മലപ്പുറം: അരീക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഇന്റർവെൽ' വിദ്യാഭ്യാസ സ്റ്റാർട്ടപ്പിനെ അഭിനന്ദിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിന്റെ മലപ്പുറം ജില്ലയിലെ പര്യടനവുമായി ബന്ധപ്പെട്ടു ബുധനാഴ്ച മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടപ്പോളാണ് 'ഇന്റർവെൽ' സ്റ്റാർട്ടപ്പിനേയും അവർ ഫിൻലൻഡിൽ നേടിയ ശ്രദ്ധേയ നേട്ടത്തെക്കുറിച്ചും മുഖ്യമന്ത്രി എടുത്ത് പറഞ്ഞത്. ഫിൻലാൻഡിലെ ടാലന്റ് ബൂസ്റ്റ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ആഗോള സ്റ്റാർട്ടപ്പ് സംഗമത്തിലേക്ക് 'ഇന്റർവെൽ' തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അത്തരമൊരു ക്ഷണം ലഭിക്കുന്ന ആദ്യ ഇന്ത്യൻ സ്റ്റാർട്ടപ്പാണ് 'ഇന്റർവെൽ'. വളരെ വലിയ അംഗീകാരമാണ് ഈ സ്റ്റാർട്ടപ്പ് നേടിയിരിക്കുന്നത്. 30 രാജ്യങ്ങളിലായി 25,000 ലധികം വിദ്യാർത്ഥികൾക്കാണ് ഇവർ വിദ്യാഭ്യാസസാങ്കേതിക സേവനം നൽകുന്നത്. കേരളത്തിനാകെ അഭിമാനിക്കാവുന്ന നേട്ടമാണിത്, മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു വെച്ച് നടന്ന പരിപാടിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും 'ഇന്റർവെലിനെ' പേരെടുത്തു പരാമർശിച്ചിരുന്നു.

ഈ സെപ്റ്റംബറിലാണ് ഇന്റർവെൽ ഫിൻലൻഡ് സാമ്പത്തികകാര്യ മന്ത്രാലയം തുടക്കമിട്ട 'ടാലന്റ് ബൂസ്റ്റ്' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ആഗോള സ്റ്റാർട്ടപ്പ് സംഗമത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. തുടർന്ന്, യൂറോപ്പിൽ ആസ്ഥാനം തുടങ്ങുന്നതിനുള്ള സഹായവും ഫിൻലൻഡ് വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ അവസാനവട്ട ചർച്ചകൾക്കായി ഇന്റർവെൽ സഹസ്ഥാപകൻ റമീസ് അലി നിലവിൽ ഫിൻലണ്ടിൽ ഉണ്ട്.

2021 ൽ ഒ.കെ സനാഫിറിനൊപ്പം റമീസ് അലി, ഷിബിലി അമീൻ അസ്ലഹ് തടത്തിൽ, നാജിം ഇല്ല്യാസ് എന്നിവർ ചേർന്നാണ് ഇന്റർവെൽ എന്ന ആശയം നടപ്പിലാക്കുന്നത്. മെച്ചപ്പെട്ട വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് നൽകണമെന്ന ലക്ഷ്യം വച്ചാണ് ഇന്റെർവെലിന്റെ ആരംഭം. എജുടെക്ക് പ്ലാറ്റ്‌ഫോമുകൾ പിന്തുടരുന്ന പതിവ് രീതികളിൽ നിന്ന് വ്യത്യസ്മായി വൺ-റ്റു-വൺ ലൈവ് ട്യൂട്ടറിങ് ആണ് ഇന്റർവെൽ പിന്തുടരുന്നത്. അദ്ധ്യാപകർ നേരിട്ട് വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നൽകുകയും ഓരോ വിദ്യാർത്ഥിക്കും വ്യക്തിഗത ശ്രദ്ധ നൽകുകയും ചെയ്യുന്ന സംവിധാനമാണിത് . നിലവിൽ ഇന്റർവെൽ പ്ലാറ്റ്‌ഫോമിൽ നാലായിരത്തിലേറെ അദ്ധ്യാപകരുണ്ട്.