തൃശൂർ, നവംബർ 16, 2023: ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി അക്കാദമി ഓഫ് കേരള (ഐ.സി.ടി.എ.കെ) യുടെ പുതിയ റീജിയണൽ സൗകര്യം കൊരട്ടിയിലെ ഇൻഫോപാർക്ക് 'കണിക്കൊന്ന' കെട്ടിടത്തിൽ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ഐ.സി.ടി.എ.കെ സിഇഒ മുരളീധരൻ മണ്ണിങ്ങൽ സ്വാഗതവും ഐ.സി.ടി.എ.കെ സൊല്യൂഷൻസ് ആൻഡ് റിസർച്ച് മേധാവി ഡോ. ശ്രീകാന്ത് ഡി നന്ദിയും പറഞ്ഞു.

ഐ.സി.ടി.എ.കെ മുൻ സിഇഒ സന്തോഷ് കുറുപ്പ് നേതൃത്വം നൽകിയ പാനൽ സെഷനിൽ ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ, കുസാറ്റിലെ ഐ.ടി സ്‌കൂൾ ഓഫ് എൻജിനീയർ ഡോ. ദലീഷ എം. വിശ്വനാഥൻ, ഐ.ബി.എം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഐ.എസ്.എൽ കൊച്ചി ലാബ്, ഡാറ്റ ആൻഡ് എഐ പ്രോഗ്രാം ഡയറക്ടർ മാധുരി ഡി.എം. എന്നിവർ പങ്കെടുത്തു. ചർച്ചയിൽ നിലവിലെ വ്യവസായത്തിന്റെ പ്രവണതകളെയും അവസരങ്ങളെയും കുറിച്ചുള്ള അവലോകനം നടത്തുകയും ചെയ്തു. ഐ.സി.ടി.എ.കെ, നോളജ് ഓഫീസ് മേധാവി റിജി എൻ. ദാസിന്റെ നേതൃത്വത്തിൽ ഇന്റേൺഷിപ്പ് ഓറിയന്റേഷൻ സെഷനും നടന്നു. അഭിലഷണീയരായ പ്രൊഫഷണലുകൾക്ക് വിദ്യാഭ്യാസവും വ്യവസായ മേഖലയും തമ്മിലുള്ള വിടവ് നികത്താൻ ആവശ്യമായ വിവരങ്ങളുടെ വിശദാംശങ്ങൾ ഈ സെഷനിൽ നൽകി.