- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാഴ്ച്ചപരിമിതരുടെ ക്രിക്കറ്റ് : നാഗേഷ് ട്രോഫി മത്്സരങ്ങൾ 18മുതൽ
കൊച്ചി: കാഴ്ച്ചപരിമിതരുടെ അന്തർ സംസ്ഥാന ക്രിക്കറ്റ് ടൂർണ്ണമെന്റായ നാഗേഷ് ട്രോഫിയുടെ കേരളം ഉൾപ്പെടുന്ന ഗ്രൂപ്പ് സി മത്സരങ്ങൾ തിങ്കളാഴ്ച്ച കൊച്ചിയിൽ ആരംഭിക്കും. ടൂർണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് (ഡിസംബർ 17) വൈകിട്ട് അഞ്ചിന് തൃപ്പൂണിത്തുറ പാലസ് ഓവൽ ഗ്രൗണ്ടിൽ നടക്കും. ഇന്ത്യൻ വനിതാ ടീമംഗമായ മിന്നുമണി ടൂർണ്ണമെന്റ് ഉത്ഘാടനം ചെയ്യും. ഈ മാസം 22 വരെയാണ് മത്സരങ്ങൾ. ടൂർണമെന്റിന്റെ ആറാം പതിപ്പായ ഇത്തവണ കേരളത്തിനു പുറമെ ബിഹാർ, ഝാർക്കണ്ഡ്, ഒഡിഷ, ഉത്തർപ്രദേശ് ടീമുകളാണ് സി ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
സംസ്ഥാനത്ത് നടക്കുന്ന ദേശീയ ടൂർണ്ണമെന്റിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ കേരള ടീം ഒരുങ്ങിയതായി സിഎബികെ ചെയർമാൻ രജനീഷ് ഹെന്റി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിനായി കഠിനമായ പരിശീലനമാണ് ടീം നടത്തിയിട്ടുള്ളത് . നാഗേഷ് ട്രോഫിയുടെ ഒരു ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും ഇതാദ്യമായാണ് കേരളത്തിൽ നടക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ജനസൗഹൃദപര സ്ഥാപനം എന്ന നിലയ്ക്ക് ലക്ഷ്യവും മൂല്യങ്ങളും ഒന്നുചേർന്ന നാഴികകല്ലുകൾ താണ്ടാൻ സഹായകമായ ബന്ധമായാണ് സിഎബികെയുമായുള്ള കൂട്ടുകെട്ടിനെ കാണുന്നതെന്ന് ടൂർണ്ണമെന്റിന്റെ സ്പോൺസറായ നാവിയോ ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാൻ അജയ് തമ്പി പറഞ്ഞു. പരിമിതികൾക്കിടയിലും ലോകത്തിനു മുന്നിൽ പ്രത്യേക കഴിവുകൾ അവതരിപ്പിക്കുന്നത് പ്രചോദനാത്മകമാണ്. കാഴ്ചപരിമിതരുടെ ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കുന്നതിന് നാവിയോ പ്രത്യേക താല്പര്യം എടക്കുന്നുണ്ട്. അവരുടെ ഉന്നമനത്തിലും വനിതാ -പുരുഷ ടീമുകളുടെ ശാക്തീകരണത്തിലും നാവിയോ പ്രതിബദ്ധമാണ്. ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിലൂടെ സന്തോഷവും ആഹ്ലാദവും ആണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളം നാളെ (ഡിസംബർ 18) ബീഹാറിനെയും 19ന് ഒഡീഷയെയും 20ന് ഉത്തർ പ്രദേശിനെയും 21ന് ഝാർഖണ്ഡിനെയും നേരിടും. അനന്തു ശശികുമാർ ക്യാപ്റ്റനും എൻ കെ വിഷ്ണു വൈസ് ക്യാപ്റ്റനുമായി 14 അംഗ ടീമാണ് കേരളത്തിന്റേത്. എം വേണുഗോപാൽ , എ വി ബിനീഷ്, ജിബിൻ പ്രകാശ്, കെ ബി സായന്ത്, എ മനീഷ്, സച്ചിൻ തുളസീധരൻ, എസ് ശൈലാജ്, സി കെ സദക്കത്തുൽ അൻവർ, എ മുഹമ്മദ് ഫർഹാൻ, മുഹമ്മദ് കമാൽ, കെ എം ജിനീഷ് എന്നിവരാണ് ടീമിലെ മറ്റംഗങ്ങൾ.
കെ ശിവകുമാർ, ഇ ബി ഇസ്മായിൽ, ഷാഹുൽ ഹമീദ്, കെ അബ്ദുൾ മുനാസ്, കെ പി അബ്ദുൽ റഹ്മാൻ എന്നിവർ റിസർവ് താരങ്ങളായി ടീമിലുണ്ട്. പോണ്ടിച്ചേരിയിലും കേരളത്തിലുമായാണ് രണ്ട് മാസത്തെ സെലക്ഷൻ ട്രയൽസ് നടന്നത്. മൊത്തം 28 ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റിന്റെ ഗ്രൂപ്പ് മത്സരങ്ങൾ ആറു വേദികളിലായാണ് നടക്കുന്നത്. കൊച്ചിക്കു പുറമെ ജമ്മു, ഡെറാഡൂൺ, ചണ്ടിഗഢ്, കോട്ട, അഗർത്തല എന്നിവയാണ് മറ്റു വേദികൾ. സൂപ്പർ 8 മത്സരങ്ങൾ ജനുവരി 29 മുതൽ ഫെബ്രുവരി 2 വരെ നാഗ്പൂരിൽ നടക്കും. വാർത്താസമ്മേളനത്തിൽ കേരള ക്യാപ്റ്റൻ അനന്തു ശശികുമാറും പങ്കെടുത്തു.
കേരള ടീമിനു പ്രചോദനം പകരാൻ മ്യൂസിക് ഡയറക്ടറും നടനുമായ മുൻ ബ്ലൈൻഡ് ക്രിക്കറ്റ് താരം രാഹുൽ രാജ് രചിച്ച് സംഗീതം പകർന്ന ഗാനം വാർത്താസമ്മേളനത്തിൽ പുറത്തിറക്കി.