തിരുവനന്തപുരം : ഡിസംബർ 10 ന് ആഘോഷിക്കുന്ന മനുഷ്യാവകാശ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിയമ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഉപന്യാസ രചനാ മത്സരത്തിൽ തിരുവനന്തപുരം ലോ കോളേജിലെ മൂന്നാം വർഷം ബിഎ എൽ എൽ ബി വിദ്യാർത്ഥിനി കുമാരി ശിവരഞ്ജിനി. ജി. ബി ഒന്നാം സ്ഥാനം നേടി.

തിരുവനന്തപുരം ലോ അക്കാദമിയിലെ ഒന്നാം വർഷം എൽ എൽ ബി വിദ്യാർത്ഥിനികളായ കുമാരി രമ്യ. ജി. എസ് രണ്ടാം സ്ഥാനവും കുമാരി പ്രബുദ്ധ. എസ്. ആർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഡിസംബർ 10 ന് രാവിലെ 10.30 ന് പാളയം അയ്യൻകാളി ഹാളിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സംഘടിപ്പിക്കുന്ന മനുഷ്യാവകാശ ദിനാഘോഷത്തിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി ക്യാഷ് അവാർഡും ഫലകവും വിതരണം ചെയ്യും.

''മനുഷ്യാവകാശ പ്രഖ്യാപനത്തിന്റ 75 സംവത്സരങ്ങൾ - പ്രതീക്ഷകളും പ്രതിബന്ധങ്ങളും'' എന്നതായിരുന്നു ഉപന്യാസ രചനയ്ക്കുള്ള വിഷയം.