കൊച്ചി: പുതിയ കായിക നയവും, കായിക സമ്പദ്ഘടനാ വികസന പ്രക്രിയയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ 2024 ജനുവരി 23 മുതൽ 26 വരെ ഒരു അന്താരാഷ്ട്ര കായിക സമ്മേളനം സംസ്ഥാന സർക്കാർ സംഘടിപ്പിക്കുകയാണ്.

തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്പോർട്സ് ഹബാണ് വേദി.സംസ്ഥാനത്തിന്റെ കായിക രംഗത്ത് സമാനതകളില്ലാത്ത ആഗോള പങ്കാളിത്തവും നിക്ഷേപവും അന്താരാഷ്ട്ര കായിക സമ്മേളനം ലക്ഷ്യം വയ്ക്കുന്നതായി കായിക മന്ത്രി വി അബ്ദുറഹിമാൻ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇന്റർനാഷണൽ സമ്മിറ്റിന്റെ ബ്രോഷർ കായിക മന്ത്രി, മുതിർന്ന കായിക മാധ്യമപ്രവർത്തകർക്ക് ആദ്യ പ്രതി നൽകി പ്രകാശനം ചെയ്തു. സ്പോർട്സ് ഡയറക്ടർ രാജിവ്കുമാർ ചൗധരി ചടങ്ങിൽ പങ്കെടുത്തു.

20 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മിറ്റിൽ പങ്കെടുക്കും. അന്തർദേശീയ, ദേശീയ വിദഗ്ദ്ധർ പങ്കെടുക്കുന്ന കോൺഫറൻസുകൾ, അക്കാദമിക് സെഷനുകൾ, പേപ്പർ പ്രസന്റേഷനുകൾ, ഇൻവെസ്റ്റർ മീറ്റ്, സ്റ്റാർട്ടപ്പ് പിച്ച് & ഷോക്കേസ്, സ്പോർട്സ് ഗുഡ്‌സ് & സർവീസസ് എക്‌സിബിഷൻ, ഡെമോൺസ്‌ട്രേഷനുകൾ, സ്പോർട്സ് ഫിലിം ഫെസ്റ്റിവൽ, കേരള സ്പോർട്സ് ആർക്കൈവ്, സ്പോർട്സ് കമ്യൂണിറ്റി നെറ്റ്‌വർക്കിങ്ങ്, സ്‌പോർട് ആർട്, സ്പോർട്സ് മ്യൂസിക് ബാൻഡ്, ലോഞ്ച് പാഡ്, സിഎസ്ആർ കണക്ട്, റൗണ്ട് ടേബിൾ, വൺ ടു വൺ മീറ്റുകൾ, മോട്ടോറാക്‌സ്, ഇ സ്പോർട്സ് അരീന തുടങ്ങിയവ സമ്മിറ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.


സ്പോർട്സ് ഇക്കോണമി, സ്പോർട്സ് ഇൻഡസ്ട്രി, വെൽനെസ്, ലീഗുകളും വലിയ ചാമ്പ്യൻഷിപ്പുകളും, ഗ്രാസ്‌റൂട്ട്‌സ് ഡെവലപ്‌മെന്റ്, അക്കാദമികളും ഹൈ പെർഫോർമൻസ് സെന്ററുകളും, ഇ സ്പോർട്സ്, സ്പോർട്സ് സയൻസ്, ടെക്‌നോളജി & എൻജിനീയറിങ്, തദ്ദേശീയ കായിക രൂപങ്ങൾ തുടങ്ങിയവയാണ് പ്രധാന കോൺഫറൻസ് തീമുകൾ.

കേരളത്തിന്റെ കായിക മേഖലയിൽ നിക്ഷേപം, പങ്കാളിത്തം, സഹകരണം, പിന്തുണ എന്നിവയ്ക്ക് താല്പര്യമുള്ള മുഴുവൻ സ്ഥാപനങ്ങളെയും, വ്യക്തികളെയും സംസ്ഥാന സർക്കാർ സ്വാഗതം ചെയ്യുന്നു. പദ്ധതികൾ, നിക്ഷേപങ്ങൾ, പങ്കാളിത്ത ഓഫറുകൾ എന്നിവയുമായി അവർക്ക് മുന്നോട്ടു വരാം.