- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയിൽ യു.എസ്. പവലിയൻ: നാസ ശാസ്ത്രജ്ഞരുടെ പ്രഭാഷണങ്ങൾ, അന്യഗ്രഹ ലോകത്തെക്കുറിച്ചുള്ള പ്രദർശനങ്ങൾ ശ്രദ്ധ നേടുന്നു
തിരുവനന്തപുരം, ജനുവരി 22: കഴിഞ്ഞ 76 വർഷമായി ദക്ഷിണേന്ത്യയിലെ അക്കാദമിക സാംസ്‌കാരിക മേഖലയുടെ അവിഭാജ്യ ഘടകമായ യു.എസ്. കോൺസുലേറ്റ് ജനറൽ ചെന്നൈ, കേരള ഗവൺമെന്റുമായി സഹകരിച്ച് ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള (ജി.എസ്.എഫ്.കെ.) പ്രദർശന മേളയിൽ ഒരു യുണൈറ്റഡ് സ്റ്റേറ്റ്‌സ് പവലിയൻ തയ്യാറാക്കിയിരിക്കുന്നു. തിരുവനന്തപുരം തോന്നയ്ക്കലിലെ ബയോ 360 ലൈഫ് സയൻസസ് പാർക്കിൽ ഒരു മാസം നീണ്ടുനിൽക്കുന്ന മേളയിൽ പങ്കെടുക്കുന്നവർക്ക് നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്‌മിനിസ്ട്രേഷനിലെ (നാസ) പ്രമുഖരായ ശാസ്ത്രജ്ഞരുടെ ഉൾപ്പെടെയുള്ള ശാസ്ത്ര പ്രഭാഷണങ്ങൾ കേൾക്കാനും പ്രദർശനങ്ങൾ അടുത്തു നിരീക്ഷിക്കാനും വളരെ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസ വിവരങ്ങൾ നേടാനും യു.എസ്. പവലിയൻ സൗകര്യമൊരുക്കുന്നു. നാസയും സെർച്ച് ഫോർ എക്സ്ട്രാ ടെറസ്ട്രിയൽ ഇന്റലിജൻസ് (സെറ്റി) ലാബ്സും ഉൾപ്പെടെയുള്ള വിഖ്യാതരായ സ്ഥാപനങ്ങൾ ലഭ്യമാക്കുന്ന പരിസ്ഥിതി, ബഹിരാകാശ ശാസ്ത്രം, ഭൗമേതര ബുദ്ധി എന്നിവ സംബന്ധിച്ച പ്രദർശനങ്ങൾ പവലിയനിൽ ഉൾപ്പെടുന്നു.
ജനുവരി 22 തിങ്കളാഴ്ച നടന്ന പ്രധാന ചടങ്ങിൽ, നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ (ജെ.പി.എൽ.) നാസയുടെയും ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷന്റെയും (ഐ.എസ്.ആർ.ഒ.) സിന്തറ്റിക് അപ്പെർച്ചർ റഡാർ (നൈസാർ) പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന അഞ്ച് നാസ ശാസ്ത്രജ്ഞർ നടത്തിയ സയൻസ് ചർച്ചകളുടെ ഒരു പരമ്പര യു.എസ്. പവലിയൻ സംഘടിപ്പിച്ചു. ഈ സുപ്രധാന ഭൗമനിരീക്ഷണ ദൗത്യത്തിന്റെ ഈ വർഷം ഉടനെ തന്നെ നടക്കുമെന്ന് വിക്ഷേപണത്തിനായുള്ള തയ്യാറെടുപ്പിലാണ് അവർ.
യു.എസ്. പവലിയനിൽ സംസാരിച്ച നാസ/ജെ.പി.എൽ പ്രോജക്ട് സയന്റിസ്റ്റ് പോൾ റോസൻ പറഞ്ഞു: ''ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയിൽ നൈസാർ മിഷന്റെ ആവേശകരമായ ശാസ്ത്രവും പ്രയോജനങ്ങളും വിവരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. നാസയും ഐ.എസ്.ആർ.ഒയും തമ്മിൽ ഇതുവരെ നടന്നതിൽ ഏറ്റവും ബൃഹത്തായ ബഹിരാകാശ സഹകരണമാണ് നൈസാർ പദ്ധതി. പദ്ധതി ഒബ്‌സർവേറ്ററിയിൽ രണ്ട് ശക്തമായ ഇമേജിങ് റഡാർ ഉപകരണങ്ങൾ ഉണ്ട്; ഒന്ന് കുറഞ്ഞ റഡാർ തരംഗദൈർഘ്യത്തിൽ പ്രവർത്തിക്കാനായി ഐ.എസ്.ആർ.ഒ. നിർമ്മിച്ചതും മറ്റേത് കൂടുതൽ തരംഗദൈർഘ്യത്തിൽ പ്രവർത്തിക്കാനായി നാസ നിർമ്മിച്ചതും. കാലാവസ്ഥാ വ്യതിയാനവും അതിന്റെ അനന്തരഫലങ്ങളും മനസ്സിലാക്കുന്നത് ഉൾപ്പെടെ ഭൗമശാസ്ത്രത്തിലെ ഏറ്റവും സമ്മർദ്ദപൂരിതമായ ചില പ്രശ്നങ്ങൾ ഇത്തരത്തിലുള്ള ഈ പ്രഥമ സംവിധാനം പരിഹരിക്കും. റഡാറിന് മേഘങ്ങൾക്ക് അപ്പുറത്തേക്ക് കാണാൻ കഴിയുന്നതിനാൽ വനഭൂമി നിയന്ത്രണം മുതൽ വെള്ളപ്പൊക്ക മാപ്പിംഗും നിരീക്ഷണവും വരെയുള്ള വിപുലമായ കാര്യങ്ങൾക്കായി വിശ്വസനീയമായ അളവെടുപ്പുകൾ നടത്താൻ ഇത് തികച്ചും അനുയോജ്യമാണ്. ഇത് അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വളരെ ഫലവത്തായ ഒരു പങ്കാളിത്തമാണ്; അതിന്റെ ഭാഗമാകാൻ കഴിയുന്നത് അഭിമാനകരമാണ്.''
