പാലാ: അപകടാവസ്ഥയിലായ ചേർപ്പുങ്കൽ ചകിണിപ്പാലം അടിയന്തിരമായി ഗതാഗതയോഗ്യമാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എം എൽ എ മാരായ മാണി സി കാപ്പൻ, മോൻസ് ജോസഫ് എന്നിവർ അറിയിച്ചു. കഴിഞ്ഞ ദിവസം സംരക്ഷണഭിത്തി തകർന്നതോടെയാണ് പാലം അപകടാവസ്ഥയിലായത്. കനത്ത മഴയെത്തുടർന്നാണ് പാലത്തിന്റെ സംരക്ഷണഭിത്തി തകർന്നത്. സംരക്ഷണഭിത്തി തകർന്നതറിഞ്ഞ് നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് ഭാരവാഹനങ്ങൾ കടന്നു പോകുന്നത് നിർത്തിവച്ചിരുന്നു. ഇതേത്തുടർന്ന് ഈ പാലം വഴിയുള്ള ഗതാഗതം നിർത്തി വച്ചിരിക്കുകയാണ്. ഇരുചക്രവാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്.

80ലേറെ വർഷം പഴക്കമുള്ള പാലം മാറ്റി പുതിയ പാലം നിർമ്മിക്കണോ എന്ന് പരിശോധിക്കുമെന്ന് എം എൽ എ മാർ അറിയിച്ചു. ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേ നവീകരിച്ചപ്പോൾ ബസുകൾ ചേർപ്പുങ്കൽ ടൗണിൽ എത്താൻ വൺവേ സംവിധാനം ഏർപ്പെടുത്തിയിരുന്നു. പാലം അപകടാവസ്ഥയിലായതോടെ ഈ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.

ഇത് ഈ മേഖലയിലുള്ള വ്യാപാരികളെയടക്കം പ്രതികൂലമായി ബാധിക്കുന്നത് ഒഴിവാക്കാൻ അടിയന്തിരമായ നടപടികൾ സ്വീകരിക്കാൻ മാണി സി കാപ്പനും മോൻസ് ജോസഫും പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകി. പാലം അപകടാവസ്ഥയിലായ വിവരം വകുപ്പു മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന് എസ്റ്റിമേറ്റ് എടുക്കാൻ നിർദ്ദേശം നൽകിയതായും ഇരുവരും വ്യക്തമാക്കി.

ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ, കിടങ്ങൂർ പഞ്ചായത്ത് പ്രസിഡണ്ട് തോമസ് മാളിയേക്കൽ, പഞ്ചായത്ത് മെമ്പർ ആര്യാ സബിൻ, രാജു കോനാട്ട്, ബിബിൻ രാജ്, സതീഷ് പൈങ്ങനാമഠം, മിനി ജറോം, രാജൻ മുണ്ടമറ്റം,ബ്ലോക്ക് മെമ്പർ അനിലാ മാത്തുകുട്ടി എന്നിവർ മാണി സി കാപ്പൻ എം എൽ എ യോടൊപ്പം അപകടാവസ്ഥയിലായ പാലം സന്ദർശിച്ചു. മോൻസ് ജോസഫ് എം എൽ എ യും അപകടാവസ്ഥയിലായ ചകിണിപ്പാലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.