പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫോമേഷൻ സൊലൂഷൻസ് കമ്പനിയായ യു.എസ്.ടി പാവപ്പെട്ട പത്ത് കുടുംബങ്ങൾക്ക് കക്കൂസും കുളിമുറിയും അടങ്ങുന്ന ശുചിമുറികൾ നിർമ്മിച്ച് കൊടുത്തു. ആലപ്പുഴ ജില്ലയിലെ കുത്തിയതോട് പഞ്ചായത്തിലാണ് അഡോപ്റ്റ് എ വില്ലേജ് പദ്ധതി പ്രകാരം ഈ സൗകര്യങ്ങൾ ചെയ്തുകൊടുത്തത്. കുത്തിയതോട് നടന്ന ചടങ്ങിൽ യു.എസ്.ടിയുടെ സി.എസ്.ആർ അംബാസഡർ പ്രശാന്ത് സുബ്രഹ്മണ്യൻ പദ്ധതി ഉദ്ഘാടനം ചെയ്തു. യു.എസ്.ടി പ്രതിനിധികളായ ഷൈൻ വർഗീസ്, ദീപ ചന്ദ്രൻ, പ്രീതി മരിയ, ദീപേഷ് ചന്ദ്രൻ, മനോജ് മുരളീധരൻ, സന്നദ്ധ സംഘടനയായ നിളയുടെ സെക്രട്ടറി ശശികുമാർ, വോളന്റിയർ ഹേമന്ത്, സാമൂഹ്യപ്രവർത്തകനായ രാജേഷ് വി.കെ, ഗുണഭോക്താക്കളായ കുടുംബാംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ) സംരംഭങ്ങളുടെ ഭാഗമായാണ് യു.എസ്.ടി ഗ്രാമം അഡോപ്റ്റ് എ വില്ലേജ് പദ്ധതി നടത്തുന്നത്. കുത്തിയതോട് പ്രദേശത്ത് 25ലധികം വീടുകളിൽ ശൗചാലയങ്ങളില്ല. അതിൽ നിന്നുള്ള 10 വീടുകൾക്കാണ് കക്കൂസും കുളിമുറിയും അടങ്ങുന്ന ശുചിമുറി ഒരുക്കിക്കൊടുത്തത്.

'ആലപ്പുഴ കുത്തിയതോട് ഗ്രാമത്തിലെ നിർധനരായ പത്ത് കുടുംബങ്ങൾ താമസിക്കുന്ന വീടുകളിൽ കക്കൂസും കുളിമുറിയും അടങ്ങുന്ന ശുചിമുറികൾ നിർമ്മിച്ച് കൈമാറുന്നത് കമ്പനി പിന്തുടരുന്ന 'ജീവിത പരിവർത്തനം' എന്ന ലക്ഷ്യത്തോടെയുള്ള തുടർച്ചയായ നടപടികളുടെ ഭാഗമാണെന്ന് യു.എസ്.ടിയുടെ സി.എസ്.ആർ അംബാസഡർ പ്രശാന്ത് സുബ്രഹ്മണ്യൻ പറഞ്ഞു. ഗ്രാമീണ ജനതയ്ക്ക് ആവശ്യമായ സഹായം നൽകുകയാണ് സിഎസ്ആർ സംരംഭങ്ങളുടെ അവിഭാജ്യ ഘടകമായ 'അഡോപ്റ്റ് എ വില്ലേജ്' പരിപാടി ലക്ഷ്യമിടുന്നത്,' അദ്ദേഹം വ്യക്തമാക്കി.

യുഎസ് ടി കുത്തിയതോട് ഗ്രാമത്തിൽ നടപ്പിലാക്കിയ സംരംഭം പ്രദേശത്തെ ജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയിടയിൽ നിന്ന് ഏറെ പ്രശംസ നേടി. ''യുഎസ് ടി ഞങ്ങൾക്ക് നൽകിയ സഹായം ഏറെ ഉപകാരപ്രദമാണ്. നിർദ്ധനരായ 10 കുടുംബങ്ങൾക്ക് ശുചിമുറികളൊരുക്കി തന്ന കമ്പനിയോടുള്ള നന്ദിയും കടപ്പാടും ഞങ്ങളുടെ പ്രാർത്ഥനകളിൽ എപ്പോഴുമുണ്ടാകും,'' പ്രദേശവാസികളായ രേണുക, യമുന സാലി, ഷീബ സതീശൻ എന്നിവർ പ്രതികരിച്ചു.

ശുചിമുറികൾ കൈമാറുന്നതിനു പുറമെ, കുത്തിയതോടുള്ള 10 വിദ്യാർത്ഥികൾക്ക് ബാഗുകളും ബുക്കുകളും മറ്റ് പഠനോപകരണങ്ങളും നൽകി യു എസ് ടി സഹായിച്ചിട്ടുണ്ട്. ഈ ഗ്രാമവാസികളുടെ വിദ്യാഭ്യാസം ആരോഗ്യ സംരക്ഷണം എന്നിവയ്ക്ക് കൂടുതൽ സഹായം നൽകാനും യു.എസ്.ടി ലക്ഷ്യമിടുന്നു.

സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് സാമൂഹ്യസേവനം നടത്തുകയും അതുവഴി സമൂഹത്തിന്റെ പരുരോഗതി ലക്ഷ്യം വയ്ക്കുകയും ചെയ്യുക എന്നത് യു.എസ്.ടിയുടെ സംസ്‌കാരത്തിന്റെ ഭാഗമായിട്ട് ഏറെക്കാലമായി. ചീഫ് വാല്യൂ ഓഫീസറായ സുനിൽ ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് ഇത്തരം പദ്ധതികളും പരിപാടികളും നടപ്പാക്കുന്നത്. വിദ്യാഭ്യാസം, ഉപജീവനം, ആരോഗ്യം, പരിസ്ഥിതി എന്നീ മേഖലകളിൽ ശാശ്വതവും ഉത്തരവാദിത്തവുമുള്ള കർമപരിപാടികളാണ് നടത്തുന്നത്. അഡോപ്റ്റ് എ വില്ലേജ് പരിപാടിയും സി.എസ്.ആർ പദ്ധതിയുടെ ഭാഗമാണ്. ഉൾനാടൻ ഗ്രാമങ്ങളിലുള്ളവരുടെ ജീവിത്തതിന് കൈത്താങ്ങായി അവരുടെ സാമൂഹ്യസാഹചര്യങ്ങളിൽ മാറ്റം വരുത്തുകയാണ് ഇതിന്റെ ലക്ഷ്യം.