തൃപ്പൂണിത്തുറ:പുതുതായി അവതരിപ്പിച്ച പോസ്റ്റ് ഓഫീസ് ബില്ല് തികച്ചും ജനാധിപത്യ വിരുദ്ധമാണെന്നും അതിനെ ശക്തമായി അപലപിക്കണമെന്നും എസ് യു സി ഐ ( കമ്മ്യൂണിസ്റ്റ് )ജനറൽ സെക്രട്ടറി പ്രൊവാഷ് ഘോഷ് അഭിപ്രായപ്പെട്ടു. താഴെ പറയുന്ന പ്രസ്താവന അദ്ദേഹം പുറപ്പെടുവിക്കുകയുണ്ടായി.

അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ മറ്റൊരു കരിനിയമം ആവിഷ്‌കരിക്കാനുള്ള ബില്ല് ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ കൊണ്ടുവന്നിരിക്കുന്നത് കടുത്ത ആശങ്കയുണർത്തുന്നു . ദേശരക്ഷ, പൊതുജന സുരക്ഷ എന്നതിന്റെയൊക്കെ പേരിൽ തപാൽ ഉരുപ്പടികളെ 'തുറക്കാനും തടഞ്ഞു വയ്ക്കാനും നശിപ്പിക്കാനും' പോസ്റ്റൽ അധികാരികൾക്ക് അധികാരം നൽകുന്ന ബില്ലാണിത്. വ്യക്തമായും ഈ ബില്ല് സ്വകാര്യതയ്ക്കുള്ള ജനങ്ങളുടെ മൗലികാവകാശത്തിലേക്കുള്ള കടന്നുകയറ്റമാണ്. അതുകൊണ്ടുതന്നെ പൗരന്റെ അടിസ്ഥാന ജനാധിപത്യ അവകാശങ്ങളെ അട്ടിമറിക്കുന്നതുമാണ്. നിഷ്ഠൂരമായ ഈ ബില്ലിനെ ഞങ്ങൾ ശക്തമായി എതിർക്കുന്നു. ഈ പുതിയ നിയമനിർമ്മാണം ഉയർത്തുന്ന ആപൽസൂചനകളെ മനസ്സിലാക്കണമെന്നും യോജിച്ച, സുസംഘടിതമായ ജനാധിപത്യ പ്രക്ഷോഭണത്തിന്റെ സമ്മർദ്ദത്താൽ ഈ അപകടത്തെ തടഞ്ഞു നിർത്താൻ മുന്നോട്ടുവരണമെന്നും എല്ലാ ജനാധിപത്യവിശ്വാസികളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു എന്ന് പ്രസ്താവനയിൽ പറയുന്നു.