- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചേർപ്പുങ്കൽ സമാന്തരപാലം അപ്രോച്ച് റോഡ് നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ എംഎൽഎ.മാർ ഇടപെട്ട് നടപടി സ്വീകരിച്ചു
ചേർപ്പുങ്കൽ സമാന്തര പാലവും അപ്രോച്ച് റോഡ് നിർമ്മാണവും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കാൻ നടപടി സ്വീകരിച്ചതായി അഡ്വ. മോൻസ് ജോസഫ് എംഎൽഎ., മാണി സി. കാപ്പൻ എംഎൽഎ. എന്നിവർ അറിയിച്ചു.
പി.ഡബ്ല്യു.ഡി. ബ്രിഡ്ജസ് വിഭാഗം ഉദ്യോഗസ്ഥ സംഘത്തോടൊപ്പം സ്ഥലം സന്ദർശിച്ച് നിർമ്മാണ പുരോഗതി വിലയിരുത്തിയ ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. മീനച്ചിലാറിനു കുറുകെ യാഥാർത്ഥ്യമാക്കുന്ന ചേർപ്പുങ്കൽ സമാന്തരപാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനോടകം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ട്. അവശേഷിക്കുന്ന നിർമ്മാണ ജോലികൾ അപ്രോച്ച് റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് പൂർത്തീകരിക്കാനുള്ളത്. ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പാലം നിർമ്മാണ പ്രവർത്തി ഏറ്റെടുത്തിട്ടുള്ള മുളമൂട്ടിൽ കൺസ്ട്രക്ഷൻസ് കമ്പനി പ്രതിനിധികളുടേയും സാന്നിദ്ധ്യത്തിൽ എംഎൽഎ.മാർ ചർച്ച നടത്തുകയുണ്ടായി. ഇതിൻ പ്രകാരം അപ്രോച്ച് റോഡിന്റെ നിർമ്മാണ പ്രവർത്തികളിൽ മണ്ണ് നിറയ്ക്കുന്നതും അനുബന്ധ ജോലികളും ഡിസംബർ 31 നകം പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കാനുള്ള തീരുമാനമെടുത്തു.
പ്രതികൂല കാലാവസ്ഥ മൂലം നിർമ്മാണ പ്രവർത്തനങ്ങൾ കുറച്ചുസമയം മുടങ്ങാനിടയായെങ്കിലും അവശേഷിക്കുന്ന ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള പരിശ്രമമാണ് നടത്തുന്നതെന്ന് എംഎൽഎ.മാർ വ്യക്തമാക്കി.
അക്കൗണ്ടന്റ് ജനറലിന്റെ പരാമർശംമൂലം പാലംനിർമ്മാണത്തിന്റെ പുതുക്കിയ എസ്റ്റിമേറ്റിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്തി അപ്രതീക്ഷിതമായി ഭരണനിർവ്വഹണത്തിൽ ഉണ്ടായിരിക്കുന്ന പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കാൻ ആവശ്യമായ ഇടപെടൽ ഇതിനോടകം നടത്തിയിട്ടുള്ളതായി എംഎൽഎ.മാരായ മോൻസ് ജോസഫും മാണി സി. കാപ്പനും വ്യക്തമാക്കി.
പി.ഡബ്ല്യു.ഡി. മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽ പാസംനിർമ്മാണം വീണ്ടും മുടങ്ങിപ്പോകാനുണ്ടായ സാഹചര്യം ഗൗരവമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ചേർപ്പുങ്കൽ പാലം സംബന്ധിച്ച് പൊതുമരാമത്ത് ഇറക്കിയിരിക്കുന്ന പുതുക്കിയ സർക്കാർ ഉത്തരവിന്റെ വിശദാംശങ്ങൾ രേഖാമൂലം അക്കൗണ്ടന്റ് ജനറലിനെ അറിയിക്കുന്നതിന് സത്വരനടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഉറപ്പുനൽകിയിട്ടുള്ളതായി എംഎൽഎ.മാർ വ്യക്തമാക്കി. ഇക്കാര്യത്തിൽ ആവശ്യമായ അനുബന്ധ പ്രവർത്തനങ്ങൾ പി.ഡബ്ല്യു.ഡി. ബ്രിഡ്ജസ് വിഭാഗം എഞ്ചിനീയറുടെ ഉത്തരവാദിത്വത്തിൽ നിർവ്വഹിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതാണ്.
സർക്കാരുമായി ബന്ധപ്പെട്ട ഭരണനിർവ്വഹണ കാര്യങ്ങളിൽ സംഭവിച്ചിരിക്കുന്ന ഇപ്പോഴത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തുമെന്ന എംഎൽഎ.മാരുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ചേർപ്പുങ്കൽ പാലത്തിന്റെ അവശേഷിക്കുന്ന ജോലികൾ പൂർത്തിയാക്കാൻ യോഗം തീരുമാനിച്ചു. ജനുവരി മാസത്തിൽ ടാറിങ് ജോലികൾ നടത്തുവാൻ കഴിയുന്ന വിധത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്ന് യോഗം വിലയിരുത്തി. 2024 ലെ പുതുവത്സര സമ്മാനമായി ചേർപ്പുങ്കൽ പാലത്തിന്റെ നിർമ്മാണ ജോലികൾ പൂർത്തിയാക്കാനാകുമെന്ന് എംഎൽഎ.മാർ വ്യക്തമാക്കി. ചേർപ്പുങ്കൽ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതും അന്തിമഘട്ട ജോലികൾ പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവിധ കാര്യങ്ങൾ സംബന്ധിച്ച് പി.ഡബ്ല്യു.ഡി. മന്ത്രി മുഹമ്മദ് റിയാസുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് മോൻസ് ജോസഫ് എംഎൽഎ.യും മാണി സി. കാപ്പൻ എംഎൽഎ.യും വ്യക്തമാക്കി.