തൃശ്ശൂർ വിയ്യൂർ സെൻട്രൽ ജയിലിലെ വനിതാസെല്ലിൽ നിന്നും നൈജീരിയക്കാരി ഇഫിയോമയെ (33) പത്തനാപുരം ഗാന്ധിഭവൻ ഷെൽട്ടർ ഹോമിലേക്ക് മാറ്റി. ഹൈക്കോടതിയുടെ ഉത്തരവിന്മേലാണ് തൃശ്ശൂരിൽ നിന്നും ഗാന്ധിഭവനിൽ എത്തിച്ചത്. രണ്ട് വനിതാപൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് ഇഫിയോമയെ കൊണ്ടുവന്നത്. മുംബൈയിൽ ടീഷർട്ട് വ്യാപാരിയായിരുന്ന ഇഫിയോമ രണ്ടുവർഷം മുന്നേ കേരളത്തിൽ തന്റെ സുഹൃത്തിനെ കാണാനെത്തിയതാണ്.

എന്നാൽ സുഹൃത്ത് മയക്കുമരുന്നുകേസിൽ കേരള പൊലീസിന്റെ പിടിയിലാവുകയും കൂടെയുള്ള ഇഫിയോമ കൂട്ടുപ്രതിയായി പൊലീസ് കസ്റ്റഡിയിലാവുകയും ചെയ്തു. ഇവരുടെ പാസ്‌പോർട്ടിന്റെ കാലാവധി തീർന്നതും പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കി. കേസിൽ ഇവർ നിരപരാധിയാണെന്ന് കോടതി വിധിച്ചെങ്കിലും ഇന്ത്യൻ എംബസി ഇടപെട്ടു. ഇവരുടെ വിസ പുതുക്കുന്നത്തിനുള്ള കാലതാമസമാണ് ഇപ്പോൾ നേരിടുന്നത്. അതുവരെ ഇവർക്ക് ഗാന്ധിഭവനിൽ താൽക്കാലിക സംരക്ഷണം നൽകാൻ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിടുകയായിരു ന്നു. വിയ്യൂർ വനിതാ ജയിൽ സൂപ്രണ്ട് റ്റി.ജെ. ജയയുടെ കത്തുമായി എഎസ്ഐ. ഭാവനയും വനിതാ സിവിൽ പൊലീസ് ഓഫീസർ ബിന്ദുവും ചേർന്നാണ് പത്തനാപുരം ഗാന്ധിഭവനിലേക്ക് ഇഫിയോമയെ കൊണ്ടുവന്നത്. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജന്റെ നേതൃത്വത്തിൽ സൂപ്രണ്ട് സൂസൻ തോമസ് ഇഫിയോമയെ ഏറ്റെടുത്ത് ഷെൽട്ടർ ഹോമിലേക്ക് മാറ്റി.

മനുഷ്യക്കടത്തു കേസിൽ പിടിയിലായി ഒടുവിൽ നിരപരാധികളെന്നുകണ്ടു ഹൈക്കോടതി വെറുതേ വിട്ട പത്തംഗ ശ്രീലങ്കൻ കുടുംബവും ഒരുവർഷത്തിലധികമായി ഗാന്ധിഭവനിൽ കഴിയുകയാണ്. സംസ്ഥാനത്തിനകത്തും പുറത്തും നിന്നു മാത്രമല്ല, കടലുകടന്ന് എത്തുന്നവർക്കുപോലും ഇന്ന് ആശ്രയവും ആശ്വാസവുമാവുകയാണ് പത്തനാപുരം ഗാന്ധിഭവൻ