പാലാ: വൺ, ടു, ത്രീ പറഞ്ഞ് തീരുംമുമ്പ് കൽക്കെട്ട് തകർന്ന പാലത്തിന്റെ നവീകരണത്തിനായി മാണി സി കാപ്പൻ എം എൽ എ 25 ലക്ഷം രൂപ അനുവദിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെത്തുടർന്നാണ് അന്ത്യാളം - താമരരുക്ക് - അന്തീനാട് റോഡിൽ അന്തീനാട് പള്ളിക്കു മുൻപിലെ പാലത്തിന്റെ അടിവശത്തെ കൽകെട്ട് തകർന്നത്. പാലാ - തൊടുപുഴ ഹൈവേയുമായി ബന്ധിപ്പിക്കുന്ന പാലമാണ് ഇത്. ഇതോടെ ഗതാഗതം തടസ്സപ്പെടുകയായിരുന്നു.

കൽക്കെട്ട് തകർന്ന സംഭവം പഞ്ചായത്ത് മെമ്പർ സ്മിത ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ നാട്ടുകാർ മാണി സി കാപ്പന്റെ ശ്രദ്ധയിൽപ്പെടുത്തിയ ഉടനെ 25 ലക്ഷം രൂപ എം എൽ എ ഫണ്ടിൽ നിന്നും അനുവദിക്കുകയായിരുന്നു. അന്തീനാട് ശാന്തിനിലയം സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിനാളുകളും നിരവധി വാഹനങ്ങളും കടന്നു പോകുന്ന റോഡാണിത്. അന്തീനാട് പള്ളി, അന്തീനാട് ക്ഷേത്രം, കൊല്ലപ്പള്ളി എന്നിവിടങ്ങളിലേയ്ക്കു പോകാനായി ജനങ്ങൾ ആശ്രയിക്കുന്ന പാലമാണ് ഇത്.

ആറു പതിറ്റാണ്ടിലേറെ പഴക്കമുള്ള പാലത്തിന് ഉണ്ടായിരുന്ന ബലക്ഷയം കനത്ത മഴയെത്തുടർന്നു പ്രതികൂലമായി ബാധിക്കുകയായിരുന്നു. എസ്റ്റിമേറ്റ് തയ്യാറാക്കി അടിയന്തിര നടപടി സ്വീകരിക്കാൻ മാണി സി കാപ്പൻ ജില്ലാ കളക്ടർക്കു നിർദ്ദേശവും നൽകി.