കേന്ദ്ര ഗവൺമെന്റിന്റെ വികസന-ജനക്ഷേമ പദ്ധതികൾ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കി വരുന്ന വികസിത് ഭാരത് സങ്കല്പ യാത്ര ഇടുക്കി വാത്തിക്കുടി ഗ്രാമപഞ്ചായത്തിൽ പര്യടനം നടത്തി. മുരിക്കാശ്ശേരി ബസ്സ്റ്റാൻഡിൽ സംഘടിപ്പിച്ച പരിപാടി പൊതുജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. മുരിക്കാശ്ശേരി കാനറ ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി കാനറ ബാങ്ക് അസി. ജനറൽ മാനേജർ ഷിരാജ് ആർ.ചന്ദ്ര ഉദ്ഘാടനം ചെയ്തു. ലീഡ് ബാങ്ക് മാനേജർ ജോസ് ജോർജ് വളവി മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനി സജി, വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ജോസ്മി ജോർജ്, പ്രദീപ് ജോർജ്, നാഷണൽ ടീ ബോർഡ് അംഗം അഡ്വ. തുളസീധരൻപിള്ള, കേരള ബാങ്ക് തോപ്രാംകുടി മാനേജർ ഗിരീഷ് ബി, കാനറ ബാങ്ക് മാനേജർ സുരമ്യ രാജപ്പൻ, സോമി ജോർജ്, കാനറ ബാങ്ക് ഓഫീസർ വിനീഷ്.എസ് എന്നിവർ പ്രസംഗിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ ജനക്ഷേമ പദ്ധതികളെക്കുറിച്ചുള്ള പൂർണ വിവരങ്ങള ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു പരിപാടിയുടെ മുഖ്യ ലക്ഷ്യം. ഇതോടൊപ്പം അർഹരായ ഗുണഭോക്താക്കൾക്ക് പദ്ധതികളുടെ ആനുകൂല്യങ്ങൾ നേടാനുള്ള സൗകര്യവും യാത്രയിൽ ലഭ്യമാക്കി. വിവിധ കേന്ദ്ര പദ്ധതികളിൽ ഗുണഭോക്താക്കളെ ചേർക്കുന്നതിന് സൗകര്യമൊരുക്കി.

നബാർഡ്, കൃഷിവകുപ്പ്, ആരോഗ്യവകുപ്പ് , ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, കൃഷിവിജ്ഞാൻ കേന്ദ്രം, ഇന്ത്യ പോസ്റ്റ് തുടങ്ങി വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു.കിസാൻ ക്രെഡിറ്റ് കാർഡ്, മുദ്ര, സ്റ്റാൻഡ് അപ് ഇന്ത്യ മുതലായ സ്‌കീമുകളില അർഹതയുള്ളവർക്ക് ക്യാമ്പിൽ വച്ചു തന്നെ തത്വത്തിൽ അംഗീകാരം നൽകി. പ്രധാനമന്ത്രി ഉജ്ജ്വല യോജന മുഖേന അർഹരായവർക്ക് ഗ്യാസ് കണക്ഷൻ എടുക്കുന്നതിന് രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യവും ആധാർ സേവനങ്ങളും പരിപാടിയിൽ ലഭ്യമാക്കി. കാർഷിക മേഖലയിൽ സാങ്കേതിക വിദ്യകള പ്രയോഗിക്കുന്നതിന്റെ ഭാഗമായി വളപ്രയോഗം നടത്തുന്നതിനുള്ള ഡ്രോൺ സാങ്കേതിക വിദ്യയും പരിചയപ്പെടുത്തി. വിവിധ പദ്ധതികളിലെ ഗുണഭോക്താക്കളായ രാംസീന, അഡ്വ. എബി തോമസ് എന്നിവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. കലാകാരൻ സാജു പറവൂർ വേദിയിൽ പരിപാടികൾ അവതരിപ്പിച്ചു.

