- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൽ ഡി എഫിന്റെയും യു ഡി എഫിന്റെയും നിലപാടുകൾ 'ഇന്ത്യ' മുന്നണിയുടെ രാഷ്ട്രീയത്തോട് പ്രതിബദ്ധത ഇല്ലാത്തത് - റസാഖ് പാലേരി
പൊന്നാനി: ഇന്ത്യ മുന്നണിയുടെ ഭാഗമായ എൽ ഡി എഫും യു ഡി എഫും കേരളത്തിൽ സ്വീകരിക്കുന്ന നിലപാട് രാജ്യത്തൊട്ടാകെ ഇന്ത്യ മുന്നണി മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ സമീപനങ്ങളോടും മുദ്രാവാക്യങ്ങളോടും പ്രതിബദ്ധത പുലർത്താത്തതാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ആലത്തിയൂരിൽ വെൽഫെയർ പാർട്ടി പൊന്നാനി പാർലമെന്റ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിൽ ഒരു ഫാഷിസ്റ്റ് വിരുദ്ധ മതനിരപേക്ഷ മുന്നണി അധികാരത്തിൽ വരിക എന്ന ലക്ഷ്യത്തിലാണ് ഇന്ത്യ മുന്നണി രൂപീകരിക്കപ്പെട്ടത്. എന്നാൽ കേവല ഫാഷിസ്റ്റ് വിരുദ്ധത കൊണ്ടു മാത്രം വോട്ട് നേടാമെന്ന് കരുതുന്നത് ശരിയല്ല. വ്യത്യസ്ത ജനവിഭാഗങ്ങളുടെ അവകാശങ്ങളും നിലനിൽപും ചോദ്യം ചെയ്യുകയാണ് സംഘ്പരിവാർ സർക്കാർ രാജ്യത്ത് ചെയ്തു കൊണ്ടിരിക്കുന്നത്. അതിനെ മറികടക്കാനാകും വിധം വിവിധ ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളാനും തെരഞ്ഞെടുപ്പിൽ അവരുടെ മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്താനും ഇന്ത്യ മുന്നണിയിലെ കക്ഷികൾക്ക് സാധിക്കേണ്ടതുണ്ട്.
സംഘ്പരിവാർ ആരെയാണോ തമസ്‌കരിക്കാൻ ശ്രമിക്കുന്നത് അവരെ കൂടുതൽ സ്വീകരിക്കുകയും സമൂഹത്തിനു മുന്നിൽ ഉയർത്തിക്കാണിക്കുകയും ചെയ്യാനുള്ള ശ്രമങ്ങളാണ് തെരഞ്ഞെടുപ്പിലും സ്ഥാനാർത്ഥി നിർണയങ്ങളിലും ഇന്ത്യ മുന്നണിയിലെ ഘടകകക്ഷികൾ ചെയ്യേണ്ടത്. ഫാഷിസ്റ്റ് വിരുദ്ധ നിലപാട് സ്വീകരിക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടികളെയും കൂട്ടായ്മകളെയും കൂട്ടിച്ചേർത്തുകൊണ്ട് ഇന്ത്യ മുന്നണി കൂടുതൽ വികസിപ്പിക്കുന്നതിനും മുന്നോട്ടുപോകുന്നതിനും തയ്യാറാകേണ്ടതുണ്ട്.
കേരളത്തിലെ പ്രബലമായ ഇരുമുന്നണികളും ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. എന്നാൽ ഇന്ത്യ മുന്നണി മുന്നോട്ട് വയ്ക്കുന്ന ജാതി സെൻസസ് പോലെയുള്ള വിഷയങ്ങളിൽ അനുകൂലമായ നടപടി സ്വീകരിക്കാൻ കേരളത്തിൽ ഭരണകക്ഷിയായ ഇടതുപക്ഷത്തിനോ അതിന് സമ്മർദ്ദം ചെലുത്താൻ യു ഡി എഫ് നേതൃത്വം നൽകുന്ന പ്രതിപക്ഷത്തിനോ സാധിച്ചിട്ടില്ല. ഒരേസമയം രാജ്യത്തെ ഫാഷിസ്റ്റ് വിരുദ്ധ മുന്നണിയുടെ ഭാഗമാവുകയും അതേസമയം അതു മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തോട് നീതി പുലർത്താതിരിക്കുകയും ചെയ്തുകൊണ്ട് തികഞ്ഞ രാഷ്ട്രീയ വഞ്ചനയാണ് കേരളത്തിൽ ഇരുപക്ഷവും പുലർത്തിപ്പോരുന്നത്.
സംഘ്പരിവാർ രാഷ്ട്രീയത്തിന്റെ ഇരകളായ സാമൂഹിക ജനവിഭാഗങ്ങളെയും അത്തരം രാഷ്ട്രീയ പ്രശ്‌നങ്ങളെയും അതുയർത്തുന്ന വിവിധ രാഷ്ട്രീയ പാർട്ടികളെയും ഉൾക്കൊള്ളുന്ന വിശാലമായ മുന്നേറ്റം രാജ്യത്ത് ശക്തിപ്പെടണം. സാമൂഹ്യനീതിയുടെ ചോദ്യങ്ങളെയും ദലിതർ, ആദിവാസികൾ, മുസ്ലിംകൾ, മത - ഭാഷ - സാംസ്‌കാരിക ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, കർഷകർ, തൊഴിലാളികൾ തുടങ്ങിയ ജനവിഭാഗങ്ങളെയും പുറന്തള്ളുന്ന സമീപനമാണ് സംഘ്പരിവാറിന്റേത്. അതു കൊണ്ട് തന്നെ ഇത്തരം ജനവിഭാഗങ്ങളെ ഉൾക്കൊള്ളുകളെയും പ്രതിനിധീകരിക്കുകയും ചെയുന്ന രാഷ്ട്രീയ മുന്നേറ്റത്തിന് മാത്രമേ ഫലപ്രദമായ രീതിയിൽ ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ
സാധിക്കുകയുള്ളൂ.
സംഘ്പരിവാറിന്റെ വംശീയ രാഷ്ട്രീയത്തിനെതിരിൽ സാമൂഹ്യനീതിയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചു കൊണ്ട് വെൽഫെയർ പാർട്ടി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. വരും നാളുകളിൽ ഈ രാഷ്ട്രീയത്തെ ജനസമക്ഷം സമർപ്പിച്ചു കൊണ്ടുള്ള കൂടുതൽ ഇടപെടലുകളും പ്രവർത്തനങ്ങളും വാർഡ് - ബൂത്ത് തലങ്ങളിൽ പാർട്ടി നടത്തും. ഡിസംബർ അവസാനത്തോട് കൂടി കേരളത്തിലെ മുഴുവൻ മണ്ഡലങ്ങളിലും കൺവെൻഷനുകൾ പൂർത്തീകരിക്കും.
ആലത്തിയൂർ ഹാജത്ത് ഓഡിറ്റോറിയത്തിൽ നടന്ന ഈ മണ്ഡലം
കൺവെൻഷനിൽ വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ അധ്യക്ഷത വഹിച്ചു...... സഫീർഷ വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി
വഹാബ് വെട്ടം ജില്ല വൈസ് പ്രസിഡന്റ്, റജീന ഇരിമ്പിളിയം, റഷീദ ഖാജ , ഇബ്രാഹിം കുട്ടി മംഗലം ജില്ലാ സെക്രട്ടറി ജില്ലാ കമ്മിറ്റി അംഗങ്ങളായ . മുഹമ്മദ് പൊന്നാനി തുടങ്ങിയവർ സംസാരിച്ചു.