കാഞ്ഞങ്ങാട് : ഇരുപക്ഷത്തും ജീവനഷ്ടമടക്കമുള്ള മഹാനാശം വരുത്തിക്കുന്ന യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രവാസി കോൺഗ്രസ്സ് . സകലതും നഷ്ടപ്പെട്ടവരുടെ കഠിനദുഃഖമാണ് യുദ്ധമെന്നും, ചോരയുടെയും കണ്ണീരിന്റെയും മഹാപ്രവാഹത്തിൽ ദശാബ്ദങ്ങളായി തുടർദുരനുഭവങ്ങളേറെ സഹിച്ച ഈ മേഖലകളിലെ ജനതയ്ക്കുമേൽ ഇനിയും ആക്രമണവും ദുരിതങ്ങളും വർഷിക്കുന്നത് മനുഷ്യത്വത്തിനു നേരെയുള്ള കടന്നാക്രമണം തന്നെയായി കാണണമെന്ന് പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത്.

ഫലസ്തീൻ ജനതയ്ക്കും യുദ്ധക്കെടുതിയിൽ കഷ്ടപെടുന്നവർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രവാസി കോൺഗ്രസ്സ് സംഘടിപ്പിച്ച ദീപ പ്രോജ്ജ്വലന പരിപാടി പുതിയ കോട്ട മാന്തോപ്പ് മൈതാനിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പത്മരാജൻ.

മണ്ഡലം പ്രസിഡണ്ട് ബാലൻ കെ.വി. അധ്യക്ഷത വഹിച്ച പരിപാടിയിൽ എം.കുഞ്ഞികൃഷ്ണൻ, മുനിസിപ്പൽ കൗൺസിലർ കെ.കെ ബാബു, മനോജ് ഉപ്പിലിക്കൈ, സന്തു പുറവങ്കര, ഗംഗാധരൻ തൈക്കടപ്പുറം, പ്രദീപൻ പനങ്കാവ്, മുരളീധരൻ പടന്നക്കാട്, ഹൗസിങ് സൊസൈറ്റി പ്രസിഡണ്ട് തമ്പാൻ പി വി, സതീശൻ മുറിയനാവി, ഷിഹാബ് കാർഗിൽ, ഹാരിഫ് മാസ്റ്റർ, വിനീത് എച്ച് ആർ, വിനോദ് കുശാൽ നഗർ തുടങ്ങിയവർ സംസാരിച്ചു