- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രം ഗീതമാണെങ്കിൽ സ്വയംസേവകർ അതിന്റെ രാഗമാണ്: ശങ്കർ മഹാദേവൻ
നാഗ്പൂർ: രാഷ്ട്രം ഗീതമാണെങ്കിൽ ആർഎസ്എസ് പ്രവർത്തകർ അതിന് പിന്നിലെ രാഗമാണെന്ന് വിഖ്യാത ഗായകൻ പദ്്ര്രമശീ ശങ്കർ മാഹാദേവൻ. നാഗ്പൂരിൽ വിജയദശമി മഹോത്സവത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനസിനെ ത്രസിപ്പിക്കുന്നതാണ് ഇന്നത്തെ അനുഭവം. ഏതൊരാളുടെയും ജീവിതത്തിൽ വഴിത്തിരിവാകുന്ന മനോഹരമായ മുഹൂർത്തങ്ങളുണ്ടാകും. എന്റെ ജീവിതത്തിൽ അത് ഇതാണെന്ന് ഞാൻ കരുതുന്നു. സ്വയംസേവകരുടെ ലാളിത്യവും അച്ചടക്കവും എന്നെ ആകർഷിക്കുന്നു. നമ്മുടെ സംസ്‌കാരവും പൈതൃകവും സംരക്ഷിക്കുന്നതിൽ ആർഎസ്എസിന്റെ പങ്ക് സമാനതകളില്ലാത്തതാണ്. സർസംഘചാലക് മോഹൻജി ഭാഗവതുമായി സംസാരിക്കുന്നതുതന്നെ അവിസ്മരണീയമായ അനുഭവമാണ്, ശങ്കർ മഹാദേവൻ പറഞ്ഞു.
എല്ലാവരും അവരവരുടെ മേഖലയിലൂടെ നാടിന്റെ സംസ്‌കൃതിയും പൈതൃകവും മുന്നോട്ടുവയ്ക്കാൻ പരിശ്രമിക്കണം. എന്റേത് സംഗീതമേഖലയാണ്. ഭാരതീയ ശാസ്ത്രീയ സംഗീതം നല്കിയ മഹത്തായ സംഭാവനകളെ എന്റെ സപര്യയിലൂടെ ഞാൻ പ്രതിഫലിപ്പിച്ചുകൊണ്ടിരിക്കും, അദ്ദേഹം പറഞ്ഞു.
ഭിന്നത ആഗ്രഹിക്കുന്നവർക്ക് ഏകതയാണ് മറുപടി:സർസംഘചാലക്
നാഗ്പൂർ: സമാജത്തിൽ അവിശ്വാസത്തിന്റെയും ഭിന്നതയുടെയും അന്തരീക്ഷം സൃഷ്ടിക്കുന്ന ശക്തികളുടെ തന്ത്രങ്ങളിൽ കുടുങ്ങരുതെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ഭിന്നത ആഗ്രഹിക്കുന്നവർക്കുള്ള മറുപടി ഏകതയാണ്. പരസ്പരം സ്വന്തമെന്ന ഭാവമുണ്ടാകുമ്പോഴാണ് ഐക്യം രൂപപ്പെടുന്നത്. നമ്മൾ ഒന്നായത് ഒരേ പൂർവികരുടെ പരമ്പരയായതിനാലാണ്, ഒരേ മാതൃഭൂമിയുടെ മക്കളായതിനാലാണ്. മാതൃഭൂമിയോടുള്ള ഭക്തി, പൂർവികരിലുള്ള അഭിമാനം, സമാന സംസ്‌കൃതി എന്നിവയാണ് രാഷ്ട്രഏകതയുടെ പൊട്ടാത്ത ചരട്, സർസംഘചാലക് പറഞ്ഞു. രേശിംബാഗ് മൈതാനത്ത് ആർഎസ്എസ് സംഘടിപ്പിച്ച വിജയദശമി മഹോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാൽ ഐക്യത്തിന്റെ ഈ ഭാവത്തെ തകർക്കാനാണ് രാഷ്ട്രവിരുദ്ധ ശക്തികൾ ടൂൾകിറ്റുകൾ സൃഷ്ടിക്കുന്നത്. അവർ ചെറിയ ചെറിയ സംഭവങ്ങളെ പെരുപ്പിച്ച് കാട്ടും. ഭയം വളർത്തും. അസത്യങ്ങൾ പ്രചരിപ്പിച്ച് അസ്വസ്ഥതകൾ സൃഷ്ടിക്കും. സമാജത്തിന്റെ ഒരുമ ആഗ്രഹിക്കുന്ന എല്ലാവരും ഇത്തരം മരണക്കളികളിൽപെടാതെ ഒഴിഞ്ഞുനില്ക്കണം, അദ്ദേഹം പറഞ്ഞു.
എല്ലാ നന്മകളെയും എതിർക്കുന്ന ചിലരുണ്ട്. കൾച്ചറൽ മാർക്സിസ്റ്റുകൾ അഥവാ വോക്കിസ്റ്റുകൾ എന്നാണ് അവരെ വിളിക്കുന്നത്. വിവാഹം സംസ്‌കാരം തുടങ്ങി എല്ലാ നല്ല സംവിധാനങ്ങളെയും എതിർക്കും. മറ്റുള്ളവർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്ന് തെറ്റിദ്ധാരണ പരത്തി ഏതെങ്കിലും പ്രത്യയ ശാസ്ത്രത്തിന്റെ കുപ്പായത്തിൽ ഒളിക്കും. മാധ്യമങ്ങളെയും അക്കാദമികളെയും കൈയിലെടുത്ത് വിദ്യാഭ്യാസം, സാംസ്‌കാരികം, രാജനീതി തുടങ്ങി എല്ലാറ്റിലും സമാജത്തിലുടനീളം തെറ്റിദ്ധാരണയും ഭിന്നതയും സൃഷ്ടിക്കും. അപവാദപ്രചരണമാണ് അവരുടെ കാര്യപദ്ധതി. അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനും പ്രചാരവും അംഗീകാരവും നല്കലാണ് അവർ ചെയ്യുന്നത്.
മണിപ്പൂരിലെ അവസ്ഥയ്ക്ക് പിന്നിൽ ഒരുപാട് സംശയങ്ങളുണ്ട്. എന്തുകൊണ്ടാണ് പൊടുന്നനെ ഇങ്ങനെ ഒരു സാഹചര്യമുണ്ടായത്. സംഘർഷത്തെ വർഗീയവൽക്കരിക്കാനുള്ള ശ്രമം എന്തിന് ആര് ചെയ്തു? വർഷങ്ങളായി അവിടെ സമഭാവത്തോടെ സേവനം ചെയ്യുന്ന ആർഎസ്എസ് പോലുള്ള സംഘടനയെ ഒരു കാരണവുമില്ലാതെ ഇതിലേക്ക് വലിച്ചിടാൻ ശ്രമിച്ചതിന് പിന്നിൽ ആരുടെ സ്വാർത്ഥതയാണ്? അശാന്തി സൃഷ്ടിക്കുന്നതുകൊണ്ട് ലാഭമുണ്ടാകുന്ന ഏതെങ്കിലും വിദേശ ഭരണകൂടത്തിന്റെ താത്പര്യങ്ങളിതിലുണ്ടോ? തെക്ക് കിഴക്കൻ ഏഷ്യയിൽ വർഷങ്ങളായുള്ള ഭൂ രാഷ്ട്രീയ പ്രശ്നങ്ങൾ ഇതിന് കാരണമായിട്ടുണ്ടോ? രാജ്യത്ത് ശക്തമായ ഭരണകൂടമുണ്ടായിട്ടും ആരുടെ ബലത്തിലാണ് ഇത്രയും കാലമായി അവിടെ സംഘർഷം തുടരുന്നത്, തുടങ്ങി നിരവധി ചോദ്യങ്ങളുണ്ട്. സംഘർഷത്തിലേർപ്പെട്ടവർ സമാധാനത്തിന്റെ വഴിയിൽ ചില നീക്കങ്ങൾ നടത്തുന്ന സമയത്ത് പുതിയ പ്രശ്നങ്ങൾ കുത്തിപ്പൊക്കുകയാണ്. ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സർക്കാരുകളുടെ ഇച്ഛാശക്തി മാത്രം പോരാതെ വരും, ജനങ്ങളിലുടലെടുത്ത അവിശ്വാസം പരിഹരിക്കാൻ അവരെ ബോധവത്കരിക്കാൻ പ്രാപ്തരായ സജ്ജനങ്ങളുടെ നേതൃത്വം വേണം, മോഹൻ ഭാഗവത് പറഞ്ഞു.
