- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കായിക വകുപ്പിനു പുതിയ ആസ്ഥാന മന്ദിരം വരുന്നു; കായിക ഭവൻ നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമായി
തിരുവനന്തപുരം: കായിക വകുപ്പിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടു വരുന്നതിനായി വിഭാവനം ചെയ്ത പുതിയ കായിക ഭവൻ സമുച്ചയത്തിന്റെ ആദ്യ ഘട്ട നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമായി. കായിക മേഖലയിലെ പശ്ചാത്തല സൗകര്യ വികസനത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് പുതിയ കായിക ഭവൻ നിർമ്മിക്കുന്നത്. നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം കായിക, യുവജനകാര്യ വകുപ്പു മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. തിരുവനന്തപുരം വാന്റോസ് ജങ്ഷനു സമീപം 29.55 സെന്റ് ഭൂമിയിലാണ് കായിക വകുപ്പിനു സ്വന്തമായി ഏഴു നില സമുച്ചയം രണ്ടു ഘട്ടങ്ങളിലായി നിർമ്മിക്കുന്നത്.
ആദ്യ ഘട്ട നിർമ്മാണ പ്രവൃത്തികൾക്കായി സർക്കാർ 8.50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ ആദ്യ മൂന്ന് നിലകളാണ് ഒന്നാം ഘട്ടത്തിൽ നിർമ്മിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. ഒമ്പത് മാസം കൊണ്ട് ഒന്നാംഘട്ട പ്രവൃത്തി പൂർത്തീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. വിശാലമായ ഓഫീസ് ഏരിയകൾ, പാർക്കിങ്, സുരക്ഷാ സംവിധാനങ്ങൾ, ശുചിമുറികൾ, മഴവെള്ള സംഭരണി, കുടിവെള്ള സംഭരണി തുടങ്ങിയ സൗകര്യങ്ങളും കായിക ഭവൻ സമുച്ചയത്തിലുണ്ടാകും.
കായിക ഭരണം സുഗമമാക്കാൻ പുതിയ ആസ്ഥാന സമുച്ചയം സഹായകമാകും. ഗ്രാമീണതലത്തിൽ കളിക്കളങ്ങൾ, ആധുനിക സൗകര്യങ്ങളോടു കൂടിയ സ്റ്റേഡിയങ്ങൾ, സിന്തറ്റിക് ട്രാക്കുകകൾ, സ്വിമ്മിങ് പുൾ, സ്പോർട്സ് ടൂറിസം പദ്ധതികൾ, വിദ്യാർത്ഥികൾക്കു വേണ്ട കായിക പരിശീലന കളരികൾ, ഫിറ്റ്നസ് സെന്ററുകൾ, സ്പോർട്സ് മെഡിസിൻ സെന്ററുകൾ, സ്പോർട്സ് സയൻസ് സെന്ററുകൾ, എന്നീ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നത്.
സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നും ഏകദേശം 360 കോടി രൂപയുടേയും കിഫ്ബി ധനസഹായത്തോടെ 14 ജില്ലാ സ്റ്റേഡിയങ്ങൾക്കും, 44 പഞ്ചായത്ത് / മുനിസിപ്പൽ സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നതിനുമായി ഏകദേശം 1100 കോടി രൂപയുടേയും ആസ്തി വികസന പ്രവൃത്തികൾ നിലവിൽ കായിക വകുപ്പിനു കീഴിൽ നടന്നു വരുന്നുണ്ട്.