പാലാ: സമാനതകളില്ലാത്ത അതിജീവനത്തിന്റെ അടയാളമാണ് മുൻ രാഷ്ട്രപതി കെ ആർ നാരായണനെന്ന് മുൻ മന്ത്രി മോൻസ് ജോസഫ് എം എൽ എ പറഞ്ഞു. കെ ആർ നാരായണൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കെ ആർ നാരായണന്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളോട് പൊരുതുവാനുള്ള ആത്മധൈര്യം അദ്ദേഹം പ്രകടിപ്പിച്ചു. അവഗണനകൾക്കു കെ ആർ നാരായണന്റെ മനോബലത്തെ തകർക്കാനായില്ലെന്നും മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി. കെ ആർ നാരായണൻ തലമുറകൾക്കു പ്രചോദനമാണെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയും വിജയവുമാണ് കെ ആർ നാരായണന്റെ രാഷ്ട്രപതി സ്ഥാനമെന്നും കാപ്പൻ ചൂണ്ടിക്കാട്ടി.

ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ ബിനു പുളിക്കക്കണ്ടം, അഡ്വ സന്തോഷ് മണർകാട്, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, ബിനു പെരുമന, സുമിത കോര, ജസ്റ്റിൻ ജോർജ്, അനൂപാ തോമസ് എന്നിവർ പ്രസംഗിച്ചു. കെ ആർ നാരായണന്റെ അപൂർവ്വ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ചിത്രപ്രദർശനവും നടത്തി. ചിത്രപ്രദർശനം ഫൗണ്ടേഷൻ വൈസ്‌ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ് ഉദ്ഘാടനം ചെയ്തു.

കെ ആർ നാരായണൻ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

കുറിച്ചിത്താനം: മുൻ രാഷ്ട്രപതി കെ ആർ നാരായണന്റെ ചരമവാർഷികത്തോടനുബന്ധിച്ചു കെ ആർ നാരായണൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പൂവത്തിങ്കലുള്ള കെ ആർ നാരായണൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. കെ ആർ നാരായണന്റെ ജീവചരിത്രം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണമെന്ന് ഫൗണ്ടേഷൻ നിർദ്ദേശിച്ചു. ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എം തങ്കച്ചൻ, ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, അഡ്വ സന്തോഷ് മണർകാട്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, കെ ആർ നാരായണന്റെ പിതൃസഹോദരപുത്രി സീതാലക്ഷ്മി, ഭർത്താവ് വാസുക്കുട്ടൻ, ബന്ധു ഡോ കെ വത്സലകുമാരി എന്നിവർ പങ്കെടുത്തു.