- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൻ വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കുക. - ആൾ ഇന്ത്യാ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്‌സ് അസോസിയേഷൻ
തൃപ്പൂണിത്തുറ:വിലക്കയറ്റം മൂലം രൂക്ഷമായ പ്രതിസന്ധിയനുഭവിച്ചു കൊണ്ടിരിക്കുന്ന കേരളത്തിലെ സാധാരണ ജനങ്ങൾക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ് ഇടതുപക്ഷ സർക്കാറിന്റെ വൻ വൈദ്യുതി ചാർജ് വർദ്ധനവ്. കുത്തനെയുള്ള ഈ ചാർജ് വർദ്ധനവ് പിൻവലിക്കണമെന്ന് ആൾ ഇന്ത്യാ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്‌സ് അസോസിയേഷൻ കേരളാ ചാപ്റ്റർ ആവശ്യപ്പെട്ടു.
വൈദ്യുതി ബോർഡ് ലാഭത്തിലാന്നെന്നു പ്രഖ്യാപിച്ചിരിക്കെ, ജനങ്ങളുടെ മേൽ വലിയൊരു ചാർജ്ജ് വർദ്ധനവ് അടിച്ചേൽപ്പിച്ചത് അങ്ങേയറ്റം ജനവിരുദ്ധമാണ്. പ്രതിമാസം 150 യൂനിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക് 122 രൂപയുടെ വർധനയാണ് ഉണ്ടാകുക. നിലവിൽ പ്രതിമാസം 150 യൂണിറ്റ് ഉപയോഗിക്കുന്നവർ 605 രൂപയാണ് എനർജി ചാർജ് ഇനത്തിൽ നൽകേണ്ടത്. എന്നാൽ, പുതിയ വർധനയോടെ ഇത് 728 രൂപയോളമാകും. അതായത് രണ്ടുമാസം കൂടുമ്പോൾ വരുന്ന ഒരു വൈദ്യുതി ബില്ലിൽ എനർജി ചാർജിന് മാത്രം 244 രൂപയുടെ വർധനയുണ്ടാകും. എനർജി ചാർജും ഫിക്‌സഡ് ചാർജും കുത്തനെ കൂട്ടി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അനാഥാലയങ്ങൾ, ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവക്ക് ഫിക്സഡ് ചാർജ് വർധിപ്പിച്ചു. വാട്ടർ അഥോറിറ്റി, കേന്ദ്ര സംസ്ഥാന സർക്കാർ ഓഫിസുകൾക്ക് 15 രൂപയും ഫികസ്ഡ് ചാർജ് വർധിപ്പിച്ചു. കൃഷി ആവശ്യത്തിനായി വെള്ളം പമ്പ് ചെയ്യുന്നവർ, കോഴി, അലങ്കാര മത്സ്യം വളർത്തുന്നവർ തുടങ്ങിയവർക്ക് അഞ്ചു രൂപ ഫിക്സഡ് ചാർജ് വർധിപ്പിച്ചിട്ടുണ്ട്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സിംഗിൾ ഫേസിന് 5 രൂപയും ത്രീ ഫേസിന് 10 രൂപയും ഫിക്സഡ് ചാർജ് കൂട്ടി. സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ ലാബുകൾ എന്നിവക്ക് പത്തുരൂപയാണ് ഫിക്സഡ് ചാർജ് കൂട്ടിയത്. ത്രീ ഫേസിന് 15 രൂപയും കൂട്ടി. വാണിജ്യ സ്ഥാപനങ്ങൾ, കടകൾ എന്നിവക്കും 10 മുതൽ 15 രൂപവരെ ഫിക്‌സഡ് ചാർജ് കൂട്ടിയിട്ടുണ്ട്. പെട്ടിക്കടകൾ, തട്ടുകൾ തുടങ്ങിയ എന്നിവക്കും ഫിക്സഡ് ചാർജ് പത്തുരൂപ കൂട്ടിയിട്ടുണ്ട്. വൈദ്യുതി നിരക്ക് വർധനയിലൂടെ ഒരുവർഷത്തിനിടയിൽ കെ.എസ്.ഇ.ബി സമാഹരിക്കാൻ ലക്ഷ്യമിടുന്നത് 1044 കോടിയുടെ അധിക വരുമാനമാണ്.
ഒരു ഭാഗത്ത് കോടികൾ പൊടിച്ച് ധൂർത്തടിച്ചു കൊണ്ടിരിക്കുമ്പോൾ ആശുപത്രിയും വിദ്യാഭ്യാസ സ്ഥാപനവുമടക്കമുള്ള സർക്കാർ സംവിധാനങ്ങൾക്ക് വൻ ചാർജ് വർദ്ധന വരുന്നതു വഴി സാധാരണക്കാർക്ക് ലഭ്യമാകേണ്ടുന്ന മറ്റ് സേവനങ്ങൾക്കും വിലക്കയറ്റം ഉണ്ടാവും. ചുരുക്കത്തിൽ കുത്തിക്കവർച്ച ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനെതിരെ വൈദ്യുതി ഉപഭോക്താക്കൾ കക്ഷി - രാഷ്ട്രീയത്തിനതീതമായി ഉപഭോക്ത സമിതികളിൽ സംഘടിച്ച് സമര രംഗത്ത് അണിനിരക്കുവാൻ ആൾ ഇന്ത്യാ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്‌സ് അസോസിയേഷൻ കേരള ചാപ്റ്റർ സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് മാത്യു വേള ങ്ങാടന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം ആവിശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.സുരേന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ ഷൈല കെ ജോൺ, എസ്. സീതിലാൽ, കമ്മിറ്റി അംഗങ്ങളായ ജോർജ് ജോസഫ്, അഡ്വ പി.സി. വിവേക് റ്റി.ജെ പീറ്റർ, ജയിംസ് കോലാനി, അനിൽ പ്രസാദ്, ചെറിയാൻ പമ്പാടി, വിരേന്ദ്രകുമാർ തുടങ്ങിയവർ സംസാരിച്ചു.