തിരുവനന്തപുരം: ഒരുകാലത്ത് പോരാടി അവസാനിപ്പിച്ച ജീർണതകൾ തിരികെ കൊണ്ടുവരാൻ ശ്രമം നടക്കുന്ന പുതിയ കാലത്ത് കുമാരനാശാന്റെ കവിതകളുടെ പ്രസക്തിയേറുകയാണെന്ന് എഴുത്തുകാരനും സിനിമാഗാനരചയിതാവും നിരൂപകനും പ്രഭാഷകനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടറുമായ ഡോ. ജിനേഷ് കുമാർ എരമം അഭിപ്രായപ്പെട്ടു. സ്ത്രീകളെയും കീഴാളരെയും നിന്ദിക്കുന്ന ശ്രുതികളെയും സ്മൃതികളെയുമാണ് ആശാൻ എതിർത്തത്. ഒരുപൂന്തോട്ടത്തിലെ പൂക്കളെപോലെ എല്ലാ മനുഷ്യരും വിടർന്നുല്ലസിക്കുന്ന മഹാലോകമാണ് കവി വിഭാവനം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുമാരനാശാന്റെ നൂറാം ചരമവാർഷികത്തിൽ സംഘടിപ്പിച്ച അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മിനി കോൺഫറൻസ് ഹാളിൽ നടന്ന അനുസ്മരണത്തിൽ ഡയറക്ടർ ഡോ. എം. സത്യൻ അധ്യക്ഷനായി. കവിയും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസറുമായ ശ്രീകല ചിങ്ങോലി കാവ്യാലാപനം നടത്തി. എ.ഒ. സുനിത ഐ, എഫ്.എ. സാജുമോൻ എസ്. എന്നിവർ സംസാരിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റാഫ് ക്ലബ് സെക്രട്ടറി അമ്പിളി ടി.കെ. സ്വാഗതവും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ റിസർച്ച് ഓഫീസർ ഡോ.റ്റി. ഗംഗ നന്ദിയും പറഞ്ഞു.