കോട്ടയം: കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പിന്നോക്കാവസ്ഥ പഠിച്ച് ക്ഷേമ പദ്ധതികൾ സമർപ്പിക്കാൻ നിയമിച്ച ജെ. ബി കോശി കമ്മീഷൻ സംസ്ഥാന സർക്കാരിന് സമർപ്പിച്ചിരിക്കുന്ന ക്രൈസ്തവ ക്ഷേമ ശുപാർശകൾ സമയബന്ധിതമായി നടപ്പിലാക്കണമെന്നും റിപ്പോർട്ടിന്റെ പൂർണരൂപം പുറത്തുവിടണമെന്നും കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ: വി സി സെബാസ്റ്റ്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചു.

2023 മെയ് 17ന് സമർപ്പിച്ച പഠന റിപ്പോർട്ടിന്റെ ഒരധ്യായത്തിൽ സൂചിപ്പിച്ചിരിക്കുന്ന ശുപാർശകൾ മാത്രമാണ് പുറത്തു വന്നിരിക്കുന്നത്. വിവിധ സർക്കാർ വകുപ്പുകൾ രണ്ടാഴ്ചക്കുള്ളിൽ ശുപാർശകൾ നടപ്പിലാക്കാനുതകുന്ന നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനെ തുടർന്ന് സർക്കാർ ഉത്തരവുകളും പുറത്തിറങ്ങേണ്ടതായിട്ടുണ്ട്. വരാൻപോകുന്ന പൊതുതെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് നിർദ്ദിഷ്ട ശുപാർശകൾ നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സർക്കാർ നിർവഹിക്കണം.

ജെ.ബി കോശി കമ്മീഷൻ രണ്ടര വർഷക്കാലം സംസ്ഥാനത്തുടനീളം നേരിട്ട് നടത്തിയ പഠനങ്ങളുടെയും ചർച്ചകളുടെയും തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ സമർപ്പിച്ചിരിക്കുന്ന വിവിധ അധ്യായങ്ങളിൽ ഉള്ള പഠനങ്ങളും പൊതുസമൂഹത്തിന്റെ അറിവിലേക്കായി സർക്കാർ പുറത്തിറക്കണം. ക്ഷേമ പദ്ധതി ശുപാർശകൾ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ മാത്രമല്ല മലയോര തീരദേശ മേഖലയിലെ എല്ലാ ജനവിഭാഗങ്ങളുടെയും ജീവിത പ്രതിസന്ധികളും പിന്നോക്കാവസ്ഥയും വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. ശുപാർശ ചെയ്തിരിക്കുന്ന ക്ഷേമ പദ്ധതികൾ നടപ്പിലാക്കാനുള്ള അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും റിപ്പോർട്ടിന്റെ പൂർണ്ണരൂപം പുറത്തു വിടണമെന്നും വി സി സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു