തിരുവനന്തപുരം: കേരളം-ക്യൂബ കായിക സഹകരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചെ ഇന്റർനാഷനൽ ചെസ് ഫെസ്റ്റിവൽ ഇന്ന് തുടങ്ങും. ക്യൂബയിൽ നിന്നുള്ള രാജ്യാന്തര ചെസ് താരങ്ങൾ തിരുവനന്തപുരത്ത് എത്തി. രാവിലെ 11 മണിക്ക് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കായിക മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷനാകും. പ്രത്യേക ക്ഷണിതാവായി ഇന്ത്യയിലെ ക്യൂബൻ സ്ഥാനപതി അലെസാന്ദ്രോ സിമാൻകസ് മാരിൻ പങ്കെടുക്കും.

ക്യൂബൻ ഗ്രാന്റ് മാസ്റ്റർമാരായ ദിലൻ ഇസിദ്രോ ബെർദായെസ് അസൻ, റോഡ്നി ഒസ്‌കർ പെരസ് ഗാർസ്യ, ലിസാൻദ്ര തെരേസ ഒർദസ് വാൽദെസ്, എലിയെർ മിറാൻദ മെസ എന്നിവരാണ് ചൊവ്വാഴ്ച വൈകീട്ട് എത്തിയത്. മത്സര വേദിയായ ഹോട്ടൽ ഹയാത്തിലാണ് ഇവർക്ക് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്.

ഉദ്ഘാടന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു, ഭക്ഷ്യ മന്ത്രി ജി. ആർ. അനിൽ, പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ വി. കെ. രാമചന്ദ്രൻ, ഡോ. ശശി തരൂർ എം. പി. എന്നിവർ മുഖ്യാതിഥികളാകും. അഡ്വ. വി. കെ. പ്രശാന്ത് എംഎൽഎ, മേയർ ആര്യാ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി വേണു ഐഎഎസ്, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി, ചെസ് ഒളിമ്പ്യൻ പ്രൊഫ. എൻ. ആർ. അനിൽകുമാർ, സ്പോർട്സ് വകുപ്പ് അഡീ. ചീഫ് സെക്രട്ടറി പുനീത് കുമാർ ഐഎഎസ്, കായിക അഡീ. ഡയറക്ടർ ഷാനവാസ് ഖാൻ ഇ എന്നിവർ സംസാരിക്കും. അഞ്ചു ദിവസം നീളുന്ന ചെസ് ഫെസ്റ്റിവൽ 20ന് സമാപിക്കും.