ആര്യനാട് : നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും സംയുക്താഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ആശ്വാസം പദ്ധതിയിലൂടെ തിരുവനന്തപുരം ജില്ലയിൽ എം.ജി.എം ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ഓക്‌സിജൻ കോൺസെൻട്രേറ്ററിന്റെ വിതരണം കേരള മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിർവഹിച്ചു. ആശ്വാസം പദ്ധതിയിലൂടെ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ഓക്‌സിജൻ കോൺസെൻട്രേറ്റർ വിതരണം ചെയ്യുന്നത് സമൂഹത്തിന് വളരെയേറെ പ്രയോജനം ചെയ്യുന്നുണ്ടെന്നും ശ്വാസത്തിന്റെ വില നമ്മെ ഓരോരുത്തരെയും എത്രമേൽ വലുതാണെന്നു മനസ്സിലാക്കി തരുന്നതാണെന്നും മന്ത്രി ചിഞ്ചു റാണി പറഞ്ഞു.

മമ്മൂട്ടി, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ചെയ്യുന്ന ഓരോ ജീവകാരുണ്യ പ്രവർത്തനങ്ങളും വളരെയേറെ സമൂഹത്തിന് നീതിപുലർത്തുന്ന തരത്തിൽ ആണെന്നും ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കെയർ ആൻഡ് ഷെയറിന് കഴിയട്ടെ എന്നും മന്ത്രി ചടങ്ങിൽ കൂട്ടിച്ചേർത്തു. അരുവിക്കര എംഎ‍ൽഎ അഡ്വ. ജി. സ്റ്റീഫൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വൈസ് ചെയർമാനും എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് ചെയർമാനുമായ ഡോ. ഗീവർഗീസ് യോഹന്നാൻ ചടങ്ങിൽ ആമുഖപ്രഭാഷണം നടത്തി.

ആശ്വാസം പദ്ധതി വഴി കിടപ്പിലായ രോഗികൾക്ക് ഓക്‌സിജൻ കോൺസെൻട്രേറ്റർ നൽകുന്നതുവഴി വളരെയേറെ പ്രയോജനകരമാണെന്നും അദ്ദേഹം ചടങ്ങിൽ പറഞ്ഞു. മമ്മൂട്ടിയുടെ നേതൃത്വത്തിൽ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ നടത്തുന്ന നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഒന്നാണ് ആശ്വാസം പദ്ധതി എന്നും അവയെ കൂടാതെ കെയർ ആൻഡ് ഷെയർ നടത്തുന്ന നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളെ പറ്റി കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ മുഖ്യപ്രഭാഷണം നടത്തി. ആശ്വാസം പദ്ധതി വഴി കേരളത്തിലെ എല്ലാ ജില്ലകളിലും ഓക്‌സിജൻ കോൺസെൻട്രേറ്റർ നൽകാൻ സാധിച്ചിട്ടുണ്ടെന്നും അവയെല്ലാം വളരെ കൃത്യതയോടെ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓക്‌സിജൻ കോൺസെൻട്രേറ്ററിന്റെ വിതരണത്തോടൊപ്പം സ്വിമ്മിങ് പൂളിന്റെ ഉദ്ഘാടനവും മന്ത്രി ജെ. ചിഞ്ചു റാണി നിർവഹിച്ചു.

തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.ജി സുരേഷ്, വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ആനന്ദ്, എംജിഎം പൊന്മുടി വാലി പബ്ലിക് സ്‌കൂൾ മാനേജർ അഡ്വ. എൽ. ബീന, എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് അഡ്‌മിനിസ്‌ട്രേറ്റീവ് മാനേജർ സുനിൽകുമാർ, എംജിഎം പൊന്മുടി വാലി പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ ദീപാ. സി. നായർ, മുൻ ദേവസ്വം ബോർഡ് മെമ്പർ ചാരുപാറ രവി, ഡോ. ജി. എസ് സുനിത്ര, നിധിൻ ചിറത്തിലാട്ട്, എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
കേരള സർക്കാരിനെ കീഴിലുള്ള മീഡിയ അക്കാദമിയുടെ മികച്ച അന്വേഷണാത്മക പരമ്പരയ്ക്കുള്ള സംസ്ഥാന അവാർഡ് ജേതാവായ തെന്നൂർ ബി. അശോക്, പത്രപ്രവർത്തനരംഗത്ത് 25 വർഷത്തെ സേവനം പൂർത്തിയാക്കി കെ. മണിലാൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു .