കൊച്ചി: അധികാരത്തിലേറാനും അധികാരം നിലനിർത്താനും വോട്ടുരാഷ്ട്രീയത്തിന്റെ മറവിൽ ആഗോളഭീകരവാദത്തെ കേരളത്തിൽ പാലൂട്ടുന്നവർ ഭാവിയിൽ വലിയ അപകടം ക്ഷണിച്ചുവരുത്തുമെന്ന് കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ.

ജീവിതപ്രതിസന്ധിയിൽ വഴിമുട്ടിനിൽക്കുമ്പോൾ സ്വന്തം ജനതയ്ക്ക് സംരക്ഷണമേകാതെ അമിതഭാരം അടിച്ചേൽപ്പിക്കുന്ന ഭരണസംവിധാനങ്ങളുടെ പരാജയം കേരളമിന്ന് നേരിടുകയാണ്. കാർഷികത്തകർച്ചയും, കർഷക ആത്മഹത്യകളും, വന്യജീവി അക്രമങ്ങളും, യുവജനങ്ങളുടെ നാടുവിട്ടുള്ള പലായനവും, വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യം വെച്ചുള്ള തീവ്രവാദ അജണ്ടകളും, മദ്യമൊഴുക്കും, മയക്കുമരുന്ന് വ്യാപനവും, സംസ്ഥാനത്തിന്റെ കടക്കെണിയും, ഭരണധൂർത്തും, കേരളത്തിനെ ഗ്രസിച്ചിരിക്കുമ്പോൾ പരിഹാരം കാണാതെ ആഗോള ഭീകരവാദശക്തികൾക്ക് തേനും പാലും നൽകി കേരളത്തിൽ വേരുറപ്പിക്കുവാൻ അനുവദിക്കുന്ന സാഹചര്യം ഇരട്ടി പ്രഹരമാണ്. കഴിഞ്ഞ കാലങ്ങളിൽ ഭീകരവാദികൾ തകർത്തെറിഞ്ഞ കാശ്മീരായി മാറുവാൻ കേരളത്തെ യാതൊരു കാരണവശാലും സാക്ഷരസമൂഹം വിട്ടുകൊടുക്കരുത്.

ലോകത്തിന്റെ വിവിധ കോണുകളിൽ നടക്കുന്ന അക്രമപരമ്പരകളുടെ പിതൃത്വം ഏറ്റെടുത്ത് കേരള സമൂഹത്തിൽ വിദ്വേഷവും വെറുപ്പും സൃഷ്ടിക്കുന്നവരും തെറ്റിദ്ധാരണകൾ പരത്തി ആഗോളഭീകരവാദത്തിന് കുടപിടിക്കുന്നവരും, ജനങ്ങളെ തെരുവിലിറക്കുന്നവരും, ഈ തലമുറയെ സർവ്വനാശത്തിലേയ്ക്ക് തള്ളിവിടും. സാക്ഷരകേരളത്തിൽ മതവർഗ്ഗീയ ചേരിതിരിവുകളില്ലാതെ സമാധാനവും ഐക്യവും പരസ്പര സൗഹാർദ്ദവും നിലനിർത്തി ജനങ്ങളുടെ ഭീതിയും ആശങ്കകളും അകറ്റുവാൻ രാഷ്ട്രീയ ഭരണനേതൃത്വങ്ങളും വിവിധ മതസമുദായിക സംവിധാനങ്ങളും ആത്മാർത്ഥമായി പ്രവർത്തിക്കേണ്ടത് അടിയന്തരമാണെന്നും വി സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു.