കൊച്ചി: മലയാള മണ്ണിന്റെ സംസ്‌കാരം, ചരിത്രം, കല, പ്രകൃതി വൈവിധ്യം,മനോഹാരിത എന്നിവയിലൂടെ സംവാദയാത്ര നടത്തി തിരുവാണിയൂർ ഗ്ലോബൽപബ്ലിക് സ്‌കൂളിൽ കേരളപ്പിറവി ആഘോഷം. സ്‌കൂൾ മുറ്റത്തെ ഇലഞ്ഞിമരത്തണലിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ഒത്തുകൂടിയാണ് കേരളപ്പിറവി ആഘോഷം അർത്ഥവത്താക്കിയത്.

കേരളത്തിലെ ജില്ലകൾ, അവയുടെ പ്രത്യേകതകൾ എന്നിവയും ആഴത്തിൽ ആരാഞ്ഞ സംഗമത്തെത്തുടർന്ന് മാവും പ്ലാവും കണിക്കൊന്നയും ഇലഞ്ഞിയും ആഞ്ഞിലിയും നെല്ലിയും ഞാവലും ഉൾപ്പെടെ വൃക്ഷലതാദികളും തനത് കാർഷികവിളകളും നേരിൽ കണ്ടറിഞ്ഞ് ഓരോന്നിന്റെയും പ്രാധാന്യം കുട്ടികൾ മനസിലാക്കി. വിദ്യാർത്ഥികൾക്ക് നാട്ടറിവ് പകരുന്നതിനു മുതിർന്ന കർഷകൻ കൂടിയായ അദ്ധ്യാപകൻ ജോസഫ് ആന്റണി നേതൃത്വം നൽകി.

മണിമരുതും കടപ്ലാവും ചെമ്പകവും പൂക്കുന്ന കാലങ്ങളെക്കുറിച്ചു ഇലഞ്ഞിമരത്തണലിൽ കഥകൾ പറഞ്ഞും കേട്ടും കുട്ടികൾ നാടിന്റെ പിറന്നാൾ ആഘോഷത്തിൽ മധുരം നിറച്ചു. നാടൻ പാട്ടുകളും നൃത്താവിഷ്‌കാരവും ഓരോ ക്ലാസിലും പ്രശ്‌നോത്തരികളും സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ സരിത ജയരാജ് കേരളപ്പിറവി സന്ദേശം നൽകി.