- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയ കിസാൻ മഹാസംഘ് കിസാൻ മഹാപഞ്ചായത്തിന് പാലക്കാട് തുടക്കം
കൊച്ചി: കർഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് രാജ്യത്തെ 20 സംസ്ഥാനങ്ങളിൽ നടത്തുന്ന കിസാൻ മഹാപഞ്ചായത്തിന് പാലക്കാട് ഡിസംബർ 20ന് തുടക്കമാകും.
ഡൽഹി കർഷകസമരത്തിന്റെ ഒത്തുതീർപ്പ് വ്യവസ്ഥകളിൽ നിന്ന് കേന്ദ്ര സർക്കാർ ഒളിച്ചോട്ടം നടത്തുന്നതിൽ പ്രതിഷേധിച്ചും വിവിധ കർഷക വിഷയങ്ങൾ ഉയർത്തിക്കാട്ടിയുമാണ് കിസാൻ മഹാപഞ്ചായത്ത് രാജ്യത്തുടനീളം സംഘടിപ്പിക്കുന്നത്. ദേശീയ കർഷക നേതാക്കളായ ശിവകുമാർ കക്കാജി, ജഗജീത് സിങ് ദല്ലോവാൻ എന്നിവരുൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നു കർഷകനേതാക്കൾ പാലക്കാട് നടത്തുന്ന കർഷക മഹാപഞ്ചായത്തിൽ പങ്കുചേരും.
കിസാൻ മഹാപഞ്ചായത്തിന് മുന്നൊരുക്കമായി നടന്ന രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന നേതൃസമ്മേളനത്തിൽ രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ.ബിനോയ് തോമസ് അദ്ധ്യക്ഷത വഹിച്ചു. സൗത്ത് ഇന്ത്യ കൺവീനർ അഡ്വ.വി സി.സെബാസ്റ്റ്യൻ മുഖ്യാതിഥിയായിരുന്നു. ദേശീയ കോർഡിനേറ്റർ അഡ്വ.കെ.വി.ബിജു, വൈസ് ചെയർമാൻ ജോയി കണ്ണഞ്ചിറ എന്നിവർ വിഷയാവതരണം നടത്തി.
രാഷ്ട്രീയ കിസാൻ മഹാസംഘിന്റെയും, വിവിധ കർഷക സംഘടനകളുടെയും ദേശീയ സംസ്ഥാന നേതാക്കളായ മുതലാംതോട് മണി, പ്രൊഫ.ജോസുകുട്ടി ഒഴുകയിൽ, ജെയിംസ് വടക്കൻ, ജിന്നറ്റ് മാത്യു, ആയാംപറമ്പ് രാമചന്ദ്രൻ, ജോർജ് സിറിയക്, സി.റ്റി.തോമസ്, ഉണ്ണികൃഷ്ണൻ ചേർത്തല, ഹരിദാസ് കല്ലടിക്കോട്, പി. പി ഏനു, സജീഷ് കൂത്തന്നൂർ, ചാക്കപ്പൻ ആന്റണി, പി.രവീന്ദ്രൻ, സിറാജ് കൊടുവായൂർ, മനു ജോസഫ്, പി ജെ ജോൺ മാസ്റ്റർ,വിദ്യാധരൻ സി.വി., ജോബിൾ വടാശേരി, അഡ്വ: സുബിൻ എസ്. നെടുങ്ങാടൻ, റോസ് ചന്ദ്രൻ, അപ്പച്ചൻ ഇരുവേലിൽ, ജോജോ ആന്റണി, റോജർ സെബാസ്റ്റ്യൻ, ഷാജി തുണ്ടത്തിൽ, എന്നിവർ സംസാരിച്ചു.
കിസാൻ മഹാ പഞ്ചായത്തിന്റെ വിപുലമായ നടത്തിപ്പിനായുള്ള സ്വാഗതസംഘസമ്മേളനം നവംബർ 26 ഞായർ രാവിലെ 11ന് പാലക്കാട് ചക്കാന്തറയിലുള്ള പാസ്റ്ററൽ സെന്ററിൽ ചേരും.
32 സ്വതന്ത്ര കർഷക സംഘടനകളാണ് കേരളത്തിൽ രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ ഭാഗമായുള്ളത്. കിസാൻ മഹാപഞ്ചായത്തിൽവെച്ച് കൂടുതൽ പ്രാദേശിക സ്വതന്ത്ര കർഷക സംഘടനകളെ ഉൾപ്പെടുത്തി ദേശീയ തലത്തിൽ വിപുലീകരിച്ച് കർഷക ഐക്യം ശക്തിപ്പെടുത്തുവാനും ലക്ഷ്യമിടുന്നുവെന്ന് സംസ്ഥാന ചെയർമാൻ അഡ്വ: ബിനോയ് തോമസ് സൂചിപ്പിച്ചു.
എല്ലാ കാർഷിക ഉല്പന്നങ്ങളുടെയും അടിസ്ഥാനവില സ്വാമിനാഥൻ കമ്മീഷൻ നിശ്ചയിച്ചതുപ്രകാരം നടപ്പിലാക്കുക, റബർ, പാം ഓയിൽ ഉൾപ്പെടെയുള്ള എല്ലാ കാർഷികോല്പന്നങ്ങളുടെയും ഇറക്കുമതി തീരുവ കൂട്ടുക, ലോകവ്യാപാര സംഘടനയിൽ നിന്ന് ഇന്ത്യ പിൻവാങ്ങുക, ഗ്രാമീണ കർഷകരെ സംരക്ഷിക്കുക, കർഷകവിരുദ്ധ രാജ്യാന്തര സ്വതന്ത്രവ്യാപാര കരാർ ചർച്ചകൾ നിർത്തിവെയ്ക്കുക, കാർഷിക കടങ്ങൾ എഴുതിത്ത്തള്ളുക, പരിസ്ഥിതിലോലം, ബഫർസോൺ, വന്യജീവി അക്രമങ്ങൾ എന്നിവയിൽ നിന്ന് കർഷക സംരക്ഷണം ഉറപ്പാക്കുക കാർഷികോല്പന്ന സംഭരണം സമയബന്ധിതമായി നടപ്പിലാക്കി ന്യായവില ലഭ്യമാക്കുക എന്നീ ആവശ്യങ്ങളാണ് വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന കിസാൻ മഹാപഞ്ചായത്തിലൂടെ രാഷ്ട്രീയ കിസാൻ മഹാസംഘ് മുന്നോട്ടുവെയ്ക്കുന്നത്.