തൃശ്ശൂർ: പഞ്ചപാണ്ഡവർ പിതൃക്കൾക്ക് തർപ്പണം ചെയ്തതിന്റെ ഐതിഹ്യപ്പെരുമ പേറുന്ന നിളാതീരത്തെ ഐവർമഠത്തിൽ ക്ക് അന്ത്യവിശ്രമം. തലമുറകൾക്ക് പ്രേരണയായ സംഘഭരിതമായ ജീവിതത്തിന് അന്ത്യയാത്രാമൊഴി. ആയിരങ്ങളുടെ അധരങ്ങളുരുവിട്ട പഞ്ചാക്ഷരീ മന്ത്രം മുഖരിതമായ അന്തരീക്ഷത്തിൽ അന്ത്യകർമ്മങ്ങൾ. ജാതിശ്മശാനങ്ങൾ ഒഴിവാക്കണമെന്ന ഹരിയേട്ടന്റെ ആഗ്രഹപ്രകാരമായിരുന്നു ഐവർമഠം പൊതുശ്മശാനത്തിലെ ചടങ്ങുകൾ.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അന്തിമോപചാരം അർപ്പിച്ചു. ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, കേരള ഗവർണർ ഡോ. ആരിഫ് മുഹമ്മദ്ഖാൻ, ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, ബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ് എന്നിവരും അന്തിമോപചാരം അർപ്പിച്ചു.
ആർഎസ്എസ് സംസ്ഥാന കാര്യാലയമായ എറണാകുളം എളമക്കര മാധവനിവാസിൽ നിന്ന് ഇന്നലെ രാവിലെ ആറ് മണിയോടെയാണ് ഹരിയേട്ടന്റെ ഭൗതികദേഹവും വഹിച്ചുള്ള വാഹനം മായന്നൂരിലെ തണൽ ബാലാശ്രമത്തിലേക്ക് പുറപ്പെട്ടത്

എട്ടരയോടെ തണലിൽ. പതിനൊന്ന് മണി വരെ പൊതുദർശനം. പ്രിയപ്പെട്ട ഹരിയേട്ടനെ ഒരു നോക്കു കാണാനും ആദരാഞ്ജലിയർപ്പിക്കാനും ആയിരങ്ങൾ തണലിൽ എത്തി. പതിനൊന്ന് മണിയോടെ പൊതുദർശനം പൂർത്തിയാക്കി പാമ്പാടി ഐവർ മഠത്തിലേക്ക് കൊണ്ടുപോയി.
പ്രാന്ത പ്രചാരക് എസ്. സുദർശനൻ, വിദ്യാനികേതൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ജയകുമാർ, ആർ. ഹരിയുടെ ബന്ധുക്കൾ എന്നിവർ ചേർന്ന് ചിതയ്ക്ക് തീകൊളുത്തി.
ഞായറാഴ്ച രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ആർഎസ്എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ.ബലറാം, ദക്ഷിണ ക്ഷേത്ര പ്രചാരക് എ. സെന്തിൽ, മുതിർന്ന പ്രചാരകൻ എസ്. സേതുമാധവൻ, സീമാജാഗരൺ മഞ്ച് ദേശീയ സംയോജകൻ എ. ഗോപാലകൃഷ്ണൻ, ്രപജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ, മുൻ എംപിയും മാധ്യമപ്രവർത്തകനുമായ ഡോ. തരുൺ വിജയ്, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചർ, വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, കൊടുങ്ങല്ലൂർ വിവേകാനന്ദ കേന്ദ്രം അധ്യക്ഷ ഡോ.എം. ലക്ഷ്മികുമാരി, ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ. രാധാകൃഷ്ണൻ, സംവിധായകൻ മേജർ രവി, നടൻ ദേവൻ, ആർഎസ്എസ് ദക്ഷിണ ക്ഷേത്ര കാര്യകാരി അംഗം പി.ആർ. ശശിധരൻ, സഹസമ്പർക്ക പ്രമുഖ് പി.എൻ. ഹരികൃഷ്ണകുമാർ, പ്രാന്ത കാര്യവാഹ് പി.എൻ. ഈശ്വരൻ, സഹ പ്രാന്ത പ്രചാരകന്മാരായ എ. വിനോദ്, വി. അനീഷ്, പ്രാന്ത കാര്യകാരി അംഗം എ.ആർ. മോഹനൻ, തുടങ്ങി ഒട്ടേറെ പ്രമുഖർ തണലിലെത്തി ഹരിയേട്ടന് അന്ത്യാഞ്ജലി അർപ്പിച്ചു.

