- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഇടുക്കിയിലെ ഏലപ്പാറയിൽ പര്യടനമാരംഭിച്ചു
കേന്ദ്ര വികസന ക്ഷേമ പദ്ധതികളെ കുറിച്ച് ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടത്തുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഇടുക്കിയിലെ തേയില തോട്ടം മേഖലയായ ഏലപ്പാറ ഗ്രാമപഞ്ചായത്തിലെത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഏലപ്പാറ ശാഖയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ഏലപ്പാറ ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം ഏലപ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർ. രഞ്ചിത്ത് ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഏലപ്പാറ ശാഖാ മാനേജർ മുഹമ്മദ് ബഷീർ അദ്ധ്യക്ഷനായി. ടീ ബോർഡ് പീരുമേട് ഡവലപ്മെന്റ് ഓഫീസർ രമ്യ എം. ബി മുഖ്യപ്രഭാഷണം നടത്തി. കൃഷി വിജ്ഞാൻ കേന്ദ്രയിലെ ശാസ്ത്രജ്ഞൻ ഡോ. സുധാകർ സൗന്ദരാജൻ കേന്ദ്ര പദ്ധതികളുടെ വിശദീകരണം നടത്തി.
ടീ ബോർഡ് അസി. ഡയറക്ടർ എം. രമേഷ്, അസിസ്റ്റന്റ് അഗ്രി ഓഫീസർ എസ്. ശ്രീലേഖ, പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പ്രതിനിധി ഡോ. ഗിന്നസ് മാടസ്വാമി, ഏലപ്പാറ ഗ്രാമ പഞ്ചായത്ത് മെമ്പർ ബിജു ഗോപാലൻ, ഫാക്ട് പ്രതിനിധി ഗോകുൽ ഗോപി എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, കൃഷി വിജ്ഞാന കേന്ദ്രം, ഇന്ത്യ പോസ്റ്റ് തുടങ്ങി വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ വിവിധ പദ്ധതികൾ പരിചയപ്പെടുത്തി.
പഞ്ചായത്തിലെ മികച്ച ജൈവ കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യരാജ്, സംസ്ഥാന കർഷക തിലക് അവാർഡ് നേടിയ ബിൻസി ജെയിംസ്, ഖേലോ ഇന്ത്യ കിക്ക് ബോക്സിങ് മത്സരത്തിൽ ഇടുക്കിക്കായി മെഡൽ കരസ്ഥമാക്കിയ കുമാരി അഞ്ജന കൃഷ്ണ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രധാനമന്ത്രി ഉജ്ജ്വല യോജന മുഖേന അർഹരായവർക്ക് സൗജന്യ ഗ്യാസ് കണക്ഷൻ എടുക്കുന്നതിന് രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യവും ലഭ്യമാക്കി.
ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കാർഷിക മേഖലയിൽ സാങ്കേതിക വിദ്യകൾ പ്രയോഗിക്കുന്നതിന്റെ ഭാഗമായി വളപ്രയോഗം നടത്തുന്നതിനുള്ള ഡ്രോൺ സാങ്കേതിക വിദ്യയും കർഷകരെ പരിചയപ്പെടുത്തി.