- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓർമ്മ' അന്താരാഷ്ട്ര പ്രസംഗ മത്സരം സീസൺ 2 വിന് തുടക്കം; ജൂനിയർ-സീനിയർ വിഭാഗങ്ങൾക്കായി പത്ത് ലക്ഷം രൂപ സമ്മാനത്തുക
കോട്ടയം: ഓവർസീസ് റെസിഡന്റ് മലയാളി അസോസിയേഷൻ (ഓർമ്മ) നേതൃത്വം നൽകുന്ന ടാലന്റ് പ്രൊമോഷൻ ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന്റെ സീസൺ 2 ഡിസംബർ 10 ന് ആരംഭിക്കുമെന്ന് ഓർമ്മ ടാലെന്റ് പ്രമോഷൻ ഫോറം സെക്രട്ടറി എബി ജെ ജോസ്, ഓർമ്മ സെക്രട്ടറി ഷാജി ആറ്റുപുറം എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള പ്രസംഗ മത്സരമാണ് ഇതെന്നും സംഘാടകർ പറഞ്ഞു. ഈ വർഷം മുതൽ ജൂനിയർ വിഭാഗത്തിൽ ഉള്ള വർക്കും മത്സരത്തിൽ പങ്കെടുക്കാം. സീസൺ 2 ൽ ജൂനിയർ വിഭാഗത്തിൽ അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കും സീനിയർ വിഭാഗത്തിൽ ഡിഗ്രി അവസാനവർഷം പഠിക്കുന്നവർക്കു വരെ പങ്കെടുക്കാം. സീസൺ ഒന്നിൽ ഇംഗ്ലീഷ് മലയാളം വിഭാഗത്തിൽ മൂന്നുവരെ സ്ഥാനം ലഭിച്ചവർക്കു സീസൺ 2 വിൽ പങ്കെടുക്കാനാവില്ല. പുതിയ ആളുകൾക്കു അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിബന്ധന ഏർപ്പെടുത്തിയിരിക്കുന്നത്.
വേദിക് ഐഎഎസ് ട്രെയിനിങ് അക്കാദമി, കാർനെറ്റ് ബുക്‌സ്, കരിയർ ഹൈറ്റ്‌സ് എന്നിവയുമായി സഹകരിച്ചാണ് ഓർമ്മ സീസൺ 2 പ്രസംഗ മത്സരം സംഘടിപ്പിക്കുന്നത്.
പത്ത് ലക്ഷം രൂപയുടെ ക്യാഷ് അവാർഡുകളാണ് വിജയികളെ കാത്തിരിക്കുന്നത്. 2023 ഡിസംബർ 10 മുതൽ 2024 ജൂലൈ 13 വരെ മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം നടക്കുന്നത്. ജൂലൈ 12, 13 തീയതികളിൽ പാലായിൽ വെച്ച് ഗ്രാൻഡ് ഫിനാലെയും നടക്കും. ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളിലായി ഡിസംബർ 10 മുതൽ ജനുവരി 30 വരെയാണ് ആദ്യഘട്ട ഓൺലൈൻ മത്സരം നടക്കുന്നത്. ആദ്യഘട്ട മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ജൂനിയർ - സീനിയർ ക്യാറ്റഗറിയിലെ ഇംഗ്ലീഷ് - മലയാളം വിഭാഗം വിദ്യാർത്ഥികളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെടുന്ന 25 വീതം വിദ്യാർത്ഥികൾക്ക് രണ്ടാം ഘട്ട മത്സരത്തിൽ പങ്കെടുക്കാം.
ഓർമ്മ വെബ്‌സൈറ്റിലുള്ള ഗൂഗിൾ രജിസ്‌ട്രേഷൻ ഫോം പൂരിപ്പിച്ചയയ്ക്കുകയാണ് മത്സരത്തിൽ പങ്കെടുക്കാനുള്ള ആദ്യപടി. രജിസ്റ്റർ ചെയ്യുന്ന അവസരത്തിൽ സീനിയേഴ്‌സ് മലയാള വിഭാഗം ''സാമൂഹികമാധ്യമങ്ങളുടെ സ്വാധീനം യുവജനങ്ങളിൽ' - (ഇംഗ്ലീഷ് വിഭാഗം The influence of oscial media on young generation) എന്ന വിഷയത്തിലും ജൂനിയേഴ്‌സ് മലയാള വിഭാഗം 'കുട്ടികളുടെ സാമൂഹിക വളർച്ചയിൽ മൂല്യങ്ങളുടെ പങ്ക്' (ഇംഗ്ലീഷ് വിഭാഗം The role of values in the oscial development of children) എന്ന വിഷയത്തിലും
മൂന്നു മിനിട്ടിൽ കവിയാത്ത പ്രസംഗത്തിന്റെ വീഡിയോയും ഗൂഗിൾഫോമിലൂടെ അപ്ലോഡ് ചെയ്യണം. ഗൂഗിൾ ഫോമിൽ വീഡിയോ അപ് ലോഡ് ചെയ്യാൻ സാധിക്കാത്ത പക്ഷം ormaspeech@gmail.com എന്ന ഈമെയിലിൽ അയച്ചു നൽകാവുന്നതാണ്. വീഡിയോയുടെ തുടക്കത്തിൽ തന്നെ പേര് കൃത്യമായി പറയണം. സാമ്പിൾ വീഡിയോ വെബ്‌സൈറ്റിൽ കാണാവുന്നതാണ്.
