കൊച്ചി: രാജ്യാന്തരവിഷയങ്ങൾ മറയാക്കി കേരളസമൂഹം അനുദിനം നേരിടുന്ന ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ സംസ്ഥാന സർക്കാർ ഒളിച്ചോട്ടം നടത്തുന്നത് നിർഭാഗ്യകരവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ.

ധൂർത്തും കെടുകാര്യസ്ഥതയും അഴിമതിയും ഭീകരവാദ അജണ്ടകളും രാഷ്ട്രീയ വിവേചനവും കേരളഭരണത്തിന്റെ സമസ്തമേഖലകളെയും ഗ്രസിച്ചിരിക്കുന്നു.നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കുന്നു. 1600 രൂപ സാമൂഹ്യ ക്ഷേമപെൻഷനും രോഗികൾക്കുള്ള കാരുണ്യപദ്ധതിയും അട്ടിമറിക്കപ്പെട്ടു. സാമൂഹ്യ ക്ഷേമപെൻഷൻ ലഭിക്കാതെ മരുന്നിനും ചികിത്സയ്ക്കുമായി വയോധികർ ഭിക്ഷാടനം നടത്തുന്ന സാഹചര്യം കേരളത്തെ ലജ്ജിപ്പിക്കുന്നു. കാർഷികോല്പന്നങ്ങളുടെ വിലത്തകർച്ച തുടരുന്നു. കർഷകരിൽ നിന്ന് സംഭരിച്ച് വിപണിയിൽ വിറ്റ നെല്ലിന് നൽകാൻ സർക്കാരിന് പണമില്ല. വന്യജീവി അക്രമങ്ങൾ നിത്യസംഭവമായി മനുഷ്യനെ കൊല്ലുന്നു. സ്‌കൂൾ കുട്ടികളുടെ ഉച്ചക്കഞ്ഞിയും പ്രതിസന്ധിയിൽ. വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു.

വെള്ളക്കരം വർദ്ധിപ്പിച്ചു. വികസനങ്ങൾ മുരടിച്ചു. തൊഴിലില്ലായ്മയും അതിരൂക്ഷമായിരിക്കുന്നു. ഉന്നത വിദ്യാഭ്യാസമേഖലയെ പുതുതലമുറ കൈവിട്ടു. സംസ്ഥാനത്തെ വിവിധ യൂണിവേഴ്സിറ്റികളിൽ പതിനായിരക്കണക്കിന് സീറ്റുകൾ പഠിക്കാൻ വിദ്യാർത്ഥികളില്ലാതെ ഒഴിഞ്ഞുകിടക്കുന്നു. ജീവിത സുരക്ഷിതത്വം ലക്ഷ്യമാക്കി വിദേശരാജ്യങ്ങളിലേയ്ക്ക് പഠിക്കാനും തൊഴിലിനും അവസരങ്ങൾ തേടി കേരളയുവത്വം പലായനം ചെയ്യുന്ന സ്ഥിതിവിശേഷം ശക്തിപ്പെടുകയാണ്. 21,852 കോടി രൂപ ഈ സാമ്പത്തികവർഷം സംസ്ഥാനത്തിന് കടമെടുക്കാമായിരുന്നത് ഇനിയും അഞ്ചുമാസങ്ങൾ അവശേഷിച്ചിരിക്കെ 21,800 കോടിയും കടമെടുത്ത് ചെലവഴിച്ചു.

ജനജീവിതം സ്തംഭിച്ചിരിക്കുമ്പോൾ അടിയന്തരപരിഹാരം കാണാതെ കേന്ദ്രസർക്കാരിനെ നിരന്തരം പഴിചാരിയും രാജ്യാന്തര വിഷയങ്ങൾ ചർച്ചയാക്കിയും കേരളസമൂഹത്തെ സംസ്ഥാന സർക്കാർ വിഢികളാക്കുക മാത്രമല്ല ഭീകരവാദപ്രസ്ഥാനങ്ങൾക്കും മയക്കുമരുന്ന് മാഫിയകൾക്കും സംസ്ഥാനത്ത് വേരുറപ്പിക്കുവാൻ അവസരം സൃഷ്ടിക്കുകയുമാണ്. മതേതരമഹത്വം പ്രഘോഷിച്ച മണ്ണിൽ വർഗ്ഗീയവിഷം ചീറ്റി ഭിന്നതയും വിദ്വേഷവും സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാൻ രാഷ്ട്രീയ ഭരണനേതൃത്വങ്ങൾ മത്സരിക്കുന്നത് ആശങ്കയുളവാക്കുന്നു. ജനങ്ങളെ ദുരിതത്തിലാക്കിയിട്ട് മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും ശമ്പളത്തിനും ധൂർത്തിനും സർക്കാരിന്റെ ആർഭാടത്തിനും ഖജനാവ് കാലിയാക്കി കടമെടുത്ത് ചെലവഴിക്കുന്ന സാമ്പത്തികത്തകർച്ച നേരിടുന്ന ഭരണപരാജയം കേരളജനതയുടെ ജീവിതം വരുംനാളുകളിൽ കൂടുതൽ സങ്കീർണ്ണമാക്കുമെന്നും അടിയന്തര മാറ്റങ്ങൾക്ക് ഭരണസംവിധാനങ്ങൾ തയ്യാറാകണമെന്നും വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.