തിരുവനന്തപുരം:_ ഉടമസ്ഥാവകാശമുള്ള കർഷക ഭൂമിയിൽ പരിസ്ഥിതി സൗഹൃദപരമായ ഭൂവിനിയോഗ സ്വാതന്ത്ര്യം കർഷകരുടെ അവകാശമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.മറ്റേതൊരു ഇന്ത്യൻ പൗരനെ പോലെയും ഇഷ്ടമുള്ള തൊഴിലെടുത്ത് ജീവിക്കാനുള്ള ഭരണഘടനപരമായ അവകാശം കൃഷിക്കാർക്കുമുണ്ട്.കേരളത്തിലെ ബഹുഭൂരിപക്ഷം കൃഷിഭൂമിയും വനസമാനമാണെന്ന് കേന്ദ്രവനം സർവ്വേ വ്യക്തമാക്കിയ സാഹചര്യത്തിലും 2023ലെ വന സംരക്ഷണ നിയമം ഭേദഗതിയുടെ അടിസ്ഥാനത്തിലും 1960 ന് ശേഷം ഏറ്റെടുത്ത മുഴുവൻ കൃഷിഭൂമിയും ഭൂരഹിതർക്കും കർഷകർക്കും കർഷക തൊഴിലാളികൾക്കുമായി വിതരണം ചെയ്യണം.

കണ്ണൻദേവൻ ഹിൽസ് (റിസംഷൻ ഓഫ് ഹിൽസ്) 1971 നിയമവും 1971ലെ തന്നെ കേരള പ്രൈവറ്റ് ഫോറസ്റ്റ് വെസ്റ്റിങ് ആക്ടും ഏറ്റെടുക്കുന്ന മുഴുവൻ കൃഷിഭൂമിയും കർഷകർക്കും ദൂരഹിതർക്കും കർഷക തൊഴിലാളികൾക്കുമായി വിതരണം ചെയ്യാനാണെന്ന് നിയമം തന്നെ വ്യക്തമാക്കിയിരുന്നു. കൃഷി അനുബന്ധ വ്യവസായ വാണിജ്യ സംരംഭങ്ങൾ ആരംഭിക്കുന്നതിനും അഗ്രികൾച്ചർ ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും കാർഷിക ഭൂമി ഉപയോഗിക്കുവാൻ കർഷകർക്ക് കഴിയണം.ഇതര രാജ്യങ്ങളിലെ കർഷകർ ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കാർഷിക അനുബന്ധ മേഖലയിലെ പ്രവർത്തനത്തിലൂടെയും സംരംഭങ്ങളാരംഭിച്ചും സാമ്പത്തികാഭിവൃദ്ധി കൈവരിച്ചുകൊണ്ടിരിക്കുകയാണ്.

നിയമപരമായി ഉടമസ്ഥാവകാശമുള്ള സ്വന്തം ഭൂമിയുടെ ഭൂവിനിയോഗം പരിമിതപ്പെടുത്തിക്കൊണ്ട് നിയമങ്ങൾ നിലനിൽക്കുന്നത് കാരണം നമ്മുടെ കൃഷിക്കാർക്ക് ഇത്തരം നേട്ടങ്ങളിലേക്ക് കുതിക്കുവാൻ കഴിയുന്നില്ല.പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ മാത്രമേ കർഷകരുടെ ഭാഗത്തുനിന്നു മുണ്ടായിട്ടുള്ളൂ. കേരളത്തിലെ ഭൂമി ഉടമസ്ഥാവകാശ വിഷയങ്ങളെ പരിസ്ഥിതിയുമായി കൂട്ടിച്ചേർത്ത് കർഷകർ പരിസ്ഥിതി നശിപ്പിക്കുന്നവരാണെന്നതെറ്റായ ധാരണ നിരന്തരമായി ചില കേന്ദ്രങ്ങൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.മറ്റേതൊരു സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം സംസ്ഥാനത്തെ വനവിസ്തൃതി വർദ്ധിച്ചതും 54% വനാവരണം കേരളത്തിലുണ്ടായതും കർഷകർ ജാഗ്രത പുലർത്തിയതിന്റെ ഫലമായിട്ടാണ്.പശ്ചിമഘട്ട താഴ്‌വരകളിലെ ജനവാസ മേഖലകളിലെ കുടിയേറ്റ കർഷകരുടെ നിയമപരമായ ഉടമസ്ഥാവകാശമുള്ള ഭൂമിയുടെ ഭൂവിനിയോഗത്തിൽ നിലനിൽക്കുന്ന തടസ്സങ്ങൾ പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല.പരിസ്ഥിതിക്ക് ദോഷകരമാകാത്ത ഭൂമി വിനിയോഗിക്കുവാൻ കുടിയേറ്റ കർഷകർക്കും സാധിക്കണം.

ഇക്കാര്യത്തിൽ വലിയ വിവേചനമാണ് കർഷകർ നേരിടുന്നത്.ഇത് പരിഹരിക്കുവാൻ ഭൂവിനിയോഗം സംബന്ധിച്ചുള്ള നിലവിലെ നിയമങ്ങൾ കാലോചിതമായി പരിഷ്‌കരിക്കണം. കൃഷിക്കായി നൽകിയ ഭൂമി സാങ്കേതിക കാരണങ്ങളിൽ ചൂണ്ടിക്കാട്ടി കർഷകരെ ഇരുട്ടിൽ നിർത്തി ഏറ്റെടുത്ത കൃഷിഭൂമികളത്രയും കർഷകർക്ക് തിരികെ നൽകണം. ഉപാധിരഹിത സർവ്വ സ്വതന്ത്ര ഭൂമി കർഷകരുടെ അവകാശമാണെന്നും ജോസ് കെ.മാണി പറഞ്ഞു.
കേരള കോൺഗ്രസ് (എം) തിരുവനന്തപുരം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച 'ഭൂവവകാശ കർഷക സംഗമം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

.ജില്ലാ പ്രസിഡന്റ് സഹായദാസിന്റെ അധ്യക്ഷതയിൽ പാർട്ടി പാർലമെന്ററി പാർട്ടി ലീഡർ മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, സ്റ്റീഫൻ ജോർജ്, എം എൽ എ മാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ, പാർട്ടി ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ, ഹൈ പവർ കമ്മിറ്റി അംഗങ്ങളായ ജേക്കബ് തോമസ് അരികുപുറം, മാത്യു കുന്നപ്പള്ളി, ജില്ലാ സെക്രട്ടറി സി.ആർ.സുനു എന്നിവർ പ്രസംഗിച്ചു.