ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുന്ന കേരള ഗവർണർക്കെതിരെ സുപ്രീം കോടതി ശക്തമായ താക്കീത് നൽകിയത് രണ്ട് ദിവസം മുമ്പാണ്. എന്നാൽ ആർ എസ് എസിനോടുള്ള വിധേയത്വം മൂലം കോടതികളെ വെല്ലുവിളിക്കുന്ന ഗവർണറുടെ നിലപാട് അതിരുകടന്നതാണ്.

ജനാധിപത്യത്തെ കശാപ്പു ചെയ്യാനാണ് ഗവർണറുടെ തീരുമാനമെങ്കിൽ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരും. സർവകലാശാലകളെ സംഘപരിവാർ താവളമാക്കാനുള്ള ഗവർണറുടെ പദ്ധതി കേരളത്തിൽ അനുവദിക്കില്ല.

കേരളസർവകലാശാലയുടെ ഉപരിസഭയായ സെനറ്റിലേക്ക് നിലവിലുള്ള മാനദണ്ഡങ്ങൾ മുഴുവൻ കാറ്റിൽപറത്തി അയോഗ്യരായവരെ നിയോഗിച്ച ഗവർണറുടെ നിലപാട് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. കേരള, കാലിക്കറ്റ് സർവകലാശാലകളിൽ യോഗ്യതകളും അക്കാദമിക് മികവും അട്ടിമറിച്ചു കൊണ്ടാണ് ആർ എസ് എസ്, ബിജെപി പ്രവർത്തകരെയും ആശ്രിതരെയും സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്. കലാരംഗത്തും സ്‌പോർട്‌സിലും പ്രാഗത്ഭ്യം തെളിയച്ചവർ, ഉന്നതമായ അക്കാദമിക് പ്രാവീണ്യമുള്ളവർ, വിവിധ പരീക്ഷകളിലെ റാങ്ക് ജേതാക്കൾ, എന്നിവരടങ്ങിയ കേരള സർവകലാശാലയുടെ ലിസ്റ്റ് അവഗണിച്ചുകൊണ്ടാണ് ഗവർണർ സെനറ്റിലേക്ക് സംഘപരിവാർ പിണിയാളുകളെ നോമിനേറ്റ് ചെയ്തത്.

ഇത്തരം നീക്കങ്ങളെ അപലപിക്കാൻ തയ്യാറാവാത്ത കോൺഗ്രസ് നിലപാട് ജനങ്ങൾ തിരിച്ചറിയണം. ഉന്നതവിദ്യാഭ്യാസ മേഖലയെയും സർവകലാശാലകളെയും ആർ എസ് എസ് വത്കരിക്കാനുള്ള നീക്കത്തെ ശക്തമായി ചെറുക്കാൻ ബഹുജനങ്ങൾ രംഗത്തിറങ്ങണമെന്ന് DYFI സംസ്ഥാന സെക്രട്ടറി വി കെ സനോജ് അഭ്യർത്ഥിച്ചു.