- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തുലക്ഷം രൂപ സമ്മാനത്തുകയുള്ള 'ഓർമ്മ' അന്താരാഷ്ട്ര പ്രസംഗ മത്സരം സീസൺ 2 വിന് തുടക്കം
പാലാ: ഓവർസീസ് റെസിഡന്റ് മലയാളി അസോസിയേഷൻ (ഓർമ്മ) നേതൃത്വം നൽകുന്ന ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രൊമോഷൻ ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന്റെ സീസൺ 2 ഇന്ന് (ഡിസംബർ 10 ന് ) ആരംഭിക്കുമെന്ന് ഓർമ്മ ടാലെന്റ് പ്രമോഷൻ ഫോറം സെക്രട്ടറി എബി ജെ ജോസ്, ഓർമ്മ സെക്രട്ടറി ഷാജി ആറ്റുപുറം എന്നിവർ അറിയിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള പ്രസംഗ മത്സരമാണ് ഇതെന്നും സംഘാടകർ പറഞ്ഞു. പത്തുലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികൾക്ക് നൽകുന്നത്. സീസൺ 2 ൽ ജൂനിയർ വിഭാഗത്തിൽ അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കും സീനിയർ വിഭാഗത്തിൽ ഡിഗ്രി അവസാനവർഷം പഠിക്കുന്നവർക്കു വരെ പങ്കെടുക്കാം.
2023 ഡിസംബർ 10 മുതൽ 2024 ജൂലൈ 13 വരെ മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം നടക്കുന്നത്. ജൂലൈ 12, 13 തീയതികളിൽ പാലായിൽ വെച്ച് ഗ്രാൻഡ് ഫിനാലെയും നടക്കും. ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളിലായി ഡിസംബർ 10 മുതൽ ജനുവരി 30 വരെയാണ് ആദ്യഘട്ട ഓൺലൈൻ മത്സരം നടക്കുന്നത്. ആദ്യഘട്ട മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ജൂനിയർ - സീനിയർ ക്യാറ്റഗറിയിലെ ഇംഗ്ലീഷ് - മലയാളം വിഭാഗം വിദ്യാർത്ഥികളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെടുന്ന 25 വീതം വിദ്യാർത്ഥികൾക്ക് രണ്ടാം ഘട്ട മത്സരത്തിൽ പങ്കെടുക്കാം.
www.ormaspeech.com എന്ന വെബ്‌സൈറ്റിലുള്ള ഗൂഗിൾ രജിസ്‌ട്രേഷൻ ഫോം വഴി രജിസ്റ്റർ ചെയ്യുന്ന അവസരത്തിൽ സീനിയേഴ്‌സ് മലയാള വിഭാഗം ''സാമൂഹികമാധ്യമങ്ങളുടെ സ്വാധീനം യുവജനങ്ങളിൽ' - (ഇംഗ്ലീഷ് വിഭാഗം The influence of social media on young generation) എന്ന വിഷയത്തിലും ജൂനിയേഴ്‌സ് മലയാള വിഭാഗം 'കുട്ടികളുടെ സാമൂഹിക വളർച്ചയിൽ മൂല്യങ്ങളുടെ പങ്ക്' (ഇംഗ്ലീഷ് വിഭാഗം The role of values in the social development of children) എന്ന വിഷയത്തിലും
മൂന്നു മിനിട്ടിൽ കവിയാത്ത പ്രസംഗത്തിന്റെ വീഡിയോയും അപ്ലോഡ് ചെയ്യണം. ഗൂഗിൾ ഫോമിൽ വീഡിയോ അപ് ലോഡ് ചെയ്യാൻ സാധിക്കാത്ത പക്ഷം ormaspeech@gmail.com എന്ന ഈമെയിലിൽ അയച്ചു നൽകാവുന്നതാണ്. വീഡിയോയുടെ തുടക്കത്തിൽ തന്നെ പേര് കൃത്യമായി പറയണം. സാമ്പിൾ വീഡിയോ വെബ്‌സൈറ്റിൽ കാണാവുന്നതാണ്.
രണ്ടാം റൗണ്ട് മത്സരത്തിനായി തയ്യാറെടുക്കുന്നതിന് മുൻപ് മത്സരാർത്ഥികൾക്ക് ഓൺലൈനായി പബ്ലിക് സ്പീക്കിങ് പരിശീലന പരമ്പര നൽകപ്പെടുന്നതാണ്.
മാർച്ച് ഒന്ന് മുതൽ മെയ് 15 വരെയാണ് രണ്ടാംഘട്ട പ്രസംഗ മത്സരം നടക്കുന്നത്. രണ്ടാം റൗണ്ട് മത്സരത്തിൽ മലയാളം-ഇംഗ്ലീഷ് ഭാഷകളിൽ ജൂനിയർ-സീനിയർ വിഭാഗങ്ങളിൽ നിന്നും വിജയികളാകുന്ന 13 വീതം വിദ്യാർത്ഥികൾ ജൂലൈ 13ന് നടക്കുന്ന ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഫൈനൽ റൗണ്ടിന് മുന്നോടിയായി ജൂലൈ 12ന് പാലായിൽ വെച്ച് മത്സരാർത്ഥികൾക്ക് പബ്ലിക് സ്പീക്കിംഗിൽ പ്രത്യേക പരിശീലനം ലഭിക്കുന്നതാണ്.
ഫൈനൽ റൗണ്ടിൽ വിജയികളാകുന്ന വിദ്യാർത്ഥികൾക്ക് കാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും. ഗ്രാൻഡ് പ്രൈസായ 'ഓർമാ ഒറേറ്റർ ഓഫ് ദി ഇയർ-2024' പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപ കാഷ് പ്രൈസും അവാർഡും പ്രശസ്തിപത്രവും സമ്മാനം ലഭിക്കും. സീനിയർ വിഭാഗത്തിൽ മലയാളം-ഇംഗ്ലീഷ് ഭാഷകളിൽ ഒന്നാം സ്ഥാനം നേടുന്ന മത്സരാർത്ഥികൾക്ക് 50,000 രൂപ വീതം കാഷ് പ്രൈസ് ലഭിക്കും.
30,000 രൂപ വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും 20,000 രൂപ വീതമുള്ള മൂന്ന് മൂന്നാം സമ്മാനങ്ങളും 10,000 രൂപ വീതം നാല് നാലാം സമ്മാനങ്ങളും 5000 രൂപ വീതം മൂന്ന് അഞ്ചാം സമ്മാനങ്ങളും യഥാക്രമം നൽകും. ജൂനിയർ വിഭാഗത്തിൽ ഇംഗ്ലീഷ്-മലയാളം ഭാഷകളിലായി വിജയികളാകുന്ന മത്സരാർത്ഥികൾക്ക് 25,000 രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുക. 15,000 രൂപ വീതം രണ്ട് രണ്ടാം സമ്മാനങ്ങളും 10,000 രൂപ വീതം മൂന്ന് മൂന്നാം സമ്മാനങ്ങളും 5,000 രൂപ വീതം നാല് നാലാം സമ്മാനങ്ങളും 3000 രൂപ വീതം മൂന്ന് അഞ്ചാം സമ്മാനങ്ങളും ലഭിക്കും.
ഇത്തവണ മുതൽ സാമൂഹ്യ പ്രതിബദ്ധത, പഠന മികവ് എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്കു ഓർമ്മ ഇന്റർനാഷണൽ സ്‌കോളർഷിപ്പും നൽകാൻ തീരുമാനിച്ചിട്ടുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്നതിന് ഫീസ് ഉണ്ടായിരിക്കുന്നതല്ല. വിശദ വിവരങ്ങൾ 9447702117 എന്ന നമ്പരിലും വാട്ട്‌സ് ആപ്പിലും ലഭിക്കും.