രണ്ടാം റൗണ്ട് മത്സരത്തിനായി തയ്യാറെടുക്കുന്നതിന് മുൻപ് മത്സരാർത്ഥികൾക്ക് ഓൺലൈനായി പബ്ലിക് സ്പീക്കിങ് പരിശീലന പരമ്പര നൽകപ്പെടുന്നതാണ്. മാർച്ച് ഒന്ന് മുതൽ മെയ് 15 വരെയാണ് രണ്ടാംഘട്ട പ്രസംഗ മത്സരം നടക്കുന്നത്. സെക്കൻഡ് റൗണ്ട് മത്സരത്തിൽ മലയാളം-ഇംഗ്ലീഷ് ഭാഷകളിൽ ജൂനിയർ-സീനിയർ വിഭാഗങ്ങളിൽ നിന്നും വിജയികളാകുന്ന 13 വീതം വിദ്യാർത്ഥികൾ ജൂലൈ 13ന് നടക്കുന്ന ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഫൈനൽ റൗണ്ടിന് മുന്നോടിയായി ജൂലൈ 12ന് പാലായിൽ വെച്ച് മത്സരാർത്ഥികൾക്ക് പബ്ലിക് സ്പീക്കിംഗിൽ പ്രത്യേക പരിശീലനം ലഭിക്കുന്നതാണ്.
ഫൈനൽ റൗണ്ടിൽ വിജയികളാകുന്ന വിദ്യാർത്ഥികൾക്ക് കാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും. ഗ്രാൻഡ് പ്രൈസായ 'ഓർമാ ഒറേറ്റർ ഓഫ് ദി ഇയർ-2024' പ്രതിഭയ്ക്ക് അറ്റോണി ജോസഫ് കുന്നേൽ ഏർപ്പെടുത്തിയിരിക്കുന്ന ഒരു ലക്ഷം രൂപ കാഷ് പ്രൈസും അവാർഡും പ്രശസ്തിപത്രവും സമ്മാനം ലഭിക്കും. സീനിയർ വിഭാഗത്തിൽ മലയാളം-ഇംഗ്ലീഷ് ഭാഷകളിൽ ഒന്നാം സ്ഥാനം നേടുന്ന മത്സരാർത്ഥികൾക്ക് 50,000 രൂപ വീതം കാഷ് പ്രൈസ് ലഭിക്കും.
30,000 രൂപ വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും 20,000 രൂപ വീതമുള്ള മൂന്ന് മൂന്നാം സമ്മാനങ്ങളും 10,000 രൂപ വീതം നാല് നാലാം സമ്മാനങ്ങളും 5000 രൂപ വീതം മൂന്ന് അഞ്ചാം സമ്മാനങ്ങളും യഥാക്രമം നൽകും. ജൂനിയർ വിഭാഗത്തിൽ ഇംഗ്ലീഷ്-മലയാളം ഭാഷകളിലായി വിജയികളാകുന്ന മത്സരാർത്ഥികൾക്ക് 25,000 രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുക. 15,000 രൂപ വീതം രണ്ട് രണ്ടാം സമ്മാനങ്ങളും 10,000 രൂപ വീതം മൂന്ന് മൂന്നാം സമ്മാനങ്ങളും 5,000 രൂപ വീതം നാല് നാലാം സമ്മാനങ്ങളും 3000 രൂപ വീതം മൂന്ന് അഞ്ചാം സമ്മാനങ്ങളും ലഭിക്കും.
മദ്രാസ് ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റീസ് ഡോ. ജസ്റ്റിസ് കെ നാരായണക്കുറുപ്പ്, ജി20 ഗ്ലോബൽ ലാൻഡ് ഇനിഷ്യേറ്റീവ് ഡയറക്ടർ ഡോ മുരളി തുമ്മാരുകുടി, ഡിആർഡിഒ-എയ്റോ സിസ്റ്റംസ് മുൻ ഡയറക്ടർ ജനറൽ ഡോ. ടെസ്സി തോമസ്, അമേരിക്കയിലെ അർക്കാഡിയ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. അജയ് നായർ, കേന്ദ്ര സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോ. ജാൻസി ജെയിംസ്, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. ബാബു സെബാസ്റ്റ്യൻ, മുൻ ഡി ജി പിഡോ. ബി. സന്ധ്യ, ചലച്ചിത്ര സംവീധായകൻ ലാൽ ജോസ്, ഗ്രാൻഡ് മാസ്റ്റർ ഡോ. ജി. എസ് പ്രദീപ്, കോർപ്പറേറ്റ് ട്രെയിനർ ആൻഡ് ബിസിനസ് കോച്ച് ഷമീം റഫീഖ് എന്നിവരാണ് ഓർമ്മ അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന്റെ അഡൈ്വസറി ബോർഡ് അംഗങ്ങൾ.
