പാലാ: മുൻ രാഷ്ട്രപതി കെ ആർ നാരായണന്റെ ജീവചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കെ ആർ നാരായണൻ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ആവശ്യപ്പെട്ടു. കെ ആർ നാരായണന്റെ നൂറ്റിമൂന്നാമത് ജന്മവാർഷികദിനത്തോടനുബന്ധിച്ചു കെ ആർ നാരായണൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുരിതപൂർണ്ണമായ സാഹചര്യത്തിൽ പ്രതിസന്ധികളോട് പൊരുതി രാജ്യത്തിന്റെ പരമോന്നത പദവിയിൽ എത്തിയ കെ ആർ നാരായണന്റെ ജീവിതം സമാനതകളില്ലാത്തതാണ്. തലമുറകളെ പ്രചോദിപ്പിക്കാനും അവർക്കു വഴികാട്ടിയാവാനും കെ ആർ നാരായണന്റെ ജീവചരിത്ര പഠനത്തിലൂടെ സാധിക്കുമെന്നും എബി ജെ ജോസ് ചൂണ്ടിക്കാട്ടി. ജീവചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി കെ ആർ നാരായണന് ആദരവ് നൽകണമെന്നും ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ഡോ സിന്ധുമോൾ ജേക്കബ് അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പിൽ, അനൂപ് ചെറിയാൻ, അഡ്വ ആഷ്മി ജോസ്, ബിനു പെരുമന എന്നിവർ പ്രസംഗിച്ചു.

പ്രൊഫ വി ജെ ജോസഫ് സത്യസന്ധനായ പൊതുപ്രവർത്തകൻ

ഭരണങ്ങാനം: മുൻ എം എൽ എ വി ജെ ജോസഫിന്റെ ജീവചരിത്ര പുസ്തകമായ പ്രൊഫ വി ജെ ജോസഫ് എക്‌സ് എം എൽ എ കാലത്തിനു മുമ്പേ നടന്ന പൊതുപ്രവർത്തകൻ എന്ന പുസ്തകത്തെക്കുറിച്ച് സംഘടിപ്പിച്ച അവലോകനവും പ്രൊഫ വി ജെ ജോസഫിനെ ആദരിക്കലും അരുവിത്തുറ സെന്റ് ജോർജ് പള്ളി വികാരി ഫാ അഗസ്റ്റിൻ പാലക്കാപറമ്പിൽ ഉദ്ഘാടനം ചെയ്തു. സത്യസന്ധനായ പൊതുപ്രവർത്തകനെന്ന നിലയിലാണ് പ്രൊഫ വി ജെ ജോസഫിന് സമൂഹത്തിലെ സ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു. ആന്റോ മാങ്കൂട്ടം പുസ്തക പരിചയം നടത്തി. ഡോ പി ജെ സെബാസ്റ്റ്യൻ, പ്രൊഫ കെ പി ജോസഫ്, അഡ്വ സിറിയക് കുര്യൻ, ബിഷപ്പ് വയലിൽ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എബി ജെ ജോസ്, പ്രൊഫ കെ പി ആഗസ്തി എന്നിവർ പ്രസംഗിച്ചു. പ്രൊഫ വി ജെ ജോസഫ് മറുപടി പ്രസംഗം നടത്തി. ഡോ പി ജെ സെബാസ്റ്റ്യൻ, പ്രൊഫ കെ പി ആഗസ്തി, പ്രൊഫ ഡാന്റി ജോസഫ് എന്നിവർ ചേർന്നാണ് പുസ്തകം രചിച്ചത്.