' കോവിഡ് പ്രതിരോധത്തിന്റെ ഓർമ്മകൾ എന്ന പുസ്തകം മന്ത്രി വി അബ്ദുറഹിമാൻ പ്രകാശനം ചെയ്തു.മലപ്പും സിവിൽ സ്റ്റേഷനിലെ ചടങ്ങിലായിരുന്നു പ്രകാശനം ഗവൺമെന്റ് മെഡിക്കൽ കോളേജ് കോവിഡ് നോഡൽ ഓഫീസർ ഡോ. ഷിനാസ് ബാബുവും സാമൂഹ്യ പ്രവർത്തകനും കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളിയുമായ ഉമർ സഖാഫി മൂർക്കനാടും എഡിറ്റർമാരായ പുസ്തകം കോവിഡ് കാലത്ത് സമൂഹം നേരിട്ട കാര്യങ്ങൾ വിവരിക്കുന്നു.

കോവിഡ് പ്രതിരോധ മേഖലയിൽ ഇരുവർക്കുമുണ്ടായ നീറുന്ന അനുഭവങ്ങൾക്ക് പുറമേ മറ്റു ചിലരുടെയും അനുഭവങ്ങൾ പുസ്തകത്തിലുണ്ട്. കോവിഡ്കാലം എങ്ങനെയാണ് മനുഷ്യ സാഹോദര്യത്തെ ഉയർത്തിപ്പിടിച്ചതെന്നും പുസ്തകത്തിൽ പറയുന്നു. കോവിഡ് പ്രതിരോധത്തിൽ കേരളത്തിന്റെ മികച്ച പ്രകടനം പലരുടെയും അനുഭവത്തിലൂടെ വിവരിക്കുന്നുണ്ട്.സങ്കീർണമായ രോഗാവസ്ഥയിലൂടെ കടന്നുപോയവരുടെ അതിജീവന കഥകളും വായിക്കാനാകും.

ഡൽഹിയിൽ പ്രാണവായു ലഭിക്കാതെ ജീവനുകൾ പൊലിഞ്ഞു പോകുന്നതിന് ദൃസാക്ഷിയായ മിസ്സി കൗഷിക് തന്റെ പൊള്ളുന്ന അനുഭവങ്ങൾ പങ്കുവെക്കുന്നു. ഡൽഹിയിലെ ഓക്‌സിജൻ ക്ഷാമം എന്തുകൊണ്ട് സംഭവിച്ചു എന്നും അവർ വ്യക്തമാക്കുന്നുണ്ട്.

ആരോഗ്യ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, അദ്ധ്യാപകർ ,സന്നദ്ധ സേവന പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ തങ്ങളുടെ അനുഭവങ്ങൾ പുസ്തകത്തിൽ പങ്കുവെക്കുന്നുണ്ട്.കോഴിക്കോട് പൂങ്കാവനം ബോക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.