എരുമേലി : ഇതാദ്യമായി എരുമേലി പേട്ടതുള്ളൽ പാതയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ സഹകരണത്തോടെ സംയുക്തമായി അയ്യപ്പ ഭക്തർക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന സേവന കേന്ദ്രവും ഹെൽപ് ഡസ്‌കും ആരംഭിച്ചു. രാവിലെ 11 ന് നടന്ന ചടങ്ങിൽ കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി എം അനിൽകുമാർ ഭദ്ര ദീപം കൊളുത്തി കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. എടിഎം കൗണ്ടറിന്റെ ഉദ്ഘാടനം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇ ഡി ബിജു നിർവഹിച്ചു. വാവർ ഗ്രൗണ്ടിനടുത്ത് അക്ഷയ ന്യൂസ് കേരളയുടെ ഓഫിസിലാണ് സേവന കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.

ശബരി ഡെവലപ്പ്‌മെന്റ് സൊസൈറ്റി, അക്ഷയ ന്യൂസ് കേരള, ശബരി ന്യൂസ്, എരുമേലി പ്രസ്സ് ക്ലബ്ബ്, എംഇഎസ് കോളേജ് എൻഎസ്എസ് യുണിറ്റ്, ഇസാഫ് ബാങ്ക്, അക്ഷയ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സേവന കേന്ദ്രം തുറന്നിരിക്കുന്നത്. സേവന കേന്ദ്രത്തിൽ കുടിവെള്ളവും ചുക്കു കാപ്പിയും ഭക്തർക്ക് ലഭിക്കും. കൂടാതെ അയ്യപ്പ ഭക്തർക്ക് വിശ്രമിക്കുന്നതിന് സൗജന്യമായി വിരി വെയ്ക്കാനുള്ള സൗകര്യം ഇസാഫ് ബാങ്കിന്റെ എടിഎം കൗണ്ടർ, സൗജന്യ ഇന്റർനെറ്റ് ഉൾപ്പടെ വൈഫൈ യും മൊബൈൽ ഫോൺ ചാർജിങ് സൗകര്യവും വിർച്വൽ ക്യൂ ബുക്കിങ് സൗകര്യം, തീർത്ഥാടന പ്രദേശങ്ങളുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാന വിവരങ്ങൾ ഉൾപ്പെട്ട വിവിധ ഭാഷകളിൽ തയ്യാറാക്കിയ ലഘുലേഖകൾ തുടങ്ങിയവ ലഭ്യമാണ്.

ഉദ്ഘാടന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാർ, റോഡ് സേഫ് സോൺ കൺട്രോളിങ് ഓഫിസർ അനീഷ് കുമാർ, ശബരി ഡെവലപ്പ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ് സോജൻ ജേക്കബ്, ഇസാഫ് കോ ഓപ്പറേറ്റീവ് റീജനൽ മാനേജർ അജിത് തോമസ്, എരുമേലി എസ് ഐ ശാന്തി ബാബു, പഞ്ചായത്ത് അംഗം അനുശ്രീ സാബു, അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്രട്ടറി മനോജ് എസ് നായർ, പരിസ്ഥിതി പ്രവർത്തകൻ രവീന്ദ്രൻ എരുമേലി, സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം സുശീൽ കുമാർ, തങ്കച്ചൻ കാരയ്ക്കാട്, എംഇഎസ് കോളേജ് എൻഎസ്എസ് വാളന്റിയർമാരായ ഗൗരി സുരേഷ്, ഫാത്തിമ മുഹ്‌സിന, അൽത്താഫ് റഹ്മത്ത്, മുഹമ്മദ് റമീസ് തുടങ്ങിയവർ പങ്കെടുത്തു.
ചിത്രം.
എരുമേലിയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ അയ്യപ്പഭക്തർക്കായി തുറന്ന സേവന കേന്ദ്രത്തിന്റെയും ഹെൽപ് ഡെസ്‌കിന്റെയും ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി എം അനിൽകുമാർ നിർവഹിക്കുന്നു.