വികസിത് ഭാരത് സങ്കൽപ്പ് യാത്ര മേലില പഞ്ചായത്തിൽ സംഘടിപ്പിച്ചു

കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര കൊല്ലം ജില്ലയിലെ വെട്ടിക്കവല ബ്ലോക്കിൽ പര്യടനം ആരംഭിച്ചു. മേലില പഞ്ചായത്തിൽ നടന്ന ജനസമ്പർക്ക -ബോധവത്കരണ പരിപാടി വില്ലൂർ വാർഡ് മെമ്പർ വത്സല ടീച്ചർ ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ ബാങ്ക് ചെങ്ങമനാട് ബ്രാഞ്ച് മാനേജർ നിഖിൽ കുര്യൻ ജേക്കബ്, ഐ.ഒ.ബി. വെട്ടിക്കവല ബ്രാഞ്ച് മാനേജർ മനോജ് എം. എന്നിവർ പങ്കെടുത്തു. സദാനന്ദപുരം കൃഷിവിജ്ഞാനകേന്ദ്രം അസോസിയേറ്റ് പ്രൊഫസർ ഡോ. പാർവതി എസ്. കേന്ദ്രത്തിന്റെ പ്രവർത്തനമേഖലകൾ പരിചയപ്പെടുത്തി. കേന്ദ്ര ഗവൺമെന്റ് നടപ്പാക്കുന്ന വിവിധ സാമൂഹ്യക്ഷേമ പദ്ധതികളെക്കുറിച്ച് അവബോധം നൽകാൻ ലക്ഷ്യമിട്ട് നബാർഡ് തയ്യാറാക്കിയ 'ജാനു ' കാർട്ടൂൺ വീഡിയോകൾ പ്രചാരണവാഹനത്തിലെ സ്‌ക്രീനിൽ പ്രദർശിപ്പിച്ചു.

അടൽ പെൻഷൻ യോജന, കിസാൻ ക്രെഡിറ്റ് കാർഡ്, ഇൻഷുറൻസ് സ്‌കീമുകൾ, ഡിജിറ്റൽ ബാങ്കിങ്, UPI ആപ്ലിക്കേഷനുകൾ, ഓൺലൈൻ ബാങ്കിങ് തട്ടിപ്പുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ച് അറിവുപകരുന്ന വീഡിയോകളും പ്രദർശിപ്പിച്ചു. പ്രധാനമന്ത്രി ഉജ്ജ്വല യോജനയിൽ പുതുതായി ഗുണഭോക്താക്കളായ 16 വീട്ടമ്മമാർക്ക് സൗജന്യ പാചകവാതക കണക്ഷൻ നൽകി.

കേന്ദ്ര ഗവൺമെന്റ് നടപ്പാക്കുന്ന വിവിധ സമ്പാദ്യ , സുരക്ഷാ, പെൻഷൻ, സബ്‌സിഡി വായ്പാ പദ്ധതികളെക്കുറിച്ച് ഇന്ത്യൻ ഓവർസീസ് ബാങ്ക് പ്രതിനിധി അജിത്കുമാർ എസ്. വിശദീകരിച്ചു. സീറോ ബാലൻസ് അക്കൗണ്ട് , സുരക്ഷാപദ്ധതികൾ എന്നിവയിൽ ചേരാൻ ക്രമീകരിച്ചിരുന്ന എന്റോൾമെന്റ് ബാങ്ക് കൗണ്ടർ ജനങ്ങൾ പ്രയോജനപ്പെടുത്തി.

ദേശീയ കാർഷിക വിപണിയായ ഇനാം, മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ സാധ്യതകൾ എന്നിവയെക്കുറിച്ച് കല്ലട റിവർ വാലി ഫാർമർ പ്രൊഡ്യൂസർ കമ്പനി പ്രതിനിധി ഉണ്ണികൃഷ്ണൻ സംസാരിച്ചു. കാർഷികമേഖലയിലെ പുതിയ സാങ്കേതികവിദ്യകളായ സൂക്ഷ്മ വളപ്രയോഗം, ഡ്രോൺ സാങ്കേതികവിദ്യ എന്നിവ ഫാക്ട് പ്രതിനിധി മിഥുൻ കർഷകരെ പരിചയപ്പെടുത്തി. കേന്ദ്ര സ്‌കീമുകൾ പ്രയോജനപ്പെടുത്തി വിജയിച്ചവർ സദസ്സിനോട് അനുഭവങ്ങൾ പങ്കുവച്ചു.

കലണ്ടറുകളും ലഘുലേഖകളും വിതരണം ചെയ്തു. യാത്ര നാളെ രാവിലെ വെട്ടിക്കവല ഗ്രാമപഞ്ചായത്തിലും , ഉച്ചയ്ക്കുശേഷം ഉമ്മന്നൂർ പഞ്ചായത്തിലും എത്തും.