ദേശീയ യുവജനദിനത്തോട് അനുബന്ധിച്ച് മുതിർന്ന പൗരന്മാർക്ക് വേണ്ടി വാക്കത്തോൺ സംഘടിപ്പിച്ച് കോഴിക്കോട് ആസ്റ്റർ മിംസ്. മനസിലെ സ്വപ്നങ്ങൾ നേടിയെടുക്കാൻ ആരോഗ്യം സംരക്ഷിക്കാം എന്ന സന്ദേശം പങ്കുവെച്ച് യുവാക്കൾക്ക് മുന്നിൽ നല്ല മാതൃകയുമായി അറുപത് വയസ് പിന്നിട്ട നൂറിലേറെ പേർ വാക്കത്തോണിൽ പങ്കെടുത്തു.

ആസ്റ്റർ റെസ്പെക്ട് കൂട്ടായ്മയാണ് മുതിർന്ന പൗരന്മാരിൽ ആരോഗ്യശീലങ്ങളും സൗഖ്യവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുൻസിപ്പൽ ഓഫിസിന് സമീപത്തെ ബീച്ചിൽ വ്യായാമവും വാക്കത്തോണും സംഘടിപ്പിച്ചത്.

ആരോഗ്യത്തോടെ ജീവിക്കാൻ പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കാനും, പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് മനസിലാക്കുന്നതിനുവേണ്ടിയുമാണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചതെന്ന് ആസ്റ്റർ മിംസിലെ ജനറൽ മെഡിസിൻ വിഭാഗം സീനിയർ സ്‌പെഷ്യലിസ്റ്റ് ഡോ. നദീമു റഹ്മാൻ പറഞ്ഞു. വ്യായാമം ഒരു ശീലമാക്കിയും, ദുശീലങ്ങൾ ഒഴിവാക്കിയും, ആരോഗ്യകരമായ ദിനചര്യകൾ പാലിച്ചും ഏത് പ്രായക്കാർക്കും ഒരുപോലെ ആരോഗ്യം കാത്തുസൂക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിട്ട. മുൻസിപ്പൽ സൂപ്രണ്ട് എം പി നീലകണ്ഠൻ നമ്പീശൻ, റിട്ട. റെയിൽവേ സീനിയർ എൻജിനീയർ പി കെ ചന്ദ്രശേഖരൻ എന്നിവർ ചേർന്ന് ഫ്‌ളാഗ് ഓഫ് നിർവ്വഹിച്ചു.

മുതിർന്ന പൗരന്മാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വേണ്ടി സമാനമായ നിരവധി പരിപാടികൾ ആവിഷ്‌കരിക്കുന്നതിനായി തയാറാക്കിയിട്ടുള്ളതാണ് ആസ്റ്റർ മിംസിന്റെ ആസ്റ്റർ റെസ്പെക്ട് കമ്മ്യൂണിറ്റി. കൃത്യമായ ഇടവേളകളിലുള്ള മീറ്റിങ്ങുകൾ, ചെക്കപ്പുകൾ, ഒത്തൊരുമിക്കലുകൾ, എന്നിവയിലൂടെയാണ് പദ്ധതി മുന്നോട്ട് പോകുന്നത്. ഒപ്പം കലാപരമായ കഴിവുകൾ പ്രകടമാക്കാനും, സമചിന്താഗതിക്കാരുടെ സഹായം തേടുന്നതിനും ഈ കൂട്ടായ്മകൾ സഹായിക്കുമെന്ന് കോ-ഓർഡിനേറ്റർ സൂര്യാദേവി പറഞ്ഞു.