- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച് മെഡലുകൾ നേടിയ കേരളത്തിന്റെ സ്വന്തം കായികതാരങ്ങൾക്ക് സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു. സ്വർണ മെഡൽ ജേതാക്കൾക്ക് 25 ലക്ഷം രൂപയും, വെള്ളി മെഡൽ ജേതാക്കൾക്ക് 19 ലക്ഷം രൂപയും വെങ്കല മെഡൽ നേടിയവർക്ക് 12.5 ലക്ഷം രൂപയും പാരിതോഷികമായി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഇത്തവണ നാലു സ്വർണവും ആറു വെള്ളിയും രണ്ടു വെങ്കലവും ഉൾപ്പെടെ രാജ്യത്തിനു വേണ്ടി 12 മെഡലുകളാണ് മലയാളി താരങ്ങൾ സ്വന്തമാക്കിയത്. 400 മീറ്റർ റിലേയിൽ മുഹമ്മദ് അജ്മലും മുഹമ്മദ് അനസും ഹോക്കിയിൽ പി. ആർ. ശ്രീജേഷും ക്രിക്കറ്റിൽ മിന്നുമണിയുമാണ് സ്വർണം നേടിയത്. എച്ച്. എസ്. പ്രണോയ്, എം. ആർ. അർജുൻ, മുഹമ്മദ് അഫ്സൽ, മുഹമ്മദ് അജ്മൽ, എം. ശ്രീശങ്കർ, ആൻസി സോജൻ എന്നിവർ വെള്ളിയും പ്രണോയ്, ജിൻസൺ ജോൺസൺ എന്നിവർ വെങ്കലവും നേടി. ഏഷ്യൻ ഗെയിംസിലെ മലയാളി താരങ്ങളുടെ എക്കാലത്തേയും മികച്ച പ്രകടനമാണിത്.
മലയാളി താരങ്ങളുടെ നേട്ടം കേരളത്തിലെ കായിക മേഖലയ്ക്ക് പുത്തനുണർവ്വേകിയിരിക്കുകയാണ്. സമഗ്ര കായിക വികസനത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന പുതിയ കായിക നയം ഭാവിയിൽ കൂടുതൽ രാജ്യാന്തര ജേതാക്കളെ സൃഷ്ടിക്കുന്നതോടൊപ്പം താഴെത്തട്ടിൽ വരെ കായിക സാക്ഷരത ഉറപ്പു വരുത്തുക കൂടി ലക്ഷ്യമിട്ടുള്ളതാണ്. കായിക അടിസ്ഥാന സൗകര്യ വികസനത്തിലും സംസ്ഥാനം ഏതാനും വർഷമായി വലിയ മുന്നേറ്റമാണ് കാഴ്‌ച്ചവച്ചത്. തദ്ദേശ തല സ്പോർട്സ് കൗൺസിലുകളിലൂടേയും കായിക പ്രവർത്തനങ്ങൾ സംസ്ഥാനത്തുടനീളം സജീവമാക്കുന്നതിന് വിവിധ പദ്ധതികളും സർക്കാർ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു.