കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കല്പ യാത്ര കൊല്ലം ജില്ലയിലെ പത്തനാപുരം പഞ്ചായത്തിലെത്തി. കഴിഞ്ഞമാസം 27 ന് ചാത്തന്നൂരിൽനിന്ന് ആരംഭിച്ചയാത്ര ഇത്തിക്കര, ചടയമംഗലം, അഞ്ചൽ ബ്ലോക്ക്പഞ്ചായത്തുകളിൽ പര്യടനം പൂർത്തിയാക്കി വെള്ളിയാഴ്ചയാണ് പത്തനാപുരം ബ്ലോക്കിലെത്തിയത്. ഇന്ന് പത്തനാപുരം പഞ്ചായത്തിൽനടന്ന ജനസമ്പർക്ക -ബോധവത്കരണ പരിപാടി, പഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസി ഉദ്ഘാടനം ചെയ്തു.

മെമ്പർമാരായ സലൂജ ദിലീപ്, ഫാറൂഖ് മുഹമ്മദ്, പഞ്ചായത്ത് സെക്രട്ടറി പ്രശാന്ത്, ജില്ലാ ലീഡ് ബാങ്ക് മാനേജർ വി.റ്റി. അരുണിമ , യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ പത്തനാപുരം ബ്രാഞ്ച് മാനേജർ ഹാരിസ് ബി.എം. എന്നിവർ പങ്കെടുത്തു. കേന്ദ്ര ഗവൺമെന്റ് നടപ്പാക്കുന്ന വിവിധ സാമൂഹ്യക്ഷേമ പദ്ധതികളെക്കുറിച്ച് അവബോധം നൽകാൻ ലക്ഷ്യമിട്ട് നബാർഡ് തയ്യാറാക്കിയ 'ജാനു' വീഡിയോകൾ പ്രചാരണവാഹനത്തിലെ സ്‌ക്രീനിൽ പ്രദർശിപ്പിച്ചു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ പ്രതിനിധി മനു വികസിത് ഭാരത് സങ്കല്പ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബി.എൽ. ബി. സി. കൺവീനർ ശരവണൻ, ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ എന്നിവർ ബാങ്കിങ് സേവനങ്ങൾ പരിചയപ്പെടുത്തി.

കൃഷിവിജ്ഞാനകേന്ദ്രം, എഫ്.എ. സി.റ്റി., ആത്മ, തപാൽവകുപ്പ്, ഫാർമർ പ്രൊഡ്യൂസർ കമ്പനി എന്നിവയുടെ പ്രതിനിധികൾ വിവിധ സ്‌കീമുകൾ പരിചയപ്പെടുത്തി. പ്രധാൻ മന്ത്രി ഉജ്വല യോജനയിൽ പുതുതായി ഗുണഭോക്താക്കളായ 5 വീട്ടമ്മമാർക്ക് സൗജന്യ പാചകവാതക കണക്ഷൻ നൽകി. സമീപത്തെ പച്ചക്കറിപ്പാടത്ത് കർഷകർക്കായി ഡ്രോൺ ഡെമോൺസ്‌ട്രേഷൻ നടത്തി.കേന്ദ്രപദ്ധതികളെക്കുറിച്ചുള്ള ലഘുലേഖകളും, കേന്ദ്ര ഗവൺമെന്റിന്റെ കലണ്ടറും വിതരണം ചെയ്തു.