- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സാപിയൻസ്' പ്രദർശനം വൈജ്ഞാനിക കേരളത്തിന്റെ മുഖക്കണ്ണാടിയാവും: മന്ത്രി ഡോ. ആർ ബിന്ദു
കേരളത്തിന്റെ വൈജ്ഞാനിക സമ്പദ്-വ്യവസ്ഥാ രംഗത്തെ പുരോഗതിയും നേട്ടങ്ങളും ഉയർത്തിക്കാട്ടുന്ന സാപിയൻസ് 2023 പ്രദർശനം 'കേരളീയം' ഉത്സവത്തിലെ മുഖ്യ ആകർഷണമാകുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. മുതിർന്ന പൗരരുടെയും ഭിന്നശേഷിജനതയുടെയും വിഭവശേഷി കേരള വികസനത്തിന് മുതൽക്കൂട്ടാക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങളെ ഷോക്കേസ് ചെയ്യുന്നതുകൂടിയാവും 'സാപ്പിയൻസ്' പ്രദർശനമെന്ന് മന്ത്രി പറഞ്ഞു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലാണ് നവംബർ ഒന്ന് മുതൽ ഏഴു വരെ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പുകൾ ഒരുക്കുന്ന 'സാപ്പിയൻസ്' പ്രദർശനം. 38 സ്റ്റാളുകളിലായി നടക്കുന്ന 'സാപ്പിയൻസ്' പ്രദർശനത്തിൽ വിവിധ സർവ്വകലാശാലകളും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റും സാമൂഹ്യനീതി ഡയറക്ടറേറ്റും അസാപ്പും കെ-ഡിസ്‌കും എൽബിഎസും സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയും എൻ എസ് എസും സി-ആപ്റ്റും കെയ്സും (കെ.എ.എസ്.ഇ) അടക്കമുള്ളവർ വിവിധ തീമുകളിലായി സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട് - മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. അസിസ്റ്റീവ് ടെക്‌നോളജിയിൽ കേന്ദ്രീകരിച്ചുള്ളതാണ് സാമൂഹ്യനീതി വകുപ്പിന്റെ മൂന്ന് സ്റ്റാളുകൾ.
യൂണിവേഴ്സിറ്റി കോളേജിൽ തന്നെ വിവിധ ക്ലാസ് മുറികളിലായി സർവ്വകലാശാലകൾക്കു പുറമെ, കേരള ചരിത്ര ഗവേഷണ കൗൺസിൽ, എൻ സി സി, എൽ ബി എസ് തുടങ്ങിയവർ ഒരുക്കുന്ന പ്രദർശനങ്ങൾ വേറെയുമുണ്ടാവും. നിഷിന്റെ ( നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്) സെൻസറി ഗാർഡനും സാമൂഹ്യനീതി വകുപ്പിന്റെ മൊബൈൽ ക്ലിനിക്കും എൽ ബി എസിന്റെ റോബോട്ടിക്സ് സ്പേസും കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ ആർക്കിയോളജി പ്രദർശനവും കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആക്റ്റിങ് വർക്ക്-ഷോപ്പും ഇതിൽപ്പെടും.
ഭിന്നശേഷിക്കാരായവർക്ക് പ്രത്യേകം രൂപകൽപന ചെയ്ത സ്‌നേഹയാനം ഓട്ടോ, അനുയാത്ര പദ്ധതിക്ക് കീഴിലെ ഭിന്നശേഷിത്വം മുൻകൂട്ടി കണ്ടെത്താനുള്ള മൊബൈൽ ഏർലി ഇന്റർവെൻഷൻ യൂണിറ്റ്, ഇതേ ആവശ്യത്തിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (നിപ്മർ) ഗ്രാമീണതലങ്ങളിൽ നേരിട്ടെത്തി സേവനം നൽകി വരുന്ന റിഹാബ് എക്സ്പ്രസ്സ് എന്നിവയുടെ ലൈവ് ഡെമോയും ഏഴു ദിവസങ്ങളിലും ഉണ്ടാകും.
വയോമിത്രം മൊബൈൽ ക്ലിനിക്കിന്റെ ലൈവ് ക്യാമ്പും യുഡിഐഡി രജിസ്ട്രേഷനുള്ള ലൈവ് ക്യാമ്പും ഏഴു ദിവസങ്ങളിലും ഒരുക്കിയിട്ടുണ്ട് - മന്ത്രി ഡോ. ബിന്ദു അറിയിച്ചു.