ഏത് സാഹചര്യത്തിലും, എത്ര അന്യായമായാലും, ക്രമസമാധാനവും അച്ചടക്കവും ഭരണഘടനയും നിർബന്ധമായും പാലിക്കണം. ഒരു സ്വതന്ത്ര രാഷ്ട്രത്തിൽ ഈ അച്ചടക്കം ദേശസ്നേഹത്തിന്റെ പ്രകടനമാണ്. പ്രകോപനപരമായ പ്രചാരണങ്ങളിലും തുടർന്നുയരുന്ന ആരോപണ, പ്രത്യാരോപണങ്ങളിലും കുടുങ്ങരുത്. സത്യവും ആത്മീയതയും പ്രചരിപ്പിക്കാൻ മാധ്യമങ്ങളെ പ്രേരിപ്പിക്കണം. നിയമങ്ങളെയും ഭരണഘടനയെയും സമാജത്തെയും സംരക്ഷിക്കുന്നതിന് ആദ്യം ചെയ്യേണ്ടത് അതിനായുള്ള സർക്കാരിന്റെ ഉചിതമായ നടപടികളോട് സഹകരിക്കുക എന്നതാണ്.
ലോക്സഭാ തെരഞ്ഞെടുപ്പാണ് വരുന്നത്. വികാരങ്ങൾ ആളിക്കത്തിച്ച് വോട്ട് നേടാനുള്ള ശ്രമങ്ങൾ ആശാസ്യമല്ലെങ്കിലും അത് നടക്കുന്നു. സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഇത്തരം കാര്യങ്ങളിൽ ഒഴിവാകണം. രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, അസ്മിത, വികസനം തുടങ്ങിയ വിഷയങ്ങൾ പരിഗണിച്ച് എല്ലാവരും വോട്ട് രേഖപ്പെടുത്തണം, സർസംഘചാലക് പറഞ്ഞു.
പരിപാടിയിൽ ഗായകൻ ശങ്കർ മഹാദേവൻ മുഖ്യാതിഥിയായി. സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ, വിദർഭ പ്രാന്തസംഘചാലക് രാംജി ഹർകരെ, നാഗ്പൂർ മഹാനഗർ സംഘചാലക് രാജേഷ് ലോയ, സഹസംഘചാലക് ശ്രീധർ ഗാഡ്ഗെ എന്നിവർ പങ്കെടുത്തു.
ഓരോ മനസിലും ശ്രീരാം ലല്ലയെ പ്രതിഷ്ഠിക്കണം
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ ശ്രീരാംലല്ലയുടെ പ്രാണപ്രതിഷ്ഠ നടക്കുമ്പോൾ ഓരോ മനസിലും അയോധ്യ ഉണരണം. ജനുവരി 22 ന് പ്രാണപ്രതിഷ്ഠ ഉണ്ടാകുമെന്ന് പ്രഖ്യാപനം വന്നിരിക്കുന്നു. സുരക്ഷാകാരണങ്ങളും സൗകര്യങ്ങളിലും മറ്റുമുള്ള പ്രതിസന്ധികളും കൊണ്ട് ഈ ശുഭമുഹൂർത്തത്തിൽ വളരെ കുറച്ച് ആളുകൾക്കേ പങ്കെടുക്കാനാവുകയുള്ളൂ. ശ്രീരാമൻ നമ്മുടെ ദേശീയാചരണത്തിന്റെ ആദരവിന്റെയും കർത്തവ്യപാലനത്തിന്റെയും കരുണയുടെയും സ്നേഹത്തിന്റെയും പ്രതീകമാണ്. അത്തരത്തിലുള്ള ഒരു അന്തരീക്ഷം എല്ലാ സ്ഥലങ്ങളിൽ സൃഷ്ടിക്കണം. ഓരോ ഹൃദയത്തിലും ശ്രീരാമലല്ലയുടെ പ്രതിഷ്ഠ നടക്കണം. എല്ലായിടത്തും സ്നേഹത്തിന്റെയും സദ്ഭാവനയുടെയും അന്തരീക്ഷം ഉയർത്തി ചെറിയ ചെറിയ പരിപാടികൾ സംഘടിപ്പിക്കണം.
ഹിമാലയൻ മേഖലയെ ഒറ്റ ഘടകമായി പരിഗണിക്കണം
നാഗ്പൂർ: അതിർത്തി സുരക്ഷ, ജലസുരക്ഷ, പാരിസ്ഥിതിക ആരോഗ്യം എന്നിവ പരിഗണിച്ച് ഹിമാലയൻ മേഖലയെ ഒറ്റ ഘടകമായി പരിഗണിക്കണമെന്ന് ആർഎസ്എസ് സർസംഘചാലക്. ഈ പ്രദേശം ഭൂഗർഭശാസ്ത്രത്തിന്റെ ദൃഷ്ടിയിൽ, പുതിയതും വീണ്ടുംവീണ്ടും നവീകരിക്കുന്നതും അതുകൊണ്ടുതന്നെ അസ്ഥിരവുമാണ്. ഭൂമിയുടെ സവിശേഷതയോ ജലസ്രോതസുകൾ, ജൈവവൈവിധ്യങ്ങൾ തുടങ്ങിയ പ്രത്യേകതകളോ പരിഗണിക്കാതെയാണ് ഇവിടെ ഏകപക്ഷീയമായ വികസന പദ്ധതികൾ നടപ്പാക്കിയത്. ഇതിന്റെ ഫലമായാണ് ഹിമാലയൻ മേഖലയും അതുവഴി രാജ്യം മുഴുവനും പ്രതിസന്ധിയുടെ വക്കിലായത്. കിഴക്ക്, തെക്കുകിഴക്കൻ രാജ്യങ്ങളിലെല്ലാം ജലം നല്കുന്നത് ഈ മേഖലയാണ്. ഇതേ മേഖലയിലാണ് ഭാരതത്തിന്റെ വടക്കൻ അതിർത്തിയിൽ വർഷങ്ങളായി ചൈനയുടെ മുട്ട് നമ്മൾ കേൾക്കുന്നത്. അതുകൊണ്ട് ഈ പ്രദേശത്തിന് നിർണായകമായ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം നാഗ്പൂരിലെ വിജയദശമി പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി.
രാഷ്ട്രം ഉണരുന്നത് ലോകത്തിന് ശാന്തി പകരാൻ:
ഡോ. മോഹൻ ഭാഗവത്
നാഗ്പൂർ: മതഭ്രാന്തും തീവ്രവാദവും പാരിസ്ഥിതികപ്രശ്നങ്ങളും മൂലം ഉലയുന്ന ലോകം ഭാരതത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്. സ്വാർത്ഥത മൂലമുള്ള പരസ്പരസംഘർഷങ്ങൾ ഉക്രൈനും ഗസ്സയും പോലെ യുദ്ധസമാനമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു പ്രകൃതിവിരുദ്ധ ജീവിത ശൈലി, അതിരില്ലാത്ത ഉപഭോഗം എന്നിവ മൂലം പുതിയ പുതിയ രോഗങ്ങൾ ഉയർന്നുവരുന്നു. കുടുംബങ്ങൾ തകരുന്നു. പ്രകൃതിദുരന്തങ്ങൾ വർഷംതോറും വർധിക്കുന്നു. തീവ്രവാദത്തിനും ചൂഷണത്തിനും അമിതാധികാരവാദത്തിനും തുറന്ന മൈതാനങ്ങൾ ലഭിക്കുന്നു. പരിഹരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട വഴികളെ ഉപേക്ഷിച്ച് ലോകം ഭാരതീയ മൂല്യങ്ങളിലേക്ക് തിരിയുകയാണ്. വിശ്വമാകെ സുഖശാന്തിമയമായ പുതുജീവിതത്തിന്റെ വരദാനം പ്രദാനം ചെയ്യുകയാണ് ആധുനിക കാലത്ത് നമ്മുടെ അനശ്വര രാഷ്ട്രത്തിന്റെ നവോത്ഥാനത്തിന്റെ ലക്ഷ്യം,അതിന് അനുഗുണമായ പാത നാം മുന്നോട്ടുവയ്ക്കണം. അധിനിവേശ മാനസികാവസ്ഥയിൽ നിന്ന് മുക്തമായി ലോകത്തിൽ നിന്ന് ദേശാനുകൂലമായതെന്തോ അത് സ്വീകരിക്കണം. നമ്മുടെ രാജ്യത്ത് എന്താണോ ഉള്ളത് അതിനെ കാലാനുസൃതമാക്കി സ്വ ആധാരിതമായ സ്വദേശി വികാസപഥം സ്വീകരിക്കണം.
