കൊച്ചി: ദാമ്പത്യ ധർമ്മത്തെ വെല്ലുവിളിക്കുന്ന സ്വവർഗ്ഗവിവാഹത്തിന് നിയമസാധുതയില്ലെന്ന സുപ്രീം കോടതി വിധി ധാർമ്മികതയും ഭാരത സംസ്‌കൃതിയും ഉയർത്തിക്കാട്ടുന്നുവെന്ന് കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ.വി സി. സെബാസ്റ്റ്യൻ പറഞ്ഞു.

സ്വവർഗ്ഗവിവാഹങ്ങളെ ധാർമ്മികമായി അംഗീകരിക്കാൻ കത്തോലിക്കാ സഭയ്ക്കാവില്ല. പുരുഷനും സ്ത്രീയും വിവാഹം വഴിയുള്ള ദാമ്പത്യ ധർമ്മത്തിലൂടെ പ്രാപിക്കുന്ന സ്‌നേഹസമ്പൂർണ്ണതയും പ്രത്യുല്പാദന ഉത്തരവാദിത്വവും വിവാഹത്തെ മഹത്തരമാക്കുമ്പോൾ അതിനെ വെല്ലുവിളിക്കുന്ന കോടതി വിധികളും നിയമനിർമ്മാണങ്ങളും സമൂഹത്തിൽ അരക്ഷിതാവസ്ഥയും സംഘർഷങ്ങളും സൃഷ്ടിക്കും. സുപ്രീം കോടതിയുടെ അഞ്ചംഗബഞ്ചിലെ മൂന്നുപേരും സ്വവർഗ്ഗവിവാഹത്തിനെതിരെയെടുത്ത നിലപാട് പ്രതീക്ഷയും അഭിമാനവുമേകുന്നു.

സ്വവർഗ്ഗ വിവാഹങ്ങൾ സമൂഹത്തിന്റെ അടിസ്ഥാനമായ കുടുംബങ്ങളുടെ പവിത്രതയും ധാർമ്മികതയും നഷ്ടപ്പെടുത്തുന്നതാണ് കുടുംബ ബന്ധങ്ങളുടെ മഹത്വവും മൂല്യങ്ങളും നഷ്ടപ്പെടുത്തുന്ന നിയമനിർമ്മാണങ്ങൾ രാഷ്ട്രത്തിന്റെ പൈതൃകത്തേയും ആർഷഭാരത സാംസ്‌കാരിക പാരമ്പര്യങ്ങളെയും കളങ്കപ്പെടുത്തുമെന്ന് വി സി. സെബാസ്റ്റ്യൻ പറഞ്ഞു.

സ്വവർഗ്ഗവിവാഹങ്ങൾക്ക് നിയമപരമായ അംഗീകാരം നൽകേണ്ടത് പാർലമെന്റാണെന്നുള്ള സുപ്രീംകോടതിയുടെ നിരീക്ഷണവും മുഖവിലയ്‌ക്കെടുക്കണം.

കുടുംബങ്ങളുടെ ആത്മീയ അടിത്തറയും വിശുദ്ധിയും തകർക്കുന്നതും ആർഷഭാരത സംസ്‌കാരത്തെയും പൈതൃകത്തെയും വെല്ലുവിളിക്കുന്നതുമായ സ്വവർഗ്ഗനിയമനിർമ്മാണം അനുവദിക്കരുതെന്നാവശ്യപ്പെട്ട് കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ ചെയർമാൻ ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, സെക്രട്ടറി ഷെവലിയർ അഡ്വ.വി സി സെബാസ്റ്റ്യൻ എന്നിവർ രാഷ്ട്രപതിക്ക് 2023 മെയ് 11 ന് നിവേദനം നൽകിയിരുന്നു.