ഭാരതത്തിന്റെ വൈജ്ഞാനിക പാരമ്പര്യത്തിന്റെ വീണ്ടെടുപ്പിലൂടെ 2047 നു മുമ്പുതന്നെ വികസിതഭാരതം എന്ന ആശയം യാഥാർത്ഥ്യമാക്കാൻ സാധിക്കുമെന്ന് ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കേരള രാജ്ഭവനിൽ 'വികസിത് ഭാരത് @2047 - വോയ്സ് ഓഫ് യൂത്ത്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസിത ഭാരതമെന്നത് നമുക്ക് അന്യമോ അപ്രാപ്യമോ ആയ ആശയമല്ല. യൂറോപ്യൻ നവോത്ഥാനം ആരംഭിക്കും മുമ്പുതന്നെ ഭാരതത്തിന്റെ വൈജ്ഞാനിക പാരമ്പര്യത്തെ ലോകം അംഗീകരിച്ചതാണ്.ഒൻപതും പത്തും നൂറ്റാണ്ടിൽ ബൗദ്ധിക ഔന്നത്യത്തിനു പേരുകേട്ട അറബ് പണ്ഡിതർ ഭാരതീയ ഗ്രന്ഥങ്ങളിൽ നിന്ന് കടം കൊണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. അറിവിന്റെ കുളിർകാറ്റ് ഇന്ത്യയിൽ നിന്ന് വരുന്നതിനെക്കുറിച്ച് പ്രവാചകന്റെ വചനവുമുണ്ട് - അദ്ദേഹം പറഞ്ഞു.

ഭാരതീയ ദർശനത്തിൽ ജീവിതത്തിന്റെ പരമമായ ലക്ഷ്യം സുഖാന്വേഷണമല്ല,മറിച്ച് അറിവുതേടലാണ്. മാത്രമല്ല, ഭാരതത്തെപ്പോലെ ഒരു വിജ്ഞാനസമൂഹത്തിന് വികസിതമാവാതിരിക്കാൻ സാധിക്കുകയുമില്ല.വികസനത്തിലേക്കുള്ള ഭാരതത്തിന്റെ പ്രയാണത്തെ ത്വരിതപ്പെടുത്തുന്നതിൽ മുഖ്യപങ്ക് സർവകലാശാലകൾക്കുണ്ട്. യുവജനങ്ങളിൽ അറിവുമാത്രമല്ല, വൈകാരിക സന്തുലിതയും ഉറപ്പാക്കണം. രക്ഷാകർത്താക്കൾ, അദ്ധ്യാപകർ, എന്നിവർക്കുപുറമേ പൊതുസമൂഹത്തിനും ഇക്കാര്യത്തിൽ ബാദ്ധ്യതയുണ്ട്.സാമൂഹിക പരിവർത്തനം യാഥാർത്ഥ്യമാക്കുന്നതിൽ തനിക്കൊരു പങ്കുണ്ടെന്ന അവബോധം ഓരോ വിദ്യാർത്ഥിയിലും വളർത്താൻ സർവകലാശാലകൾക്കാകണം- അദ്ദേഹം പറഞ്ഞു.

വിജ്ഞാനത്തെ ലോകനന്മയ്ക്കായി വിനിയോഗിക്കുക ലക്ഷ്യമാക്കണമെന്ന് അദ്ദേഹം ഗവേഷകരെ ഓർമ്മിപ്പിച്ചു. ''മറ്റുള്ളവരെക്കാൾ അറിവും യുക്തിയും പഠനസൗകര്യങ്ങളും ലഭിക്കുന്നവരാണ് സർവകലാശാലകളിലുള്ളവർ. അതിനാൽ, സമൂഹത്തിന് കാര്യമായ സംഭാവന ചെയ്യാൻ നിങ്ങൾക്ക് ബാദ്ധ്യതയുണ്ട്'', അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വികസിത് ഭാരത് @2047 ഐഡിയാസ് പോർട്ടലിനും പ്രധാനമന്ത്രി തുടക്കമിട്ടു. ചടങ്ങിന്റെ തത്സമയ സപ്രേക്ഷണവും രാജ്ഭവനിൽ സംഘടിപ്പിച്ചു.

വൈസ് ചാൻസലർമാരും ഗവേഷകരും വിദ്യാർത്ഥികളും പങ്കെടുത്ത ചർച്ചയും പരിപാടിയുടെ ഭാഗമായി നടന്നു. വൈസ് ചാൻസലർമാരായ ഡോ ബി അശോക്, ഡോ മോഹനൻ കുന്നുമ്മൽ, ഡോ അരവിന്ദകുമാർ, ഡോ പ്രദീപ് കുമാർ, ഡോ സജി ഗോപിനാഥ്, ഐസർ ഡയറക്ടർ പ്രൊഫ. ജെ എൻ മൂർത്തി,ശ്രീ ചിത്ര സെന്റർ ഡയറക്ടർ പ്രൊഫ് സഞ്ജയ് ബിഹാരി, സി ടി സി ആർ ഐ ഡയറക്ടർ ഡോ ബൈജു, ഐ ഐ എസ് ടി രജിസ്ട്രാർ പ്രൊഫ ജോസഫ് കുരുവിള, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.