യു.എസ്. കോൺസുലേറ്റ് ജനറൽ ചെന്നൈ വക്താവായ സമാന്ത ജാക്സൺ പറഞ്ഞു, ''ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയിൽ കേരള സർക്കാരുമായി ചേർന്ന് സഹകരിക്കുന്നതിൽ യു.എസ്. സർക്കാർ അഭിമാനിക്കുന്നു. നാസ/ജെ.പി.എൽ. ശാസ്ത്രജ്ഞരെ അവതരിപ്പിക്കുന്ന യു.എസ്. പവലിയൻ യു.എസ്.-ഇന്ത്യ ബഹിരാകാശ നയതന്ത്ര ബന്ധത്തിന്റെ ഒരു ഉത്തമ ഉദാഹരണമാണ്. യു.എസ്.-ഇന്ത്യ ശാസ്ത്ര സാങ്കേതിക സഹകരണം സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ഇരുകൂട്ടരും നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാൻ നൂതനമായ സാങ്കേതികവിദ്യകളും ഉൽപ്പന്നങ്ങളും വികസിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനം, ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷണം, വെള്ളം, ഊർജ സുരക്ഷ തുടങ്ങിയ ആഗോള വെല്ലുവിളികളെ നേരിടാനുള്ള പ്രധാന ഉപകരണങ്ങളാണ് ശാസ്ത്രവും സാങ്കേതികവിദ്യയും ഇന്നോവേഷനും എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് അത്യാധുനിക ഗവേഷണത്തെ പിന്തുണയ്ക്കുന്നു; ശാസ്ത്രവും സാങ്കേതികവിദ്യയും അടിസ്ഥാനമാക്കിയുള്ള നവീകരണവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്ന പൊതു-സ്വകാര്യ പങ്കാളിത്തം കെട്ടിപ്പടുക്കുകയും ചെയ്യുന്നു. ശാസ്ത്രീയ തൊഴിൽ രംഗത്തെ ലിംഗസമത്വത്തിന്റെ പ്രാധാന്യം ഞങ്ങൾ തിരിച്ചറിയുകയും ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിങ്, ഗണിതശാസ്ത്രം എന്നീ വിദ്യാഭാസ മേഖലകളിൽ കൂടുതൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനായി നിരവധി പരസ്പര കൈമാറ്റ (എക്‌സ്‌ചേഞ്ച്) പ്രോഗ്രാമുകൾ നടത്തുകയും ചെയ്യുന്നുണ്ട്. ഉദാഹരണത്തിന്, ഇൻഡോ-യു.എസ്. സയൻസ് ആൻഡ് ടെക്നോളജി ഫോറം (ഐ.യു.എസ്.എസ്.ടി.എഫ്.), യു.എസ്.-ഇന്ത്യ സയൻസ് ആൻഡ് ടെക്നോളജി എൻഡോവ്മെന്റ് ഫണ്ട് എന്നീ രണ്ട് ഉഭയകക്ഷി കരാറുകൾ വഴി യു.എസ്.-ഇന്ത്യ സംയുക്ത സംരംഭങ്ങളിലൂടെ നൂറുകണക്കിന് പഠനയാത്രകൾ നടത്താനും സാങ്കേതിക വാണിജ്യവൽക്കരണത്തെ പിന്തുണയ്ക്കാനുമായി ഏകദേശം 3 മില്യൺ ഡോളർ നൽകിയിട്ടുണ്ട്.''
ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത നാസ ജ്യോതിർശാസ്ത്രജ്ഞ ഡോ. മധുലിക ഗുഹാതകുർത്ത ജനുവരി 15-ന് കേരള മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം യു.എസ്. പവലിയൻ ഉദ്ഘാടനം ചെയ്തു. ഡോ. ഗുഹാതകുർത്ത തന്റെ മുഖ്യ പ്രഭാഷണത്തിൽ പരിസ്ഥിതി, വിദ്യാഭ്യാസം, ശാസ്ത്രസാങ്കേതിക വിദ്യ, കൃഷി, ബഹിരാകാശം, സമുദ്രം എന്നീ മേഖലകളിലെ യു.എസ്.-ഇന്ത്യ ശാസ്ത്ര സഹകരണം എടുത്തുപറഞ്ഞു
വിദ്യാർത്ഥികൾക്കും വിദഗ്ദ്ധർക്കും ഗവേഷകർക്കും അദ്ധ്യാപകർക്കും ലഭ്യമായ വിഭവങ്ങൾ അവതരിപ്പിക്കുന്നതിനോടൊപ്പം, ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിങ്, കല, ഗണിതശാസ്ത്രം എന്നീ മേഖലകളിലെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും അമേരിക്കയും ഇന്ത്യയുമായുള്ള പങ്കാളിത്തത്തിൽ നടക്കുന്ന പരസ്പര കൈമാറ്റ അവസരങ്ങളും യു.എസ്. പവലിയൻ എടുത്തുകാണിക്കുന്നു. ജനുവരി 15-ന് ആരംഭിച്ച മേള ഫെബ്രുവരി 15-ന് സമാപിക്കും.