2025ൽ സംഘം നൂറ് വർഷം പൂർത്തിയാക്കുന്നു. സംഘപ്രവർത്തനത്തിന്റെ ഫലമായി സമാജത്തിന്റെയാകെ പെരുമാറ്റത്തിലും സംസാരത്തിലും ദേശത്തോടുള്ള മമതാ ഭാവം നിറയണം. ക്ഷേത്രം, വെള്ളം, ശ്മശാനം തുടങ്ങി ഭേദഭാവം ഇനിയും എവിടെയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അത് സമ്പൂർണമായും അവസാനിപ്പിക്കണം.
കുടുംബത്തിലെ എല്ലാ അംഗങ്ങളിലും ശുഭകാര്യങ്ങൾ നിത്യവും സംസാരിക്കുന്നതിന്റെ, സംസ്‌കാരം നിറഞ്ഞ പെരുമാറ്റത്തിന്റെ ശീലം വളരണം. ജലം സംരക്ഷിച്ച്, പ്ലാസ്റ്റിക് വിമുക്തമാക്കി, മുറ്റങ്ങളിൽ പച്ചപ്പ് നിറച്ച് പ്രകൃതിയുമായുള്ള ബന്ധം ശക്തമാക്കണം. സ്വദേശി ആചരണത്തിലൂടെ സ്വ നിർഭരതയും സ്വാവലംബനവും വളർത്തണം. ധൂർത്ത് അവസാനിപ്പിക്കണം. രാജ്യത്ത് തൊഴിൽ അവസരങ്ങൾ വർധിക്കുകയും സമ്പത്ത് രാജ്യത്തിനുള്ളിൽത്തന്നെ വിനിയോഗിക്കുകയും വേണം. സ്വദേശി ആചരണം വീടിനുള്ളിൽനിന്ന് ആരംഭിക്കണം. നിയമങ്ങളും പൗരധർമ്മവും പാലിക്കുകയും സമാജത്തിൽ പരസ്പര സൗഹാർദ്ദം ഉണ്ടാകുകയും വേണം. ഒപ്പം സഹകരണ മനോഭാവം എല്ലായിടത്തും വ്യാപകമാകണം. ഇക്കാര്യങ്ങൾ ചെയ്യുന്നതിന് പരിശീലനം ആവശ്യമാണ്. ചെറിയ ചെറിയ കാര്യങ്ങളിൽ തുടങ്ങി, തുടർച്ചയായ അഭ്യാസത്തിലൂടെ ഈ ആചരണങ്ങൾ നമ്മുടെ ശീലമായി മാറണം. ഭരണകൂടവും സമാജത്തിലെ സജ്ജനങ്ങളും സമാജഹിതത്തിനായി ചെയ്യുന്ന, ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളിലും സംഘപ്രവർത്തകരുടെ പങ്കാളിത്തം എപ്പോഴുമുണ്ടാകുമെന്ന് സർസംഘചാലക് പറഞ്ഞു.