- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കോൺടെക്സ്ച്ച്വൽ കോസ്മോളജീസ്' തീരാൻ നാളുകൾ മാത്രം; സാംസ്കാരിക നയവും സമ്പദ്വ്യവസ്ഥയും സെമിനാർ നാളെ
തിരുവനന്തപുരം: കേരളീയത്തിന്റെ ഭാഗമായി 'നമ്മളെങ്ങനെ നമ്മളായി' എന്ന ആശയത്തിലൂന്നി തിരുവനന്തപുരം ഫൈൻ ആർട്ട്സ് കോളേജിൽ നടക്കുന്ന 'കോൺടെക്സ്ച്ച്വൽ കോസ്മോളജീസ്' സമകാലീന കലാപ്രദർശനം ഈ മാസം 31നു സമാപിക്കും. ഇതോടനുബന്ധിച്ച് പ്രമുഖർ പങ്കെടുക്കുന്ന സെമിനാറും സംവാദവും പ്രഭാഷണവും നടക്കും. നാളെ (ഡിസംബർ 29) വൈകിട്ട് ആറിന് സാംസ്കാരിക നയവും സാംസ്കാരിക സമ്പദ്വ്യവസ്ഥയുടെ അഭിവൃദ്ധിയും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, മുൻ സാംസ്കാരിക മന്ത്രി എം എ ബേബി, ജി വിജയരാഘവൻ എന്നിവർ പങ്കെടുക്കും.
നാളെ മൂന്നിന് ക്യൂറേറ്ററും കലാവിമർശകനുമായ ഗിരീഷ് ഷഹാനെ 'ഫ്രം ഐറണി ടു ഐഡന്റിറ്റി: മോഡേണിസം, പോസ്റ്റ്മോഡേണിസം ആൻഡ് ആഫ്റ്റർ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. തുടർന്ന് 4.30നു ന്യൂഡൽഹി ആസ്ഥാനമായ ക്യൂറേറ്ററും എഴുത്തുകാരിയുമായ അനുഷ്ക രാജേന്ദ്രനും മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത സമകാലീന ആർട്ടിസ്റ്റ് എസ് എൻ സുജിത്തും പങ്കെടുക്കുന്ന സംവാദത്തിൽ കൊച്ചി ബിനാലെ പ്രസിഡന്റും സ്ഥാപകനുമായ ബോസ് കൃഷ്ണമാചാരി മോഡറേറ്ററാകും.
30നു വൈകുന്നേരം നാലിന് പ്രമുഖ മലയാളി ആർട്ടിസ്റ്റുകളായ എൻ എൻ റിംസണും അനൂപ് പണിക്കരും തമ്മിൽ സംവാദം. വൈകിട്ട് ആറിന് പ്രമുഖ നാടക സംവിധായകനും സീനോഗ്രാഫറുമായ ദീപൻ ശിവരാമനും മുൻനിര തിയേറ്റർ പ്രവർത്തകനും അഭിനയ പരിശീലകനുമായ എം ജി ജ്യോതിഷും പങ്കെടുക്കുന്ന സംഭാഷണം. ഇരുപരിപാടികളിലും ബോസ് കൃഷ്ണമാചാരി മോഡറേറ്ററാകും.
കേരളീയം ഏഴുദിവസമായിരുന്നെങ്കിലും 'കോൺടെക്സ്ച്ച്വൽ കോസ്മോളജീസ്' സമകാലീന കലാപ്രദർശനം സർക്കാരിന്റെ പ്രത്യേക അനുമതിയോടെ 60 ദിവസം നീണ്ടു. ദേശീയ, അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയരായ 43 മലയാളി ആർട്ടിസ്റ്റുകളുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്ന 'കോൺടെക്സ്ച്ച്വൽ കോസ്മോളജീസ്' ബോസ് കൃഷ്ണമാചാരിയുടെ നേതൃത്വത്തിൽ അനുഷ്ക രാജേന്ദ്രൻ, പ്രേംജിഷ് ആചാരി, എസ് എൻ സുജിത്ത് എന്നിവർ ചേർന്നു ക്യൂറേറ്റ് ചെയ്തതാണ്. കലാസൃഷ്ടികളും വേദിയും ഒരുപോലെ വിസ്മയിപ്പിക്കുന്ന വിലപ്പെട്ട കാഴ്ച സമ്മാനിക്കുന്ന കലാപ്രദർശനമെന്ന നിലയ്ക്കാണ് 'കോൺടെക്സ്ച്ച്വൽ കോസ്മോളജീസ്' രണ്ടു മാസം ദീർഘിപ്പിച്ചത്.
വിജ്ഞാനപ്രദവും നവ സംവേദനക്ഷമവുമായ 20 സംവാദങ്ങളും 4 പ്രഭാഷണങ്ങളും നടത്തിയതായി ബോസ് കൃഷ്ണമാചാരി പറഞ്ഞു. 45 ആർട്ടിസ്റ്റുകൾ ഭാഗഭാക്കായി. മികച്ച ജന പ്രതികരണം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ദിവസവും രാവിലെ പത്തുമുതൽ വൈകിട്ട് ഏഴുവരെയാണ് പ്രദർശനം. പ്രവേശനം സൗജന്യം.