- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾജന്മശതാബ്ദി അനുസ്മരണo ഡിസംബർ 21നു
കഥകളി ലോകം കണ്ട അതുല്യ പ്രതിഭാധനനായ സകല കലാവല്ലഭനും കഥകളിചെണ്ടയിലെ ഇതിഹാസ വാദകനുമായ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ജന്മശതാബ്ദി 2024 മെയ് 28നു ആണ്. അദ്ദേഹത്തിന്റെ സ്മരണ ശാശ്വതീകരിക്കുന്നതിനായി 2023 ജൂൺ മാസം മുതൽ കഥകളി ക്ലബ്ബുകളുടെയും സംഘാടകരുടെയും സഹകരണത്തോടെ ഒരു വര്ഷം നീണ്ടു നിൽക്കുന്ന ജന്മശതാബ്ദിയാഘോഷത്തിനു തുടക്കം കുറിച്ചിരിക്കുന്നു.
ഗുരു പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ കീഴിൽ കഥകളിയുടെ ദൃശ്യവ്യാകരണവും താളഘടനയും പഠിച്ച അദ്ദേഹം കഥകളിയിലെ ചെണ്ടയുടെ സ്ഥാനം പുനർവ്യാഖ്യാനം ചെയ്തു. തന്റെ ചെണ്ട ഉപയോഗിച്ച് കഥാപാത്രങ്ങളിലെ സൂക്ഷ്മമായ വികാരങ്ങൾ കണ്ടെത്തുന്നതിനും റൊമാന്റിക് രംഗങ്ങൾക്ക് മൂഡ് മ്യൂസിക് നൽകുന്നതിനും അഭിനേതാക്കളെ രംഗത്തു പരമാവധി ചെയ്യാൻ പ്രേരിപ്പിക്കുന്നതിനും പൊതുവാൾ പ്രശസ്തനായിരുന്നു.
കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ജീവചരിത്രകാരനായ പ്രൊഫസർ കെ പി ബാബുദാസ് കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളെ വിശേഷിപ്പിച്ചത് സ്വയംഭൂവായ കലാകാരൻ എന്നാണ്. ഈ പ്രതിഭയുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഡിസംബർ 21നു എറണാകുളം കരയോഗം കഥകള് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ടി ഡി എം കാവേരി ഹാളിൽ വെച്ച് നടക്കുന്ന അനുസ്മരണ യോഗത്തിൽ കലാമണ്ഡലം ഉണ്ണികൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് കലാമണ്ഡലം ഉണ്ണിക്കൃഷ്ണനെക്കുറിച്ചു ശ്രീ വിനു വാസുദേവൻ സംവിധാനം ചെയ്ത മേളപ്രയാണം എന്ന ഡോക്യുമെന്ററി പ്രദർശനവും പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന പുറപ്പാടും മേളപ്പദവും ഉണ്ടായിരിക്കും.
വൈക്കം കഥകളി ക്ലബ് 2023 ജൂൺ 25നും, നോർത്ത് പറവൂർ കളിയരങ്, ജൂലൈ 09നും, ഓഗസ്റ്റ് 12നു പെരുമ്പാവൂർ കഥകളി ക്ലബും ഓഗസ്റ്റ് 26നു തോടയം കഥകളി യോഗവും സെപ്റ്റംബര് 03നു കോട്ടയം കളിയരങ്ങും, ഒക്ടോബര് 14നു തൃപ്പുണിത്തുറ കഥകളി കേന്ദ്രവും ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സും നവംബർ 19നു തൃശൂർ കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലും അനുസ്മരണ യോഗം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചിരുന്നു.