- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്മരാജൻ സാഹിത്യ, സിനിമാ അവാർഡുകൾക്കൊപ്പം പ്രഥമ 'എയർ ഇന്ത്യ എക്സ്‌പ്രസ് ടെയിൽസ് ഓഫ് ഇന്ത്യ' അവാർഡും സമ്മാനിച്ചു
തിരുവനന്തപുരം: സംവിധായകൻ പത്മരാജന്റെ പേരിലുള്ള പത്മരാജൻ സ്മാരക ട്രസ്റ്റ് വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്‌പ്രസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഈ വർഷത്തെ പത്മരാജൻ അവാർഡുകൾ വിതരണം ചെയ്തു. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ മികച്ച നോവലിന് എം മുകുന്ദൻ, മികച്ച ചെറുകഥയ്ക്ക് വി.ജെ. ജെയിംസ്, മികച്ച ചലച്ചിത്രസംവിധാനത്തിന് ലിജോ ജോസ് പെല്ലിശ്ശേരി, മികച്ച തിരക്കഥയ്ക്ക് ശ്രുതി ശരണ്യം എന്നിവർ പത്മരാജൻ പുരസ്‌ക്കാരം ഏറ്റുവാങ്ങി. സംവിധായകൻ ടി.വി. ചന്ദ്രൻ അവാർഡുകൾ സമ്മാനിച്ചു. ഈ വർഷം മുതൽ നൽകുന്ന മലയാള എഴുത്തുകാരുടെ ശ്രദ്ധേയമായ ആദ്യകൃതിക്കുള്ള 'എയർ ഇന്ത്യ എക്സ്‌പ്രസ് ടെയിൽസ് ഓഫ് ഇന്ത്യ' അവാർഡ് കെ എൻ പ്രശാന്തിന് സമ്മാനിച്ചു. പ്രശാന്തിന്റെ ആദ്യ നോവലായ 'പൊനം' ആണ് അവാർഡിനർഹമായത്.
സാറാ ജോസഫിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. എഴുത്തുകാരുടെ ശ്രദ്ധേയമായ ആദ്യകൃതിയെ അംഗീകരിക്കുന്നതിനാണ് 'എയർ ഇന്ത്യ എക്സ്‌പ്രസ് ടെയിൽസ് ഓഫ് ഇന്ത്യ' അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിന്റെ ചിറകിന്റെ മാതൃകയിലുള്ള ക്രിസ്റ്റൽ അവാർഡ് ശില്പവും എയർ ഇന്ത്യ എക്സ്പ്രസിന്റെ വിപുലമായ നെററ് വർക്കിനുള്ളിൽ ഇഷ്ടമുള്ള ഇടത്തേക്ക് പോയിവരാനുള്ള വൗച്ചറും കെ. എൻ. പ്രശാന്തിന് സമ്മാനിച്ചു. സാഹിത്യപ്രതിഭകളെ പരിപോഷിപ്പിക്കാനുള്ള എയർലൈനിന്റെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നു ഈ അവാർഡ്.
''എന്റെ ആദ്യ നോവൽ തന്നെ പ്രധാനപ്പെട്ട ഈ അവാർഡിന് തെരഞ്ഞടുത്തതിൽ പ്രശസ്ത എഴുത്തുകാരി സാറാ ജോസഫിന്റെ നേതൃത്വത്തിലുള്ള ജൂറിക്ക് നന്ദി പറയുന്നു. എയർ ഇന്ത്യാ എക്സ്പ്രസിന്റെ ഈ ഉദ്യമം മലയാളത്തിലെ പുതിയ എഴുത്തുകാർക്കും മലയാള ഭാഷയ്ക്കും ഉള്ള വലിയ അംഗീകാരമായാണ് കാണുന്നത്.'' - അവാർഡ് ഏറ്റുവാങ്ങിക്കൊണ്ട് കെ.എൻ പ്രശാന്ത് പറഞ്ഞു.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ വർഷത്തെ പത്മരാജൻ പുരസ്‌കാരം നേടിയ 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തിന്റെ പ്രദർശനവും പ്രദീപ് പനങ്ങാട് എഡിറ്റ് ചെയ്ത 'ഓർമകളിൽ പത്മരാജൻ' എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. നടൻ അജു വർഗീസ് ചടങ്ങിൽ സംസാരിച്ചു.
പത്മരാജൻ ട്രസ്റ്റ് കുടുംബത്തിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിനെ സ്വാഗതം ചെയ്യുകയാണെന്ന് പി പത്മരാജന്റെ മകനും എഴുത്തുകാരനുമായ പി അനന്തപത്മനാഭൻ പറഞ്ഞു. എയർ ഇന്ത്യ എക്സ്പ്രസുമായുള്ള പങ്കാളിത്തത്തിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. കേരളീയ സംസ്‌കാരത്തോടും മലയാളികളോടും എയർ ഇന്ത്യാ എക്സ്പ്രസ് കാട്ടുന്ന പ്രതിബദ്ധതയിൽ എയർലൈനെ അഭിനന്ദിക്കുന്നു. എല്ലാ അവാർഡ് ജേതാക്കളെയും അവരുടെ നേട്ടങ്ങളിൽ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പത്മരാജൻ ട്രസ്റ്റുമായി ചേർന്ന് ചെറുപ്പക്കാർക്കായി സാഹിത്യ-ചലച്ചിത്ര ശിൽപശാലകൾ സംഘടിപ്പിക്കുമെന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് അറിയിച്ചു