ആർ. ഹരിയുടേത് പൂർണ ജീവിതം :ഡോ. മോഹൻ ഭാഗവത്

തൃശ്ശൂർ: നിർമമതയോടെ ജീവിതത്തെ സമീപിക്കുകയും പൂർണാർത്ഥത്തിൽ ജീവിക്കുകയും ചെയ്ത മഹാനായിരുന്നു ആർ.ഹരിയെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. പ്രേരണാദായകമായിരുന്നു ആ ജീവിതം. സംഘത്തിന് മാത്രമല്ല സമൂഹത്തിനാകമാനം വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന് അദ്ദേഹം പറഞ്ഞു. തിരുവില്വാമല പാമ്പാടിയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആ ജീവിതം ആയിരക്കണക്കിന് ആളുകൾക്ക് പ്രചോദനവും മാതൃകയുമാണ്. അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് എന്ന ചുമതലയിൽ പ്രവർത്തിക്കുമ്പോൾ രാജ്യത്ത് എല്ലാ കോണിലും എത്തി, ലക്ഷക്കണക്കിന് പ്രവർത്തകരുമായി ഇടപഴകി. അവർക്കെല്ലാം അദ്ദേഹത്തിന്റെ ജീവിതവും മാർഗനിർദ്ദേശങ്ങളും പ്രേരണയായിരുന്നു. വിദൂര പ്രദേശങ്ങളിലുള്ള പ്രവർത്തകരുമായി പോലും ഊഷ്മളമായ ബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചു.ജീവിതത്തിന്റെ അവസാന നാളുകൾ വരെ എഴുത്തിലും വായനയിലും പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ആർ. ഹരി അവസാന നിമിഷം വരെയും മാനസികമായി പൂർണ ആരോഗ്യവാൻ ആയിരുന്നുവെന്നും മോഹൻ ഭാഗവത് ചൂണ്ടിക്കാട്ടി.

സ്വയംസേവകൻ എന്ന നിലയിലും പ്രചാരകൻ എന്ന നിലയിലും അദ്ദേഹം മുഴുവൻ പ്രവർത്തകർക്കും മാതൃകയായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തിയും ജീവിതവും വലിയപാഠങ്ങളാണ്. വിഷമകരമായ സാഹചര്യങ്ങളെപ്പോലും എങ്ങനെയാണ് സമചിത്തതയോടെ മറികടക്കേണ്ടത് എന്നത് അദ്ദേഹം പഠിപ്പിച്ചു, സർസംഘചാലക് ചൂണ്ടിക്കാട്ടി.അവസാന ശ്വാസം വരെയും ആദർശത്തിനു വേണ്ടി ജീവിച്ച ആർ. ഹരിയുടെ ജീവിതം തന്നെപ്പോലെ ലക്ഷക്കണക്കിന് പ്രവർത്തകർക്ക് പ്രേരണയും

മാർഗ്ഗദർശനവുമാണെന്നും കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
ഭാരത സംസ്‌കാരത്തിൽ അങ്ങേയറ്റം അഭിമാനംകൊണ്ട വ്യക്തിത്വമായിരുന്നു ആർ.ഹരിയുടെതെന്ന് ബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ് അനുസ്മരിച്ചു. ത്യാഗം,അർപ്പണം എന്നിവയുടെ മാതൃകയായിരുന്നു അദ്ദേഹം.രാഷ്ട്രം ഒന്നാമതും മറ്റെല്ലാം പിന്നീടും എന്നതായിരുന്നു ആർ.ഹരിയുടെ ചിന്തയെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. രാഷ്ട്രം മുഴുവൻ ആർ.ഹരിയുടെ കുടുംബമാണെന്ന് കേരള ഗവർണർ ഡോ. ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മഹാനായ പണ്ഡിതനെയും ദാർശനികനെയുമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടമായത്. സ്വന്തം മോക്ഷം പോലും ആഗ്രഹിക്കാതെ സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം. പുനർജന്മം ഉണ്ടെങ്കിൽ ഇതേ കാര്യത്തിനായി അദ്ദേഹം വീണ്ടും ജനിക്കുമെന്നും ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു.