കേരളത്തിലെ സർക്കാർ ആശുപത്രികളിലെ വ്യാപകമായുള്ള മരുന്ന് ക്ഷാമം, ചികിത്സാ പിഴവുകൾ, അടിസ്ഥാന സൗകര്യങ്ങളായ എക്‌സ്-റേ സ്‌കാനിങ് എന്നിവയ്ക്കായുള്ള മാസങ്ങളുടെ കാത്തിരിപ്പ് എന്നീ പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാഷണൽ ജനതാദൾ സംസ്ഥാന വ്യാപകമായി ജില്ലാ ആശുപത്രികളിൽ മാർച്ച് നടത്തി. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേയ്ക്കാണ് മാർച്ച് നടത്തിയത്.

പാളയം എംഎ‍ൽഎ ഹോസ്റ്റലിന് മുന്നിൽ നിന്നുമാണ് പ്രതിഷേധ മാർച്ച് ആരംഭിച്ചത്. ആശുപത്രി പ്രധാന കവാടത്തിൽ അവസാനിച്ച പ്രതിഷേധ സമരത്തിന് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വിജയകുമാർ അധ്യക്ഷത വഹിച്ചു. സർക്കാർ ആശുപത്രിയെ ആശ്രയിക്കുന്ന സാധാരണ പാവം ജനങ്ങൾ മരുന്നുകൾ ഇല്ലാതെയും, ശരിയായ ചികിത്സകൾ കിട്ടാതെയും, ചികിത്സാ പിഴവുകൾ മൂലവും മരിക്കുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബക്കാരും ബന്ധുക്കളും ചെറിയ പല്ലുവേദന വന്നാൽ പോലും പൊതു ഖജനാവിലെ നികുതിപ്പണം മുടക്കി വിദേശ ചികിത്സയാണ് നടത്തുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡന്റ് കുറ്റിമൂട് ബഷീർ ആരോപിച്ചു. പാർട്ടിയുടെ തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറിമാരായ പായിച്ചിറ നവാസ്, ബിസിൽദാസ് വൈസ് പ്രസിഡന്റുമാരായ ജ്യോതിഷ് കുമാർ, ഷിബു, ഹമീദ്, അഡ്വ. സാജിദ് തുടങ്ങിയവർ സംസാരിച്ചു.