അമേരിക്കയിൽ അദ്ധ്യാപകനും മോട്ടിവേറ്റർ എഡ്യൂക്കേറ്ററുമായ ജോസ് തോമസ് ചെയർമാനായുള്ള ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രൊമോഷൻ ഫോറമാണ് പ്രസംഗ മത്സരത്തിന് നേതൃത്വം നൽകുന്നത്. അറ്റോണി ജോസഫ് കുന്നേൽ (കോട്ട് ലോ, ഫിലാഡൽഫിയ), അലക്‌സ് കുരുവിള (മാനേജിങ് ഡയറക്ടർ, കാർനെറ്റ് ബുക്‌സ്), ഡോ. ആനന്ദ് ഹരിദാസ് (സ്‌പെഷ്യലിസ്റ്റ് ഇൻ ക്ലിനിക്കൽ കാർഡിയോവാസ്‌കുലർ മെഡിസിൻ), ഷൈൻ ജോൺസൺ (റിട്ടയേർഡ് ഹെഡ്‌മിസ്ട്രസ്, തേവര എസ് എച്ച് ഹയർ സെക്കന്ററി സ്‌കൂൾ), മാത്യു അലക്സാണ്ടർ (മാനേജിങ് ഡയറക്ടർ, ലവ് ടു കെയർ ഗ്രൂപ്പ്, യുകെ) എന്നിവരാണ് ഡയറക്ടർമാർ. എബി ജെ ജോസ് (ചെയർമാൻ, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ) സെക്രട്ടറി, സജി സെബാസ്റ്റ്യൻ (സൂപ്പർവൈസർ യു.എസ്‌പി.എസ് & ഡയറക്ടർ എസ്&എസ് കൺസൾട്ടൻസി) ഫിനാൻഷ്യൽ ഓഫീസർ, മിസ്. എമിലിൻ റോസ് തോമസ് (യുഎൻ സ്പീച്ച് ഫെയിം ആൻഡ് പെൻസിൽവാനിയ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്)-യൂത്ത് കോർഡിനേറ്റർ എന്നിവരാണ് മറ്റ് സംഘാടകർ.
ജോർജ് നടവയൽ (പ്രസിഡന്റ്), ഷാജി അഗസ്റ്റിൻ (ജനറൽ സെക്രട്ടറി), ജോസ് ആറ്റുപുറം (ട്രസ്റ്റീ ബോർഡ് ചെയർമാൻ), റോഷിൻ പ്ലാമൂട്ടിൽ (ട്രഷറർ), പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫയർ ചെയർ വിൻസെന്റ് ഇമ്മാനുവേൽ, ഓർമ്മ കേരള ചാപ്റ്റർ പ്രസിഡന്റ് കുര്യാക്കോസ് മണിവയലിൽ എന്നീ ഓർമ്മ രാജ്യാന്തര ഭാരവാഹികളും ടീമിലുണ്ട്. ഓർമ്മയൊരുക്കുന്ന അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 75 പ്രൊമോട്ടർമാരുടേയും പത്തിലധികം ബിസിനസ് സ്‌പോൺസർമാരുടെയും പിന്തുണയുണ്ട്. 2009ൽ അമേരിക്കയിലെ ഫിലാഡൽഫിയയിലാണ് ഓർമ്മ ഇന്റർനാഷണൽ എന്ന ഓവർസീസ് റസിഡന്റ് മലയാളീ അസ്സോസിയേഷൻ പ്രവർത്തനമാരംഭിക്കുന്നത്. വിവിധ രാജ്യങ്ങളിൽ ഓർമ്മയ്ക്ക് ശാഖകൾ ഉണ്ട്.
സിനർജി കോൺസൾട്ടൻസിയിലെ ബെന്നി കുര്യൻ, സോയി തോമസ് എന്നിവരാണ് പ്രസംഗ പരിശീലകർ. ജോർജ് കരുണയ്ക്കൽ, പ്രൊഫ ടോമി ചെറിയാൻ എന്നിവരും പരിപാടികൾക്കു നേതൃത്വം നൽകുന്നു.
ഇത്തവണ മുതൽ സാമൂഹ്യ പ്രതിബദ്ധത, പഠന മികവ് എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്കു ഓർമ്മ ഇന്റർനാഷണൽ സ്‌കോളർഷിപ്പും നൽകാൻ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സംഘടിപ്പിച്ച സീസൺ വൺ മത്സരത്തിൽ നാനൂറിൽപരം വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നതായി സംഘാടക സമിതി അംഗങ്ങളായ കുര്യാക്കോസ് മാണിവയലിൽ, ഷാജി ജോസഫ് എന്നിവർ പറഞ്ഞു. കഴിഞ്ഞ സീസണിൽ അഞ്ച് ലക്ഷത്തിൽപരം രൂപയാണ് സമ്മാനമായി നൽകിയത്.