മലപ്പുറം: ഡെറാഡൂണിൽ നടന്ന ദേശീയ കിക്ക്‌ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടം നേടിയ അസാപ് കേരളയുടെ പാണ്ടിക്കാട്ടെ കമ്യൂണിറ്റി സ്‌കിൽ പാർക്ക് വിദ്യാർത്ഥികളെയും പരിശീലകരെയും മലപ്പുറം അസിസ്റ്റന്റ് കളക്ടർ സുമിത് കുമാർ താക്കൂർ ഐ എ എസ് അനുമോദിച്ചു. ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ കേരളത്തിനു വേണ്ടി സ്വർണം ഉൾപ്പെടെ നാല് മെഡലുകളാണ് പാണ്ടിക്കാട് കമ്യൂണിറ്റി സ്‌കിൽ പാർക്കിലെ വിദ്യാർത്ഥികൾ സ്വന്തമാക്കിയത്. മുഹമ്മദ് സിനാൻ (സ്വർണം, വെള്ളി), അൽസാബിത്ത് വി (വെള്ളി), സിദ്ധിൻ കൃഷ്ണ (വെങ്കലം) എന്നിവരാണ് മെഡൽ ജേതാക്കളായത്. ശനി, ഞായർ ദിവസങ്ങളിൽ പാണ്ടിക്കാട് അസാപ് കേരള കമ്യൂണിറ്റി സ്‌കിൽ പാർക്ക് സംഘടിപ്പിക്കുന്ന കിക്ക്‌ബോക്‌സിങ് പരിശീലന കോഴ്‌സ് പൂർത്തിയാക്കിയവരാണ് ഇവർ. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരത്തോളം പേർ മത്സരിച്ച ദേശീയ ചാമ്പ്യൻഷിപ്പിൽ 29 സ്വർണവും, 18 വെള്ളിയും, 10 വെങ്കലവും നേടിയാണ് കേരളം രണ്ടാം സ്ഥാനത്തെത്തിയത്.

അബ്ദുൽ റഷീദ്, ഡോ യൂനുസ് കരുവാരക്കുണ്ട് എന്നിവരുടെ നേതൃത്വത്തിലാണ് പാണ്ടിക്കാട് അസാപ് കേരള കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ കിക്ക് ബോക്‌സിങ് പരിശീലനം നൽകി വരുന്നത്. ചുരുങ്ങിയ നാളുകളുടെ പരിശീലനത്തിന്റെ ബലത്തിലാണ് വിദ്യാർത്ഥികൾ ഈ നേട്ടം കൊയ്തതെന്ന് സ്‌കിൽ പാർക്ക് മേധാവി മിനി പറഞ്ഞു. കിക്ക് ബോക്‌സിങ് സംഘടനയായ വാക്കോ കേരളയുടെ സഹകരണത്തോടെയാണ് ഇവിടെ പരിശീലനം. കിക്ക് ബോക്‌സിങ് കൂടാതെ ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ്, യോഗ ഇൻസ്ട്രക്ടർ, ജൂനിയർ സോഫ്‌റ്റ്‌വെയർ ഡെവലപ്പർ, ഫ്രണ്ട് ഓഫീസ് ട്രെയിനി, ഫിറ്റ്നസ്സ് ട്രെയിനർ തുടങ്ങിയ ഹ്രസ്വകാല കോഴ്‌സുകളാണ് ഇപ്പോൾ പാണ്ടിക്കാട് സ്‌കിൽ പാർക്കിൽ നൽകി വരുന്നത്. അതിനൊപ്പം തന്നെ ഫാബ്രിക് പെയിന്റിങ്, ഫോട്ടോഗ്രാഫി എന്നിവയിൽ ഒരു ദിവസ പരിശീലന പരിപാടിയും പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ വെച്ച് നടത്തുന്നുണ്ട്.

യുവജനങ്ങളുടെ തൊഴിൽക്ഷമത വർധിപ്പിക്കുന്നതിനും നൈപുണ്യ വികസനത്തിനും പരിശീലനത്തിനും ഉതകുന്ന വിവിധ കോഴ്‌സുകളാണ് കേരളത്തിലുടനീളം 16 കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകളിലൂടെ അസാപ് കേരള നൽകി വരുന്നത്. വിപണിയിൽ ആവശ്യകതയുള്ള നൈപുണ്യ പരിശീലനങ്ങളാണ് ഇവ. സ്പോർട്സ്, വെൽനസ്, ആരോഗ്യ പരിരക്ഷ തുടങ്ങിയ മേഖലകളിലും വിവിധ കോഴ്‌സുകൾ ഇതിലുൾപ്പെടും.

ചടങ്ങിൽ അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് നോർത്ത് സോൺ അസോസിയേറ്റ് ഡയറക്ടർ പി ഷൈനി, പ്രോഗ്രാം മാനേജർ പി മിനി, എക്സിക്യൂട്ടീവ് ഇന്റേൺ കെ.സൂരജ്, എസ് ഫർസീൻ തുടങ്ങിയവർ പങ്കെടുത്തു.