തിരുവനന്തപുരം : കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ആസ്ഥാനമന്ദിരോദ്ഘാടനവും ഒരുലക്ഷം രൂപ വീതമുള്ള എൻ. വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനികപുരസ്‌കാരം, ഡോ. കെ. എം. ജോർജ് സ്മാരക ഗവേഷണപുരസ്‌കാരം, എംപി.കുമാരൻ സ്മാരക വിവർത്തനപുരസ്‌കാരം എന്നിവയുടെ വിതരണവും 55-ാംവാർഷികാഘോഷത്തിന്റെ ഉദ്ഘാടനവും നാളെ (ഒക്ടോബർ 13ന് വെള്ളിയാഴ്ച) വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതിഭവനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ഫിഷറീസ്-സാംസ്‌കാരിക-യുവജനകാര്യവകുപ്പുമന്ത്രി ശ്രീ. സജി ചെറിയാൻ ആധ്യക്ഷ്യം വഹിക്കും. മന്ത്രിമാരായ വി. ശിവൻകുട്ടി, ഡോ. ആർ. ബിന്ദു, അഡ്വ.ജി. ആർ. അനിൽ, അഡ്വ. ആന്റണി രാജു എന്നിവർ മുഖ്യാതിഥികളാകും. അഡ്വ. വി.കെ. പ്രശാന്ത് എംഎ‍ൽഎ., മേയർ ആര്യ രാജേന്ദ്രൻ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ എൻ. മായ ഐ.എഫ്.എസ്., കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ, പി.ഡബ്ല്യു.ഡി. ബിൽഡിങ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഷൈല യു.എസ്. എന്നിവർ സംസാരിക്കും. എൻ. വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനികപുരസ്‌കാരജേതാവ് അഭിലാഷ് മലയിൽ, എം. പി. കുമാരൻ സ്മാരക വിവർത്തനപുരസ്‌കാരജേതാവ് ആശാലത, ഡോ. കെ. എം. ജോർജ് സ്മാരക ഗവേഷണപുരസ്‌കാര ജേതാക്കളായ ഡോ. അശോക് എ. ഡിക്രൂസ്, ഡോ.രതീഷ് ഇ. എന്നിവർ മുഖ്യമന്ത്രിയിൽ നിന്നും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങും. അക്കാദമിക-ഭരണവിഭാഗം ഉൾപ്പെടുന്ന പുതിയ ആസ്ഥാനമന്ദിരം നന്തൻകോട് നളന്ദയിൽ നിലവിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടത്തിന് പിറകിലാണ് നിർമ്മിച്ചിരിക്കുന്നത്.

5.30 മുതൽ എ.ആർ. ഷമീർ അവതരിപ്പിക്കുന്ന നാദതരംഗം ഓടക്കുഴൽ ഗാനമേള, പി.കെ. ബാലകൃഷ്ണന്റെ ഇനി ഞാൻ ഉറങ്ങട്ടെ എന്ന പ്രശസ്തമായ നോവലിനെ ആസ്പദമാക്കി പി.സുകന്യ അവതരിപ്പിക്കുന്ന മോഹിനിയാട്ടം, ടി. സുരേഷ്ബാബു സംവിധാനം ചെയ്ത് കോഴിക്കോട് നാടകഗ്രാമം അവതരിപ്പിക്കുന്ന ആയമ്മ എന്ന നാടകം, നാടൻ പാട്ട്, ഫ്യൂഷൻ മ്യൂസിക് തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും.

എൻ. വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനികപുരസ്‌കാരത്തിന് അഭിലാഷ് മലയിലിന്റെ 'റയ്യത്തുവാരി: കമ്പനിസ്റ്റേറ്റും പൊളിറ്റിക്കൽ എക്കോണമിയും: മലബാർ ജില്ലയെ ആസ്പദമാക്കിയുള്ള നിരീക്ഷണങ്ങൾ', എം. പി. കുമാരൻ സ്മാരക വിവർത്തനപുരസ്‌കാരത്തിന് Argumentative Indians എന്ന കൃതിയുടെ പരിഭാഷയായ താർക്കികരായ ഇന്ത്യക്കാർ എന്ന പുസ്തകത്തിനുമാണ് ഒരു ലക്ഷം രൂപ വീതമുള്ള പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള ഡോ. കെ. എം. ജോർജ് സ്മാരക ഗവേഷണപുരസ്‌കാരത്തിന് പദവർഗീകരണത്തിന്റെ അടിസ്ഥാനതത്വങ്ങൾ മലയാളവ്യാകരണ കൃതികൾ മുൻനിർത്തിയുള്ള പഠനം, ഇന്ത്യൻ സാംസ്‌കാരിക ദേശീയവാദവും മലയാളവിമർശനവും എന്നീ പ്രബന്ധങ്ങൾക്ക് ഡോ. അശോക് എ. ഡിക്രൂസ്, ഡോ.രതീഷ് ഇ. എന്നിവർക്ക് 50000 രൂപ വീതമുള്ള പുരസ്‌കാരം നൽകും.