കൊച്ചി: ഗേറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് സൗജന്യ സഹായവുമായി ഐഐടി മദ്രാസിന്റെ എൻപിടിഇഎൽ- ഗേറ്റ് പോർട്ടൽ. ഐഐടി മദ്രാസ് ഉൾപ്പെടെയുള്ള വിവിധ ഐഐടി കളുടെയും ബാംഗ്ലൂരിലെ ഐഐഎസ്സി യുടെയും സംയുക്ത സംരംഭമാണ് നാഷ്ണൽ പ്രോഗ്രാം ഓൺ ടെക്‌നോളജി എൻഹാൻസ്ഡ് ലേണിങ് (എൻപിടിഇഎൽ). 2022 ഓഗസ്റ്റിലാണ് ഇത് ആരംഭിച്ചത്. വീഡിയോ സൊല്യൂഷൻസ്, ടിപ്സ്, ട്രിക്ക്‌സ്, സിലബസ് അടിസ്ഥാനമാക്കിയുള്ള നോട്ടുകൾ എന്നിവ gate.nptel.ac.in എന്ന പോർട്ടലിൽ ലഭിക്കും. 2007 മുതൽ 2022 വരെയുള്ള മുൻവർഷ ചോദ്യപേപ്പറുകൾ ഇതിൽ ലഭ്യമാണ്. ഇതിനോടകം 50,700 ൽ പരം രജിസ്ട്രേഷനുകൾ ലഭിച്ചു. ഏഴ് വിഷയങ്ങളിൽ 19 മോക്ക് ടെസ്റ്റുകൾ ഇതിനകം പൂർത്തിയാക്കി.

''മോക്ക് ടെസ്റ്റുകളിലും ലൈവ് സെഷനുകളിലും വിദ്യാർത്ഥികളുടെ ഉയർന്ന പങ്കാളിത്തം, പോർട്ടലിന്റെ വിപുലമായ സൗകര്യങ്ങൾ ഉപയോഗിച്ച് ഗേറ്റ് പരീക്ഷക്ക് വേണ്ടത്ര തയ്യാറെടുപ്പ് നടത്താനുള്ള അവരുടെ പ്രതിബദ്ധതയെയാണ് വ്യക്തമാക്കുന്നതെന്ന് എൻപിടിഇഎൽ-ഐഐടി മദ്രാസ്സിന്റെ കോ-ഓർഡിനേറ്റർ പ്രൊഫ. ആൻഡ്രൂ തങ്കരാജ് പറഞ്ഞു.

ഇന്ത്യയിൽ ഓരോ വർഷവും ഏകദേശം 7 മുതൽ 10 ലക്ഷം വിദ്യാർത്ഥികൾ ഗേറ്റ് പരീക്ഷ എഴുതാറുണ്ട്. 2023-ൽ, ഏകദേശം 7 ലക്ഷം വിദ്യാർത്ഥികളാണ് ഗേറ്റ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്, അതിൽ ഒരു ലക്ഷത്തോളം വിദ്യാർത്ഥികൾ വിജയിച്ച് യോഗ്യത നേടുകയും ചെയ്തു.