കൊച്ചി: ആഫ്രിക്കൻ ഏഷ്യൻ റൂറൽ ഡവലപ്മെന്റ് ഓർഗനൈസേഷനിലെ (ആർഡോ) എട്ട് അംഗരാജ്യങ്ങളിൽ നിന്നുള്ള 10 ഉദ്യോഗസ്ഥർക്ക് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) പരിശീലനം നൽകും. 10 ദിവസം നീണ്ടുനിൽക്കുന്ന രാജ്യാന്തര ശിൽപാല നാളെ (തിങ്കൾ- ഡിസം 11) മുതൽ സിഎംഎഫ്ആർഐയിൽ തുടങ്ങും.

കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും എഎആർഡിഒയും തമ്മിലുള്ള അന്താരാഷ്ട്ര സഹകരണത്തിന്റെ ഭാഗമായാണ് ശിൽപശാല. ഫിഷറീസ് മാനേജ്‌മെന്റ്, മത്സ്യകൃഷി മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലാണ് പരിശീലനം നൽകുക. ഒമാൻ, ഈജിപ്ത്, ഘാന, നമീബിയ, നൈജീരിയ, സാംബിയ, മലേഷ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ശിൽപശാലയിൽ പങ്കെടുക്കുന്നത്.

നാളെ (തിങ്കൾ) രാവിലെ 10ന് ആർഡോ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ റാമി മഹ്മൂദ് അബ്ദുൽ ഹലീം ഖ്‌തൈഷാത്ത് ശിൽപശാല ഉദ്ഘാടനം ചെയ്യും. ആർഡോ ഗവേഷണ വിഭാഗം മേധാവിയും പ്രോഗ്രാം കോ-ഓർഡിനേറ്ററുമായ ഡോ ഖുഷ്നൂദ് അലി വിശിഷ്ടാതിഥിയായിരിക്കും. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ അധ്യക്ഷനാകും.

വിഭവപരിപാലനം, മത്സ്യസമ്പത്തിന്റെ ശാസ്ത്രീയനിർണയം, മത്സ്യമേഖലയിൽ കാലാവസ്ഥാ വ്യതിയാനം വരുത്തുന്ന ആഘാതം, മത്സ്യകൃഷി, കൂടുകൃഷി, കടൽപ്പായൽ കൃഷി, മത്സ്യപ്രജനനം, വിത്തുൽപ്പാദനം, അലങ്കാരമത്സ്യകൃഷി തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും.

കാർഷിക-ഗ്രാമ വികസന മേഖലകളിൽ പുരോഗതി കൈവരിക്കുന്നതിന് ആഫ്രിക്കയിലെയും ഏഷ്യയിലെയും രാജ്യങ്ങൾ തമ്മിലുള്ള പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്ന ഇന്റർ ഗവൺമെന്റൽ സംഘടനയാണ് ആഫ്രിക്കൻ ഏഷ്യൻ റൂറൽ ഡവലപ്മെന്റ് ഓർഗനൈസേഷൻ (ആർഡോ). നിലവലവിൽ രണ്ട് ഭൂഖണ്ഡങ്ങളിൽ നിന്നായി 32 അംഗരാജ്യങ്ങളുണ്ട്. ഡൽഹിയാണ് സംഘടനയുടെ ആസ്ഥാനം. ഇന്ത്യയിൽ കേന്ദ്ര ഗ്രമാ വികസന മന്ത്രാലയമാണ് ആർഡോ അംഗരാജ്യങ്ങൾക്ക് കാർഷിക ഗ്രാമവികസന മേഖലകളിലെ രാജ്യത്തെ പ്രധാന സ്ഥാപനങ്ങളിൽ സാങ്കേതിക പരിശീലനം നൽകുന്നത്.